- Home
- /
- Feature
- /
- AUTOMOBILE
പത്തിലേറെ അറബിരാഷ്ട്രങ്ങൾ നാലുപാടുനിന്നും ആക്രമിച്ചിട്ടും ആറു ദിവസം കൊണ്ട് എല്ലാവരെയും ചുരുട്ടിക്കെട്ടിയ കുഞ്ഞൻ രാഷ്ട്രം; മിസൈൽ പ്രതിരോധ കവചം അടക്കം സ്ഥാപിച്ച് രാജ്യത്തിന് ഒരുക്കിയത് സമ്പൂർണ്ണ സുരക്ഷ; ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് വളർന്ന് ലോകത്തിന്റെ നെറുകയിൽ; യഹൂദ ജിഹാദിൽ നിന്ന് പിന്മാറി സൗഹൃദം സ്ഥാപിച്ച് ഇസ്ലാമിക രാജ്യങ്ങളും; ഇടതുചിന്തകരും ഇസ്ലാമിസ്റ്റുകളും പ്രചരിപ്പിച്ചതെല്ലാം നുണക്കഥകൾ; ചോരയിലൂടെ പിറന്നു വീണ ഇസ്രയേലിന്റെ അതിജീവന കഥ
- Share
- Tweet
- Telegram
- LinkedIniiiii
ചോരയിലൂടെ പിറന്നു വീണ ഒരു കൊച്ചു രാഷ്ട്രം. പിച്ചവെക്കാൻ തുടങ്ങുന്നതിന് മുമ്പേതന്നെ, ശക്തരായ അയൽക്കാർ നാലുപാടുനിന്നും ആക്രമിച്ച് തീർക്കാനായി ജിഹാദ് ആഹ്വാനവുമായി വന്നപ്പോൾ, തളരാതെ പൊരുതി ജയിച്ചവർ. വമ്പൻ രാഷ്ട്രങ്ങളോടും തീവ്രാവാദികളോടും ഏറ്റുമുട്ടി, ഒരു റോക്കറ്റ്പോലും വീഴാതെ സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്ന ജനത. തരിശുഭൂമിയിൽ ആത്യാധുനിക ടെക്ക്നോളജി വഴി അവർ പൊന്നു വിളയിച്ചു. ഐടി, റോബോർടിക്സ് തൊട്ട് ആണാവായുധങ്ങളിലും ചാര ശൃംഖലയിൽപോലും ഒന്നാമന്മാരായി. അനിത സാധാരണമായ അതിജീവനമായിരുന്നു, ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ആ ജനതയുടെത്. പക്ഷേ വെറും ഇരുപതിനയിരം സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഈ കൊച്ചു രാഷ്ട്രത്തിന്റെ പേര് കേൾക്കുന്നതുപോലും കേരളത്തിൽ സാത്താന് സമാനമാണ്. ഇസ്രയേൽ!
ഇസ്രയേൽ, അമേരിക്ക, സ്വാമ്രാജ്വത്വം എന്നിവയൊക്കെ എക്കാലവും മലയാളിയുടെ പ്രിയപ്പെട്ട വില്ലന്മാർ. കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇസ്രയേൽ മോശക്കാർ തന്നെയാണ്. അഞ്ചുവർഷംമുമ്പ് ബിബിസി നടത്തിയ സർവേയിൽ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് ഈ കൊച്ചു രാജ്യത്തിന് കിട്ടിയത്. റാൻഡമായി എടുക്കുന്ന ഇത്തരം സർവേകളിൽ അങ്ങനെ വരുന്നതിൽ അത്ഭുതം ഏറെയൊന്നുമില്ല. കാരണം ഇസ്രയേൽ എന്ന യഹൂദ രാഷ്ട്രത്തിനോടുള്ള വെറുപ്പിന്റെ അടിസ്ഥാനകാരണം മതം തന്നെയാണ്. ലോകത്തെ 22 അറബ് രാഷ്ട്രങ്ങളും ഇസ്ലാമിന് സ്വാധീനം പ്രകടമായ മറ്റ് അമ്പത് രാഷ്ട്രങ്ങളിലും ഈയടുത്ത കാലംവരെ ശരിക്കും പിശാച് തന്നെയായിരുന്നു, യഹൂദന്മാർക്ക് ഭൂരിപക്ഷമുള്ള വെറും 90ലക്ഷം മാത്രം ജനസംഖ്യയുള്ള, കേരളത്തിന്റെ പകുതിപോലും ഇല്ലാത്ത ഈ കൊച്ചു രാഷ്ട്രം.
എന്നാൽ അടുത്തകാലത്തായി ഈ ബന്ധങ്ങളിൽ കാര്യമായ മാറ്റം വരികയാണ്. 1947ൽ പിറന്നുവീണ അന്നുതൊട്ടുതന്നെ ഇസ്രയേലിനെ തകർക്കുമെന്നും, യഹൂദരുമായുള്ള ജിഹാദ് മരണംവരെ തുടരുമെന്നും പറഞ്ഞ പല അറബ് രാഷ്ട്രങ്ങളും, രഹസ്യമായി ഇസ്രയേലുമായി ഇപ്പോൾ നല്ല ബന്ധം പുലർത്തുകയാണ്. ഇസ്രയേലന്റെ സാങ്കേതിക സഹായം പല രീതിയിലും അവർ തേടുന്നുണ്ട്. ഇപ്പോൾ ആകട്ടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഒരു അറബ് രാജ്യം കൂടി ഇസ്രയേലിനോട് അടുപ്പത്തിലാകുന്നു. യുഎഇയും ഇസ്രയേലും പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത് ചരിത്രപ്രസിദ്ധമാണെന്ന് ലോക മാധ്യമങ്ങൾ വാഴ്‌ത്തുന്നു. 1977 സെപ്റ്റമ്പർ 17 ക്യാമ്പ് ഡേവിഡ് ഉടമ്പടിയിലുടെ ഈജിപതും ഇസ്രയേലും സമാധന പാതയിലേക്ക് വന്നതിനും, 93ലെ ഓസ്ലോ സമാധാനക്കരാറിനും ശേഷം കണ്ട ഏറ്റവും വലിയ സമാധാന ശ്രമം ആയിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്യാമ്പ് ഡേവിഡ് ഉടമ്പടി അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർറിന്റെ ഓസ്ലോ സമാധാനക്കരാർ ബിൽ ക്ലിന്റന്റെയും തൊപ്പിയിലെ പൊൻ തൂവൽ ആവുകയായിരുന്നെങ്കിൽ ഇവിടെ, നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിനാണ് ഉടമ്പടിയുടെ ക്രഡിറ്റ് പോകുന്നത്.
അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഈജിപ്റ്റിനും ജോർദ്ദാനും മാത്രമേ ഇസ്രയേലുമായി സജീവ ബന്ധമുള്ളു. നോർത്ത് വെസ്റ്റ് ആഫ്രിക്കയിലെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ആയ മൗറിത്താനിയ 1999 ൽ ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും, ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തെ യുദ്ധത്തെ ചൊല്ലി 2009 ൽ ബന്ധം മുറിച്ചു. പക്ഷേ ഇപ്പോൾ യുഎഇ ഇസ്രയേലുമായി ധാരണയിലെത്തിയതോടെ കൂടതൽ അറബ് രാഷ്ട്രങ്ങൾ രംഗത്തുവരുമെന്നാണ് കരുതുന്നത്.
എക്കാലവും ഇസ്രയേലുമായി ശണ്ഠകൂടിയിട്ട് യാതൊരു കാര്യവുമില്ലെന്നും നടത്തിയ യുദ്ധങ്ങളിലൊക്കെ ജയിച്ചത് ഈ കൊച്ചു രാഷ്ട്രം ആണെന്നതും ഉള്ള തിരിച്ചിറവ് മാത്രമല്ല, ഇസ്രയേലനെ കുറിച്ച് പ്രചരിപ്പിച്ചതെല്ലാം കളവാണെന്നും പുതിയ തലമുറ വിശ്വസിക്കുന്നതിന്റെ പ്രതിഫലമാണ് ഈ കരാർ എന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ ഇസ്രയേൽ ഒരു സാത്താനോ കൊടുംവില്ലനോ അല്ല എന്ന ധാരണയിലാണ് അറബ് രാഷ്ട്രങ്ങൾ പോലും എത്തുന്നത്്. പക്ഷേ നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്താണ് സംഭവിക്കുന്നത്. ഇവിടെ ഇപ്പോഴും ഇടതുചിന്തകരും ഇസ്ലാമിസ്റ്റുകളും ഇസ്രയേലിനെ കുറിച്ച് നട്ടാൽ മുളക്കാത്ത നുണകളും ഭീതിയും വളച്ചൊടിച്ച ചരിത്രവും പ്രചരിപ്പിച്ച്, വൈകാരികമായി ആളെ കൂട്ടി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു.
പ്രചരിപ്പിച്ചതെല്ലാം കെട്ടുകഥകൾ
സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ഡോ സാം ഹാരീസ് പറയുന്നത് ലോക വ്യാപകമായി തന്നെ ഇസ്ലാമിസ്റ്റുകൾക്ക് ഇസ്രയേലിനെ കുറിച്ച് നിരന്തരം പ്രാപ്പഗൻഡകൾ പ്രചരിപ്പിക്കാൻ കഴിഞ്ഞുവെന്നാണ. ലോകത്ത് എന്ത് സംഭവം ഉണ്ടായാലും അതിനുപിന്നിൽ യഹൂദലോബിയാണെന്നാണ് അവർ ഇപ്പോഴും പറയുന്നത്്. 'ജ്യൂസ് കണ്ടെത്തിയത് യഹൂദന്മാരാണെന്നും അത് കൂടിക്കരുതെന്നും' ഒരു മതപണ്ഡിതൻ പ്രസംഗിക്കുന്ന വീഡിയോ, ഇപ്പോൾ കേരളത്തിലും വൈറലാണ്. ഇതിന് സമാനമായി വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് ഇന്ത്യയുടെ പാർലമെന്റ് ആക്രമണംവരെ എന്തും യഹൂദരുടെ പിരിടിക്കിട്ട് രക്ഷപ്പെടുന്ന പ്രവണത ലോക വ്യാപകമാണ്.
എന്നാൽ ഈ വാദങ്ങൾക്ക് ഒന്നിനും കഴമ്പില്ലെന്ന് ഒരോന്ന് ഒരോന്നായി എടുത്ത് പരിശോധിക്കുമ്പോൾ കാണാം. ഒന്നാമതായി ഇസ്രയേൽ കേരളത്തിലടക്കം പ്രചരിക്കുന്നപോലെ ഒരു അധിനിവേശ രാജ്യമല്ല. ബ്രിട്ടീഷുകാർ ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിച്ചതുപോലെ ചരിത്രപരമായ കാരണങ്ങളാൽ വന്ന ഒരു പിറവിയാണ് അത്. ദീർഘകാലം ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കൈയിലായിരുന്നു ഈ പ്രദേശം അവസാനം ബ്രിട്ടീഷ് അധീനതയിൽ ആയിരുന്നു. യഹുദരും ക്രിസത്യാനികളും മുസ്ലീങ്ങളും ഒരു പോലെ പുണ്യസ്ഥലമാണ് ജറുസലേം ഉൾപ്പെടുന്ന പ്രദേശം. മിഡിൽ ഈസ്റ്റിൽ താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശവും ആയിരുന്നു ഇത്. ജുഡായിയ, സമരിയ എന്നിവടങ്ങൾ ഒക്കെ നേരത്തെ തന്നെ യഹൂദ സെറ്റിൽ മെന്റ് കേന്ദ്രങ്ങൾ ആയിരുന്നു.ലോകമെമ്പാടുനിന്നുമായി തങ്ങൾ നേരിട്ട പീഡനത്തിന്റെ ഭാഗമായി ഒരു മാതൃരാജ്യം തങ്ങൾക്ക് വേണമെന്ന ആഗ്രഹത്തെ തുടർന്ന് യഹുദർ ഇവിടെ നേരത്തെ തന്നെ വൻ തോതിൽ ഭൂമി വിലക്കുവാങ്ങിയിട്ടും ഉണ്ടായിരുന്നു. അതായത് യഹൂദരും അറബ് വംശജരും പ്രാദേശിക ഗോത്രങ്ങളും തന്നെയായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഹിറ്റ്ലർ നടത്തിയ യഹൂദ കൂട്ടക്കൊലയുടെ വാർത്തകൾ പുറത്തുവന്നതോടെ ലോകം നടുങ്ങി. ഇതോടെയാണ് യഹൂദർക്ക് സ്വന്തമായി ഒരു രാജ്യം എന്ന തീരുമാനത്തിലേക്ക് ഐക്യരാഷട്ര സഭയും എത്തുന്നത്. 13-33 പാസായ യുഎൻ പ്രമേയത്തിലൂടെയാണ് ഇസ്രയേൽ എന്നും ഫലസ്തീൻ എന്നും രണ്ട് രാജ്യങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ ഇസ്രായാൽ ഒരു ഇഞ്ച് ഭൂമിയിലും അധിനിവേശം നടത്തിയിട്ടില്ല. യഹൂദരും മുസ്ലീങ്ങളും ഒന്നിച്ച് ഒരു രാജ്യമായി നിൽക്കട്ടെ എന്ന അഭിപ്രായം ആർക്കും സ്വീകര്യമായിരുന്നില്ല. ഇതേതുടർന്നതാണ് ആ ഭൂമികയുടെ 54 ശതമാനം ഇസ്രയേലിനും 46 ശതമാനം ഫലസ്തീനും കിട്ടുന്ന രീതിയിൽ രണ്ട് രാജ്യങ്ങൾ ഉണ്ടാക്കിയത്. പിന്നീട് അകാരണമായും ഏകപക്ഷീയമായും ഇസ്രയേലിനോട് യുദ്ധം ചെയ്യാൻ വന്നതുകൊണ്ടാണ് ഫലസ്തീനും മറ്റ് അറബ് രാഷ്ട്രങ്ങൾക്കും ഭൂമി നഷ്ടമായത്.
ഫലസ്തീൻ എന്ന രാജ്യം ഉണ്ടായിരുന്നില്ല എന്നതുപോലെ തന്നെ ഫലസ്തീൻ ദേശീയതയും നിലനിന്നിരുന്നില്ല. അറബ് എന്ന ഒറ്റ വിഭാഗത്തിലായിരുന്നു അവർ. ആദ്യകാലത്തെ പിഎൽഒയുടെ മാപ്പിൽപോലും ഗസ്സയും വെസ്റ്റ് ബാങ്കും ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ രുപം കൊണ്ടപ്പോൾ ബംഗ്ലാദേശ് ഉണ്ടായപോലെയാണ് മെയിൽ ലാനഡിൽ നിന്ന് വേറിട്ട് ഗസ്സയും വെസ്റ്റ് ബാങ്കും നിലകൊള്ള്ളുന്നു. 67ലെ യുദ്ധത്തിന് ശേഷം ഇസ്രയേൽ സിറിയയിൽനിന്നും ജോർദാനിൽനിന്നും പിടിച്ചെടുത്ത സ്ഥലങ്ങൾ ആണ് ഇവ. ഇസ്രയേൽ പിടിച്ചെടുത്തതുകൊണ്ടുമാത്രം ഇപ്പോൾ അവ ഫലസ്തീൻ അവകാശപ്പെടുന്നു.
സമാധാനത്തിനുവേണ്ടിയുള്ള സ്ഥലം അഥവാ ലാൻഡ് ഫോർ പീസ് എന്നാണ് ഇസ്രയേൽ ഈ പ്രദേശങ്ങളെ വിശേഷിപ്പിച്ചത്. തങ്ങളുമായി സന്ധി ചെയ്യുന്നവർക്ക് അവർ ഭൂമി വിട്ടുകൊടുക്കും. ജോർദാനും ഈജിപ്തിനും അവർ അങ്ങനെ വിട്ടുകൊടുത്തിട്ടുണ്ട്. അതായത് രക്തം ചിന്തി തങ്ങൾ യുദ്ധത്തിലൂടെ നേടിയ ഭുമി പോലും സമാധനത്തിനായി വിട്ടുകൊടുത്ത ചരിത്രമാണ് ഇസ്രയേലിന് ഉള്ളത്. പക്ഷേ പ്രചരിക്കുന്ന കാര്യങ്ങൾ ആവട്ടെ നേർ വിപരീതവും.
'വൈ ഡോൺഡ് ഐ ക്രിട്ടിസൈസ് ഇസ്രയേൽ'
'വൈ ഡോൺഡ് ഐ ക്രിട്ടിസൈസ് ഇസ്രയേൽ' എന്ന പ്രശസ്തമായ ലേഖനത്തിൽ ഡോ സാം ഹാരീസ് കൂട്ടിച്ചേർക്കുന്നത് ഇത്തരം കാര്യങ്ങളാണ്. 'തീർത്തും മതപരമായ വിദ്വേഷത്തിൽ ചാലിച്ചതാണ് ഫലസ്തീൻ വിമോചന പ്രസ്ഥാനം എന്ന് അറിയപ്പെടുന്ന ഹമാസ് അടക്കമുള്ള സംഘടകകളുടെ പ്രവർത്തനം. ഒരു അവസരം തന്നാൽ ഞങ്ങൾ മുഴുവൻ യഹൂദരെയും ഉന്മൂലനം ചെയ്യും എന്നാണ്് പറയുന്നത്. ഖുർആനിൽ യഹൂദർക്കെതിരെ ആവർത്തിച്ച് പറയുന്ന വിദ്വേഷ വാചകങ്ങളുടെ ചുവടുപിടിച്ചുതന്നെയാണ് ഇത്. 'ഏതൊക്കെ കല്ലുകൾക്കിടയിൽ യഹൂദൻ ഒളിച്ചിരുക്കുന്നോ അവനെ പിടിച്ച് കൊല്ലുന്ന കാലം വരും' ഗ്രനഥങ്ങൾ പറയുന്നുണ്ട്. അതുപോലെതന്നെ യുദ്ധത്തിന്റെ രീതി എന്നാൽ ശത്രുവിനെതിരെയുള്ള പോരാട്ടമാണ്. എന്നാൽ ഹമാസ് ചെയ്യുന്നത് സ്ത്രീകളെയും കുട്ടികളെയും അടക്കം മനുഷ്യകവചങ്ങൾ ആയി ഉപയോഗിക്കുന്ന എന്നതാണ്. എന്നിട്ട് അതിന്റെ പേരിൽ ലോക മനസാക്ഷി ഉണർത്താനാണ് അവർ ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം 12,000 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഉയർന്നത്. ബില്യൻ കണക്കിന് ഡോളറുകൾ ചെലവിട്ടാണ് ഇസ്രയേൽ രാജ്യത്ത് മിസൈൽ പ്രതിരോധ കവചം ഉണ്ടാക്കിയത്. 80കളിലും 90 കളിലും ഇസ്രയേലിന്റെ പല ഭാഗങ്ങളും പൂത്തിരിപോലെ പൊട്ടിത്തെറിക്കയായിരുന്നെന്ന് ഓർക്കണം. അതിൽനിന്ന് ഈ മിസൈൽ പ്രതിരോധ കവചമാണ് ആ രാജ്യത്തെ രക്ഷിച്ചത്. പക്ഷേ ഒരു പ്രതിരോധ കവചവും നൂറുശതമാനവും വർക്ക് ചെയ്യില്ല. അതുകൊണ്ടുതന്നെ കടുത്ത അരക്ഷിതാവസ്ഥയിലാണ് ഇസ്രയേൽ കടന്നുപോകുന്നത്. അവർ പലപ്പോഴും ശക്തമായും ക്രൂരമായും തിരിച്ചടിക്കുന്നത് അതുകൊണ്ടുതന്നെയാണ്.'- ഡോ സം ഹാരീസ് ചൂണ്ടിക്കാട്ടുന്നു.
ചാവേറുകളെ സൃഷ്ടിക്കുകയെന്ന ഹമാസിന്റെ മനോഭാവും മരിച്ചാൽ സ്വർഗം കിട്ടുമെന്ന മത ചിന്തയുടെ ഉപോൽപ്പന്നം തന്നെയാന്നെ് ഡോ സാം ഹാരീസ് നിരീക്ഷിക്കുന്നു. 'മനുഷ്യന് അവന്റെ ജീവനോടുള്ള കരുതലാണ് പലപ്പോഴും പ്രശ്നങ്ങളെ നിയന്ത്രിക്കുന്നത്. അത് ഇല്ലാതായാൽ ഒരാൾ എത്ര വലിയ ഭീകരനാവുമെന്ന് പറയാൻ കഴിയില്ല'. - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇനി ഇത്തരം സമരം കൊണ്ടും അക്രമങ്ങൾകൊണ്ടും ഫലസ്തീൻ അനുകൂലികൾ എന്ത് നേടി എന്ന് ചോദിച്ചാൽ ഒന്നും പറയാൻ കഴിയില്ല. 1748ലെ യുഎൻ പ്രമേയത്തെ തുടർന്ന് രണ്ടു രാജ്യങ്ങളെയും അംഗീകരിക്കയാണെങ്കിൽ 54 ശതമാനം ഭുമി ഇസ്രയേലിനും 46 ശതമാനം ഭൂമി ഫലസ്തീനും കിട്ടുമായിരുന്നു. ഒരു കാര്യവുമില്ലായെ യുദ്ധത്തിന് പോയതു വഴി ഇപ്പോൾ ഫലസ്തീന്റെ 85 ശതമാനം പ്രദേശവും ഇസ്രയേലിന്റെ വരുതിയിൽ ആയി. പിന്നെ എന്തിനായിരുന്നു ഈ ബഹളങ്ങൾ ഒക്കെ. യുദ്ധംകൊണ്ട് യാതൊരു കാര്യവുമില്ല എന്ന തിരിച്ചറിവ് തന്നെയായിരക്കണം യുഎഇ പോലുള്ള രാജ്യങ്ങളെ ഇപ്പോൾ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും.
മാത്രമല്ല ഇസ്രയേൽ ഒരു മതാധിഷ്ഠിത രാജ്യമല്ല. മതേതര രാജ്യമാണ്. 18 ശതമാനം വരുന്ന അറബ് വംശജർ ഇവിടെ ജീവിക്കുന്നുണ്ട്. ലോകത്തിലെ പല ഇസ്ലമിക രാജ്യങ്ങൾപോലും ഫലസ്തീൻകാർക്ക് പൗരത്വം നൽകിയിട്ടില്ല. പക്ഷേ ഇസ്രയേൽ അറബ് മുസ്ലീങ്ങളോട് നിയമപരമായി ഒരു വിവേചനവും കാട്ടിയിട്ടില്ല. പക്ഷേ തങ്ങളെ രണ്ടാം തരം പൗരന്മാരായി പരിഗണിക്കുന്നുവെന്ന പരാതി മുസ്ലീങ്ങൾ പലപ്പോഴും ഉയർത്താറുള്ളതാണ്. ഇസ്രയേലിനെ വർധിക്കുന്ന മുസ്ലിം ജനസംഖ്യ ഒരു ബോംബാണെന്ന് ബഞ്ചമിൻ നെതന്യാഹുവിനെപ്പോലുള്ള രാഷ്ട്രീയക്കാർ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. 2025 ആവുമ്പോഴേക്കും ഇസ്രയേലിലെ അറബ് ജനസംഖ്യം 25 ശതമാനം ആവുമെന്നും ഇത് ഡെമോഗ്രാഫിക്ക് ബോംബ് ആവുമെന്നും ഇസ്രയേലിലെ തീവ്ര വലതുപക്ഷം വിലയിരുത്തുന്നു. പക്ഷേ സ്റ്റേറ്റ് എന്ന രീതിയിൽ അറബ് വംശജർക്ക് ഇസ്രയേൽ യാതൊരു വിവേചനവും ഏർപ്പെടുത്തിയിട്ടില്ല. ജോർദാനിൽ ഉള്ള മൂന്ന് ദശലക്ഷത്തോളം ഫലസ്തീനികൾക്ക് അവർ ഇപ്പോഴും പൗരത്വം കൊടുത്തിട്ടില്ല.
യഹൂദർ: എക്കാലവും പീഡിപ്പിക്കപ്പെട്ട ജനത
'അബ്രഹാമിന്റെ മകൻ ഇസഹാക്കും, ഇസഹാക്കിന്റെ മകൻ യാക്കോബും, യാക്കോബിന്റെ 12 മക്കളും... അങ്ങനെ ആ തലമുറ വലിയ ജനതയായി മാറി. ഒരു വാഗ്ദത്ത'ഭൂമി അവർക്കായി ദൈവം ഒരുക്കി. കാനാൻ ദേശം എന്നറിയപ്പെട്ട ആ ദേശത്തേക്കു തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ ദൈവം ഈജിപ്തിലെ അടിമത്വത്തിൽ നിന്നു മോചിപ്പിച്ചു കൊണ്ടുവന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആ ജനത ഇസ്രയേലിയർ എന്നറിയപ്പെടുന്നു. അവർക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമി ഇസ്രയേൽ എന്നും അറിയപ്പെടുന്നു.' ബൈബിളിൽ ഇസ്രയേലിനെ കുറിച്ചുള്ള, ഇസ്രയേല്യരെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണിത്. പക്ഷേ വേദപുസ്തകങ്ങളിലെ തേനും പാലും ഒഴുകുന്ന ജീവിതം ഒന്നുമായിരുന്നില്ല യഹൂദർക്ക് കിട്ടിയത്. രക്തം ഒഴുക്കിയാണ് അവർ ഒരോ നിമിഷവും അതിജീവിച്ചത്.
ലോകത്തിലെ ഏറ്റവും പ്രതിഭാശാലകൾ ഉണ്ടായിട്ടുള്ള സമൂഹമാണ് യഹൂദർ. നോബൽ സമ്മാനിതരുടെ ലിസ്റ്റ് എടുത്തുനോക്കക. പക്ഷേ ലോകത്തിൽ എറ്റവും പീഡിപ്പിക്കപ്പെട്ട ജനത ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം യഹൂദർ എന്നുതന്നെ ആയിരിക്കും.
എഡി ഒന്നാം നൂറ്റണ്ടിൽ റോമക്കാരിൽനിന്നാണ് യഹൂദർ ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചത്. അന്ന് ക്രിസ്റ്റിയാനിറ്റി ഉണ്ടായിരുന്നില്ല. പിന്നീട് മധ്യകാലഘട്ട യൂറോപ്പിലെ ആന്റി സെമറ്റിസിസത്തിനു കാരണം മതസ്പർദ്ധ ഒന്നു മാത്രമായിരുന്നൂ. യഹൂദ ജനത ഒന്നടങ്കം യേശുവിന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദികളാണെന്നും അതിനാൽത്തന്നെ അവർ വെറുക്കപ്പെടേണ്ടവരാണെന്നും ക്രിസ്ത്യാനികളിൽ പലരും വിശ്വസിച്ചു പോന്നു. ( 'ലോക പ്രശ്സത പരിണാമ ശാസ്ത്രജ്ഞൻ റിച്ചാർഡ് ഡോക്കിൻസ് ചൂണ്ടിക്കാട്ടിയ പോലെ ഒരു കഥയിൽ വിശ്വസിക്കുന്നവർ മറ്റൊരു കഥയിൽ വിശ്വസിക്കുന്നവരെ കൂട്ടക്കൊല ചെയ്യുന്ന അവസ്ഥ.)
1900 വർഷങ്ങളുടെ ക്രിസ്തുമത- യഹൂദ ചരിത്രത്തിൽ ദൈവഹത്യ ആരോപണം യൂറോപ്പിലെമ്പാടും ലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലകൾക്കും, നിർബന്ധിത മതപരിവർത്തനതിനും നാടുകടത്തലുകൾക്കും വരെ കാരണമായി. ലോകത്ത് എന്തു നടന്നാലും അത് യഹൂദരുടെ പേരുടെ പേരിൽ ആരോപിക്കപ്പെട്ടു. മോഷണം നടന്നാൽ പോലും യഹൂദരെ കെട്ടിയിട്ട് തല്ലുക അക്കാലത്തൊക്കെ പതിവായിരുന്നു. റൈൻ ദാന്യുബ് നദീതടമേഖലയിൽ വസിച്ചിരുന്ന യഹൂദസമൂഹത്തെ ഉന്മൂലനം ചെയ്ത സംഭവം റൈൻ ലാൻഡ് കൂട്ടക്കൊല എന്നറിയപ്പെടുന്നു. കുരിശുയുദ്ധകാലത്തു ജെർമനി , ഫ്രാൻസ്, ആസ്ത്രിയ എന്നിവടങ്ങളിൽ നിന്നെല്ലാം യഹൂദരെ തുരത്തിയോടിച്ചു. 1290 ൽ ഇംഗ്ലിഷുകാർ യഹൂദരെ നിരോധിക്കുകയുണ്ടായി. നാടുകടത്തപെട്ട യഹൂദരിൽ പലരും പോളണ്ടിലേക്ക് പലായനം ചെയ്തു. വിശുദ്ധ റോമാസാമ്രാജ്യത്തിൽ മറ്റുള്ളവരിൽ നിന്നകലെ പ്രത്യേക ഘെറ്റോകളിൽ (ചേരി) വസിക്കേണ്ടി വന്നത് മാത്രമല്ല, നിര്ബന്ധമായും ക്രിസ്തിയൻ പള്ളികളിലെ പ്രഭാഷണങ്ങൾ കേൾക്കുകയും, മതപരിവർത്തനത്തിന് തയ്യാറാകാത്തവർ കടുത്ത പീഡനമുറകൾക്ക് വിധേയരാക്കപെട്ടു. പല സന്ദർഭങ്ങളിലും യഹൂദർ അധികനികുതികൾ നൽകേണ്ടി വന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തോളം ഇവരുടെ ദുരവസ്ഥ നീണ്ടു നിന്നു.
യൂറോപ്പിലെമ്പാടുമുള്ള യഹൂദർക്ക് നെപ്പോളിയന്റെ കാലഘട്ടം ഒരാശ്വാസമായിരുന്നു. 1815 ൽ നെപോളിയന്റെ പതനത്തോട്കൂടെ ഉദിച്ചുയർന്ന ദേശീയവാദം കൂടുതൽ അടിച്ചമർത്തലുകൾക്ക് വഴി തെളിച്ചു. റൈൻ ലാൻഡ് നെപോളിയന്റെ നിയന്ത്രണത്തിൽ നിന്നും തിരിച്ചു പ്രഷിയ ആയതോടെ യഹൂദരുടെ കഷ്ടകാലം വീണ്ടും ആരംഭിച്ചു. 1819 ലെ ഹെപ് ഹെപ് ലഹളകളിൽ ഒരുപാടു യഹൂദർ കൊല്ലപെടുകയും അവരുടെ വസ്തു വകകൾ കണ്ടുകെട്ടുകയുമുണ്ടായി. ഫ്രാങ്ക്ഫർട്ട് നഗരത്തിൽ വെറും 12 യഹൂദർക്കുമാത്രമെ വിവാഹിതരാകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. മിക്ക തൊഴിലുകളും പ്രത്യേക അനുവാദപത്രം കൈവശമില്ലാതെ ചെയുന്നതിന് യഹൂദർക്ക് വിലക്കേർപ്പെടുത്തി. കടുത്ത നികുതി ഭാരവും കിരാത നിയമങ്ങളും കൊണ്ട് യഹൂദരുടെ ജീവിതം ദുസ്സഹമായി. ഇതിൽനിന്നെല്ലാം രക്ഷ തേടി യഹൂദർ അമേരിക്കയിലേക്ക് കുടിയേറ്റം ആരംഭിച്ചു. 1878 ൽ ഹാംബുർഗിലെ അനാർകിസ്റ്റ് വിൽഹെം 'ആന്റി സെമെടിസിസം' എന്നാ പദം പ്രയോഗത്തിൽ വരുത്തി. യഹൂദർ സെമടിക് വർഗത്തിൽ പെട്ടവരാണെന്നും അവർക്കൊരിക്കലും ജർമ്മൻ സമൂഹവുമായി അലിഞ്ഞു ചേർന്ന് പോകാൻ സാധിക്കുകയുമില്ലെന്നും വോൾകിഷ് പ്രസ്ഥാനം കരുതി. എന്നിരുന്നാലും 1900 ആയപ്പോളെക്കും ജർമ്മനിയുടെ പല ഭാഗങ്ങളിലും യഹൂദർക്കു തുല്ല്യ അവകാശം ലഭിച്ചു യഹൂദ ജർമ്മൻ സാംസ്‌കാരിക മിശ്രണം ഒരു യാഥാർത്യമാകുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ചാൻസെലർ ഗുസ്താവ് സ്ട്രെസ്സെമൻ ഒരു യഹൂദ വനിതയെയാണ് വിവാഹം കഴിച്ചത്. 1871ൽ 512,000 ആയിരുന്ന യഹൂദ ജനസംഖ്യ 1910ൽ 79,000 റഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാരടക്കം 615,000 ആയി ഉയർന്നെങ്കിലും ഇത് മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം പോലും ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ടുള്ള കുറച്ചു വർഷങ്ങൾ രാഷ്ട്രത്തിന്റെ എല്ലാ തുറകളിലും യഹൂദ സാന്നിധ്യം കാണാം.
60ലക്ഷം യഹൂദരെ കൊന്നൊടുക്കിയ ഹിറ്റലർ
നാസികൾ 1929 മുതൽ യഹൂദ പീഡനം സജീവ നയമായി കൈക്കൊണ്ടെങ്കിലും കാര്യമായി നടപ്പിലാക്കിയിരുന്നില്ല. പക്ഷെ പതുക്കെ യഹൂദ ഡോക്ടർമാർ , വാണിജ്യസ്ഥാപനങ്ങൾ, വക്കീലുമാർ തുടങ്ങിയവ ജർമ്മൻകാർ ബഹിഷ്‌കരിച്ചു തുടങ്ങി. അന്തർദേശീയ യഹൂദ നേതാക്കൾ ജർമ്മൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതോടെ പ്രശ്നങ്ങൾ വഷളായി. തുടർന്ന് സർക്കാർ സർവീസിൽ യഹൂദരെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. പല ജർമ്മൻ പ്രൊഫസർമാറും നാസികളുടെ കൂടെ കൂടി. 1934 ൽ ഹിറ്റ്‌ലർ ഫ്യുറർ ആയി ജർമ്മനിയുടെ പരമാധികാരി ആയതോടെ യഹൂദരോടുള്ള വിദ്വേഷത്തിന്റെ ആക്കവും കൂടി. യഹൂദരെ എല്ലാവിധ മാന്യമായ തൊഴിലുകളിൽനിന്നും വിലക്കുകയും, അടിസ്ഥാനമനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുകകയും ചെയ്തു.
1937 ജൂൺ നാലാം തിയ്യതി നാസി ആസ്ഥാനം ബോംബിടാൻ ശ്രമിച്ചു എന്നാരോപിച്ച് രണ്ടു യുവാക്കളെ വധശിക്ഷക്ക് വിധേയരാക്കി. അത് സമാനതകൾ ഇല്ലാത്ത യഹൂദവേട്ടയുടെ തുടക്കം ആയിരുന്നു. നാസി ആന്റി സെമെടിക് സിദ്ധാന്തങ്ങൾ ശക്തിപ്രാപിക്കും തോറും അനേകം യഹൂദർ അമേരിക്കയിലേക്ക് രക്ഷപെട്ടോടി തുടങ്ങി. നാസികൾ 1933 ൽ ഫലസ്തീനിലെ സയണിസ്റ്റ് നേതാക്കളുമായി ഉണ്ടാക്കിയ ഹാവര ഉടമ്പടി പ്രകാരം രണ്ടരലക്ഷത്തോളം യഹൂദർ ഫലസ്തിനിലേക്ക് കുടിയേറി. പക്ഷെ ബ്രിട്ടീഷുകാര് ഈ യഹൂദ കുടിയേറ്റത്തിനു വിലക്കേർപ്പെടുത്തി . പശ്ചിമയൂറോപ്പിൽ അവശേഷിച്ച യഹൂദരിൽ ഭൂരിഭാഗവും നാസി ഹോളോകോസ്റ്റിൽ കൊല്ലപ്പെടുകയും ചെയ്തു.
ഏകദേശം 60 ലക്ഷം യഹൂദരാണ് ഗ്യാസ് ചേംബറുകളിലും കഴുമരങ്ങളിലും ഫയറിങ്ങ് സ്‌ക്വാഡിന്റെ ഇരകളായും പട്ടിണിക്കിട്ടും കൊല്ലപ്പെട്ടത്. ഇത് യൂറോപ്പിലെ യഹൂദ ജനസംഖ്യയുടെ മൂന്നിൽ രണ്ടുവരും. രണ്ടാം ലോക മഹായുദ്ധത്തിലെ സമാനതകൾ ഇല്ലാത്ത യഹൂദ വേട്ടയുടെ വാർത്തകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ ലോക തലകുനിക്കയായിരുന്നു. ഇങ്ങനെ ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതക്കുള്ള ഒരു നഷ്ടപരിഹാരം എന്ന നിലക്കാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അവരുടെ പുണ്യസ്ഥലമായ ജറുസലേം ഉൾപ്പെടുന്ന ഇസ്രയേൽ രാജ്യം 1947ൽ ഉണ്ടാകുന്നത്. പക്ഷേ അതിന് എത്രയോ മുമ്പുതന്നെ ഈ മേഖലയിൽ പണം വിലക്ക് കൊടുത്ത് വാങ്ങി താമസം ആക്കുന്ന രീതി യഹൂദർക്കിടയിൽ ഉണ്ടായിരുന്നു. ലോകം മൂഴവൻ അലഞ്ഞു നടക്കുകയും ആട്ടിപ്പായിപ്പിക്കയും ചെയ്യാതെ തങ്ങൾക്ക് സ്വസ്ഥമായി ഇരിക്കാൻ ഒരു രാജ്യം വേണമെന്നായിരുന്നു അവരുടെ ആവശ്യം.
1947 ൽ ഐക്യരാഷ്ട്രസഭ (ഞലീെഹൗശേീി 181) ഈ പ്രദേശം രണ്ടു രാജ്യങ്ങളായി വിഭജിക്കാൻ തീരുമാനിച്ചു . അങ്ങനെയാണ് 54 ശതമാനം സ്ഥലം ഇസ്രയേലിനും 44 ശതമാനം സ്ഥലം ഫലസ്തീനും കൊടുത്ത് 1947ൽ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം രണ്ടു രാഷ്ട്രങ്ങളും ഉണ്ടാകുന്നത്. 650,000 ത്തോളം വരുന്ന യഹൂദർ ഒരു ഭാഗത്തേക്കും വിടെ പാർത്തിരുന്ന അറബികളിൽ മറ്റൊരു ഭാഗത്തേക്കും പോകാനായിരുന്നു തീരുമാനം. യഹൂദർ ഈ വ്യവസ്ഥ അംഗീകരിച്ചു. പക്ഷെ ഈ നടപടികൾ തങ്ങളെ അവിടെ നിന്ന് നിഷ്‌കാസിതരാക്കാനുള്ള യഹൂദരുടെ ഗൂഢാലോചന ആയി കണ്ട ഫലസ്തിനിയൻ അറബികൾ ഈ വ്യവസ്ഥക്കെതിരെ പോരാടാൻ തീരുമാനിച്ചു.
ജിഹാദ് പ്രഖ്യപിച്ച് ഗ്രാൻഡ് മുഫ്ത്തി
യൂറോപ്പിൽ ഉണ്ടായ കെടുതികൾക്ക് ഞങ്ങൾ എന്തിനാണ് വില കൊടുക്കുന്നത് എന്നാണ് അറബ് ലോകം ഇക്കാലത്ത് ചോദിച്ചിരുന്നത്. പക്ഷേ ഇസ്ലാമിക സമൂഹവും യഹൂദന്മാരെ കൊലക്ക് കൊടുക്കുന്നതിൽ നന്നായി യത്നിച്ചിരുന്നു. ജർമ്മനി യഹൂദരെ കൂട്ടക്കൊല ചെയ്യുമ്പോഴും പ്രമുഖ ഇസ്ലാമിസ്റ്റുകൾ ഹിറ്റ്ലർക്ക് ഒപ്പമായിരുന്നു. ജറുസലേമിലെ ഗ്രാൻഡ് മുഫ്ത്തി അമ്നി അൽ ഹുസൈനി നേരിട്ട് ജർമ്മനിയിലെത്തി ഹിറ്റ്ലറെ സന്ദർശിച്ചിരുന്നു. ഇസ്രയേൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഈ സന്ദർശനം. നാസി ആർമിയുടെ പല വിഭാഗവും അദ്ദേഹം സന്ദർശിച്ചു. യഹൂദരെ കൂട്ടക്കൊല ചെയ്യുന്ന കോൺസെൻട്രഷൻ ക്യാമ്പും സന്ദർശിച്ച് ഹിറ്റ്ലർക്ക് പിന്തുണ നൽകി. കൂട്ടക്കൊലക്ക് വലിയ പ്രോൽസാഹനം നൽകി. 'അറേബ്യൻ യഹൂദന്മാർ നിങ്ങളുടേത്, അവരെ നിങ്ങൾക്ക് കൊല്ലാൻ വിട്ടിരിക്കുന്നു' എന്ന നിലപാടാണ് ഹിറ്റ്ലർ എടുത്തത്. ഫലസ്തീനിൽ ഒരു കോൺസ്ൻട്രേഷൻ ക്യാമ്പു നത്താൻ നാസികളുമായി ഗ്രാൻഡ് മുഫ്ത്തി ആഴത്തിൽ ചർച്ച നടത്തി. ആര്യമ്മാർ എന്തുചെയ്തോ അതുതന്നെയാണ് നമ്മളും ചെയ്യേണ്ടത് അദ്ദേഹം പ്രചരിപ്പിച്ചു.
ഇത്ര ശക്തമായ യഹൂദ വിരോധം ഗ്രാൻഡ് മുഫ്ത്തിക്ക് ഉണ്ടാക്കാൻ ഇടയാക്കിയത് മതവിദ്വേഷം തന്നെയാണ്. അതുകൊണ്ടുതന്നെ 48ൽ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം അനുസരിച്ച് ഇസ്രയോൽ ഉണ്ടായപ്പോൾ ജിഹാദ് പ്രഖ്യാപിക്കാണ് ജറുസലേം ഗ്രാൻഡ് മുഫ്ത്തി അമ്നി അൽ ഹുസൈനി ചെയ്ത്. എവിടെയൊക്കെ യഹൂദർമ്മാരെ കണ്ടാൽ കൊന്നുകളയുക എന്നായിരുന്നു അദ്ദേഹം ഉത്തരവിട്ടത്.
ചോരയിലൂടെ പിറന്ന രാഷ്ട്രം
ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന യഹൂദന്മാരുടെ സ്വന്തമായി ഒരു രാജ്യം നിലവിൽവന്നത് ചോരയിലൂടെയാണ്. 1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രയേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു. പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കൽപ്പിച്ചു യഹൂദന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രയേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 48ലെ യുദ്ധത്തിന് മുമ്പ് 54 ശതമാനം ഭുമി മാത്രമാണ് ഇസ്രയേലിന്റെ കൈവശം ഉണ്ടായിരുന്നെങ്കിൽ യുദ്ധാന്തരം അത് 77 ശതമാനമായി ഉയർന്നു. അറബികൾ ഒന്നിച്ച് മുട്ടിയിട്ടും ഇത്തിരക്കുഞ്ഞനായ ഇസ്രയേൽ ജയിച്ചുകയറി ഭൂ വിസ്തൃതി വർധിപ്പിച്ചു.
രാജ്യം ഉണ്ടാകുന്നതിന് വർഷങ്ങൾക്കുമുമ്പേ തന്നെ ഇസ്രയേൽ ഇത്തരം ഒരു പ്രതിസന്ധി മനസ്സിൽ കണ്ടിരുന്നുവെന്നും അവർ രഹസ്യമായി സൈന്യത്തെ ഉണ്ടാക്കിയിരുന്നുവെന്നും ആയുധങ്ങൾ സംഭരിച്ചിരുന്നുവെന്നുമുള്ള വിവരങ്ങൾ പിന്നീടാണ് പുറത്തുവന്നത്.
ലോകം ഞെട്ടിയ ആറുദിവസത്തെ യുദ്ധം
പക്ഷേ അതുകൊണ്ട് ഒന്നും തീർന്നില്ല. 1967 ൽ വീണ്ടും അറബ് സഖ്യസേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. തങ്ങളെ അക്രമിക്കുന്നതുവരെ അങ്ങാതിരുന്ന ഇസ്രയേൽ തങ്ങൾക്കു നേരെ അറബ് സഖ്യസേന യുദ്ധം അഴിച്ചുവിട്ടപ്പോൾ അതിശക്തമായി തിരിച്ചടിച്ചു. വെറും 6 ദിവസം കൊണ്ട് 10 രാഷ്ട്രങ്ങളുടെ പിന്തുണയുള്ള അറബ് സഖ്യ സൈന്യത്തെ ഇസ്രയേൽ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം. ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും ആറു ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാൻ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, ഫലസ്തീന്റെയും, ജോർദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു.
ആ യുദ്ധകാലം ഇന്നും അത്ഭുദത്തോടെയാണ് ഇസ്രയേലും സ്മരിക്കുന്നത്. ഈ ഘട്ടത്തിലൊന്നും ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നില്ലേ ഇല്ല. ടെൻഷൻ താങ്ങാനാവതെ പ്രധാനമന്ത്രി ലെവി എഷ്‌ക്കോൾ വീണുപോയി. പക്ഷേ ഡിഫൻസ് മിനിസ്റ്റർ മുഷെ ഡയാൻ ആയിരുന്നു അക്കാലത്ത് ഹീറോ ആയത്. മൂഷെയുടെ വ്യോമക്രമണ തന്ത്രമാണ് ഇസ്രയേലനെ രക്ഷിച്ചത്. നെതന്യാഹു, എരിയൻ ഷാരോൺ, റാബിൻ തുടങ്ങിയ അന്നത്തെ യുദ്ധവീരന്മാരാണ് പിൽക്കാലത്ത് ഇസ്രയേലിന്റെ പ്രധാനമന്ത്രിമാർ ആയതും. അവരുടെ തൊപ്പിയിലെ പൊൻതൂവലായി ഈ യുദ്ധ വിജയം.ഇസ്രായോലിന്റെ വ്യോമാക്രമണത്തിൽ ഈജിപ്ത് തകർന്ന് അടിഞ്ഞുപോയി. പ്രധാന താവളങ്ങൾ എല്ലാം അവർ ബോംബിട്ടു. സൈനികരുടെ എണ്ണമല്ല ആധുനിക ആയുധങ്ങളാണ് യുദ്ധം ജയിക്കുന്നത് എന്ന് ലോകം മനസ്സിലാക്കിയത് അന്നാണ്.
അന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൻ അബ്ദുൾ നാസറായിരുന്നു അറബ് ദേശീയതയുടെ കരിസ്മാറ്റിക്ക് നേതാവ്. സ്വന്തം രാജ്യത്തേക്കാൾ നാസറിന് പേര് ഉണ്ടായിരുന്നത് ഫലസ്തീനിൽ ആയിരുന്നു. നാസറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടായി ഇസ്രയേൽ ആക്രമണം. അന്ന് ഈജിപ്തിൽ ടെലിവിഷൻ ഉണ്ടായിരുന്നു. എന്നാൽ പിച്ചവെക്കുന്ന ഇസ്രയേലിൽ റേഡിയോ മാത്രവും. ആദ്യദിനങ്ങളിൽ ഈജിപ്ഷ്യൻ റേഡിയോ സംപ്രേഷണം ചെയ്തത് മുഴുവൻ അവരുടെ വിജയത്തിന്റെ വീരസാഹസിക കഥകൾ ആയിരുന്നു. എന്നാൽ ഇസ്രയേൽ റേഡിയോയിൽ മുഴങ്ങിയത് ദശീയ ഗാനം മാത്രം. ജനങ്ങൾ കടുത്ത സംഘർഷത്തിലൂടെ കടന്നുപോയി. യുക്തിവാദികൾ പോലും വിലാപമതിലിൽ തലയിടിച്ച് പ്രാർത്ഥിച്ചുവെന്നാണ് അക്കാലത്തെ ചരിത്രം പറയുന്നത്.
എന്നാൽ മൂന്ന് ദിവസം കഴിഞ്ഞതോടെ ഇസ്രയേൽ ടെലിവിഷനിൽ മട്ടുമാറി. ഒരാഴ്ച കഴിഞ്ഞതോടെ നാസർ നേരിട്ട് പ്രത്യക്ഷപ്പെട്ട് തന്റെ പരാജയം സമ്മതിച്ചു. അദ്ദേഹം രാജിയും പ്രഖ്യാപിച്ചു.പക്ഷേ അറബ് രാഷ്ട്രങ്ങൾ ഒന്നടങ്കം അത് എതിർത്തും. പക്ഷേ മനസ്സുതകർന്നും അപമാനിതനുമായാണ് നാസർ മരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത്തിലെ ഏറ്റവും വലിയ അബന്ധമായിപ്പോയി ഇസ്രയേൽ ആക്രമണം. ഇതോടെ യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രയേൽ നിർത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഇസ്രയേൽ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പും തിരിച്ചടിയായിരുന്നു അത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973ൽ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു.
അന്നത്തെ ഇസ്രയേലിന്റെ തിരിച്ചടിയിൽ നിന്ന് കരകയറാൻ ആ രാജ്യങ്ങൾക്കു ഇന്നും ആയിട്ടില്ല. ചുരുക്കി പറഞ്ഞാൽ 1948ൽ ഫലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രയേൽ എന്ന ചെറിയ രാഷ്ട്രം അറബ് രാഷ്ട്രങ്ങളുടെ ആവേശം കാരണം 1973 ഓടെ ഫലസ്തീന്റെ മുഴുവൻ ഭാഗവും ഈജിപ്തിന്റെയും ജോർദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി. ഇതാടെ സ്രയേലിനെ ഒരിക്കലും യുദ്ധത്തിൽ തോൽപ്പിക്കാനാകില്ല എന്ന തിരിച്ചറിവിൽ എത്തി അറബ് രാഷ്ട്രങ്ങൾ. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. ജോർദാൻ രാജാവ് ഇസ്രയേൽ സന്ദർശിച്ചു. 1948ൽ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന ഫലസ്തീൻ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി ഒതുങ്ങി. 1992ൽ ഇസ്രയേൽ ഫലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചർച്ചകളെയും തകിടം മറിച്ചു. ഇന്നും ഹമാസിന്റെ നേതൃത്വത്തിൽ തുടരുന്ന ചാവേർ ആക്രമണങ്ങളും ഇസ്രയേൽ നടത്തുന്ന ക്രൂരമായ തിരിച്ചിടയും തന്നെയാണ് മേഖലയിലെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി.
ഐക്യരാഷ്ട്രസഭയുടെ പ്രമേയം അറബികൾ സ്വീകരിക്കുകയും 1948 ൽ ഇസ്രയേലിനെ ആക്രമിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ, പലസ്തിൻ എന്നാ രാഷ്ട്രം അന്നേ നിലവില വന്നേനെ. ഇന്ന് ലോകത്ത് കാണുന്ന പല രാഷ്ട്രങ്ങളും രൂപീകരിക്കപെട്ട സമയം ആയിരുന്നു എന്നതുകൊണ്ട് തന്നെ ആ കാലഘട്ടത്തിൽ ഒരു രാഷ്ട്ര വിഭജനം വലിയ സംഭവം ഒന്നുമായിരുന്നില്ല. പക്ഷെ ഫലസ്തിനിയൻ അറബികൾ ഇസ്രയേൽ എന്ന രാഷ്ട്രത്തെ അംഗീകരിക്കുവാൻ തയ്യാറായില്ലെന്ന് മാത്രമല്ല അക്രമത്തിന്റെയും ഭീകരപ്രവർതനതിന്റെയും മാർഗം സ്വീകരിച്ചു. അന്ന് അവരെ പിന്താങ്ങിയ അറബി രാഷ്ട്രങ്ങളായ ജോർദാനും ഈജിപ്തും ഇന്ന് ഹമാസ് തങ്ങൾക്കു ഭീഷണി ആകുമോ എന്ന് ഭയപെടുന്നു. മരിച്ചു വീഴുന്ന ഓരോ യഹൂദനും വേണ്ടി ഇസ്രയേലും പകരം വീട്ടുന്നു. ചുരുക്കത്തിൽ, സെമെടിക് മതങ്ങളായ യഹൂദ മതവും ക്രിസ്തു മതവും ഇസ്ലാമും തമ്മിൽ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള നിരന്തര കലഹങ്ങളുടെ ആധുനിക മുഖമാണ് ഇസ്രയേൽ പലസ്തിൻ സംഘർഷം.
മൊസാദ് ഉണ്ടാകുന്നു
ലോകത്തിന്റെ ഏറ്റവും ശക്തവും ക്രൂരുവുമായ ചാര സംഘടനയാണ് ഇസ്രയേലിന്റെ മൊസാദ്. ഇത് ഉണ്ടായതിന് പിന്നിൽ ഇസ്രയേലിന്റെ ദേശീയ പ്രത്യയശാസ്ത്രമായ സയണിസം ആണെന്നാണ് വിമർശനം. പക്ഷേ അത് ശരിയല്ല. സയണിസം ഒരു നാഷണൽ കൺസ്പറ്റ് ആണ്. മത സങ്കൽപ്പമല്ല. തിയഡോർ ഹെർസി ഓസ്ട്രിയൻ ജേർണലിസ്റ്റാണ് ഇതുകൊണ്ടുവന്നത്. ലോകത്തങ്ങിങ്ങായി ചിതറി കിടക്കുന്ന യഹൂദ ജനതയ്ക്ക് സ്വന്തമായി വാഗ്ദത്ത ഭൂമിയായ ഇസ്രയേലിൽ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതു സംബന്ധിച്ച ചിന്തകൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ഉദയം കൊണ്ടതിന്റെ ഫലമാണ് ഈ സിദ്ധാന്തം. 1890 ൽ നഥാൻ ബിർന്ബൗം ആണ് 'സയനിസം' എന്നാ പദം വിരചിച്ചത്. 1948 ൽ ഇസ്രയേൽ രൂപീകരിച്ചതോടെ സയണിസം ഇസ്രയേൽ രാഷ്ട്രത്തിന്റെ സംരക്ഷണവും വികസനവും എന്ന അർത്ഥം കൈവരിച്ചു. ഫ്രഞ്ചുകാർക്ക് ഫ്രഞ്ച് ദേശീയത എന്ന പോലെ ഇംഗ്ലീഷുകാർക്ക് ബ്രിട്ടീഷ് ദേശീയത എന്നപോലെ, അമേരിക്കകാർക്ക് അമേരിക്കൻ ദേശീയത എന്നാ പോലെ യഹൂദർക്ക് ഇസ്രയേൽ എന്ന ദേശം എന്ന് സയനിസത്തെ നിർവചിക്കുന്നു. ഈ വികാരമാണ് യഹൂദരെ ഇസ്രയേലിലേക്ക് തിരികെ കൊണ്ട് വന്നത്.
മൊസാദ് എന്ന ചാര സംഘടനയെകുറിച്ചു പറയാതെ ഇസ്രയേലിന്റെ ചരിത്രം പൂർണമാകില്ല. ലോകത്തെ ഏറ്റവും മികച്ചതും ഏറ്റവും അപകടകാരികളുമായ ചാര സംഘടന ഏതെന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നേ ഉള്ളൂ; മൊസാദ്. 1972 ലെ മ്യൂണിക് ഒളിംപിക്‌സിൽ ഇസ്രയേലിന്റെ 11കായികതാരങ്ങളെ വധിച്ചപ്പോൾ ലോകം ഞെട്ടി. ബ്ലാക്ക് സെപ്റ്റമ്പർ എന്ന് അറിയപ്പെടുന്ന ആ കൂട്ടക്കൊലക്ക് ലോകം കൊടുക്കേണ്ടി വന്ന വിലയാണ് മൊസാദ് എന്ന ചാര സംഘടന. അതിനു ഉത്തരവാദികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി കണ്ടുപിടിച്ചു മൊസാദ് ഇല്ലായ്മ ചെയ്തു. മൊസാദ് ഓരോരുത്തരെ കൊല്ലുന്നതിനു തൊട്ടു മുമ്പ് അവരവരുടെ വീടുകളിൽ ഒരു കത്ത് എത്തിയിരുന്നു. നിങ്ങളെ വേണ്ടപ്പെട്ടയാളെ ഇന്ന കാരണങ്ങൾ കൊണ്ട് കൊല്ലുന്നുവെന്ന്. അതിനായി വീട്ടുകാരോട് മാപ്പുചോദിക്കുന്നുവെന്നും. അങ്ങനെ കേസിലെ പ്രതികളെ ഓരോരുത്തരെയായി മൊസാദ് കണ്ടെത്തി കൊന്നു. ഇന്ന് അമേരിക്കപോലും ഭയക്കുന്ന ചാര സംഘടനയാണ് മൊസാദ്. ലോകത്തിൽ എന്തു നടന്നാലും ഇസ്ലാമിസ്ററുകൾ ആദ്യം പ്രതിക്കൂട്ടിൽ ആക്കുന്നതും മൊസാദിനെ തന്നെയാണ്. ഇനിടെയും പ്രസക്തമായ ഒരു ചോദ്യം ഉണ്ട്. ആരാണ് മൊസാദിനെ സൃഷ്ടിച്ചത്. ഉത്തരം ഇസ്ലാമിക ഭീകരത എന്നുതന്നെ. മ്യൂണിച്ച് കൂട്ടക്കൊല ഇല്ലായിരുന്നെങ്കിൽ മൊസാദ് ഉണ്ടാകുമായിരുന്നില്ല.
ഹിറ്റ്ലർ ഇനിയും വന്നിരുന്നെങ്കിൽ
നാലുപാടും ശത്രുക്കളാൽ ചുറ്റപ്പെട്ട ഭീതിയിൽ ജീവിക്കുന്ന ഇസ്രയേൽ ഇപ്പോഴും സമാധാനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഒരു ആധുനികോത്തര മിസൈൽ കവചത്തിനും നൂറുശതമാനം സംരക്ഷണം നൽകാൻ കഴിയില്ല എന്ന് അവർക്ക് നന്നായിട്ട് അറിയാം. പക്ഷേ ഇസ്രയേൽ തങ്ങൾ രക്തം ചിന്തിപ്പിടിച്ച ഭൂമി സമാധനത്തിനായി പല തവണ വിട്ടുകൊടുത്തിട്ടുണ്ട്.
പക്ഷേ 67ൽ തോറ്റ് തൊപ്പിയിട്ടിട്ടും ഇസ്ലാമിക രാഷ്ട്രങ്ങൾ യാതൊന്നു പഠിച്ചില്ല. അവർ 67 സെപ്റ്റമ്പറിൽ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ കൂടി കുപ്രസിദ്ധമായ മൂന്ന് നിഷേധങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. അതായത് ഇസ്രയേലുമായി ചർച്ചയില്ല, അംഗീകരിക്കില്ല. സമാധാനമില്ല. ഗോലാൻ കുന്നുകൾ തിരിച്ചുകൊടുക്കാൻ തീരുമാനിച്ചിരുന്ന ഇസ്രയേൽ ഇത് കേട്ടതോടെ ആ തീരുമാനം ഇസ്രയേൽ റദ്ദാക്കി. പിന്നീട് തങ്ങളുമായി കരാർ ഒപ്പിടുന്ന രാജ്യങ്ങൾക്ക് മാത്രമാണ് അവർ ഭൂമി മടക്കിക്കൊടുത്തത്.
1977 സെപ്റ്റമ്പർ 17 ക്യാമ്പ് ഡേവിഡ് ഉടമ്പടി തന്നെ നോക്കുക. നാസറിന്റെ അമിതമായ ആത്മവിശ്വാസം മൂലം യുദ്ധത്തിൽ നഷ്ടമായ ഈജിപതിന്റെ തലയായ സിനായി പ്രവിശ്യ ഇസ്രയേൽ സമാധാനത്തിന് വേണ്ടി വിട്ടുകൊടുക്കയാണ്. അതിനുശേഷം93ൽ ഓസ്ലോ സമാധാനക്കരാർ ബിൽക്ലിനറണും മഹുമൂദ് അബ്ബാസും ഷിമോൺ പെരസും ഒപ്പിട്ടു. പക്ഷേഅ അത് മുന്നോട്ടുപോയില്ല. ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഇടയിലും രക്തദാഹികൾ എന്ന് പലരും വിമർശിക്കുമ്പോഴും ഇസ്രയേൽ സമാധാന ശ്രമങ്ങൾ തുടരുകയാണ്.
2005ൽ ഗസ്സയിൽനിന്ന് പിന്മാറി.യത് ഉപധികൾ ഇല്ലാതെയാണ്. എരിയൽ ഷാരോണിന്റെ ഈ നടപടി. വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. അദ്ദേഹം വളരെ പെട്ടെന്ന് ഇസ്രയേലിൽ കുലം കുത്തിയായി മാറി. അതാണ് യുദ്ധവും ഭീതിയും ഉണ്ടാക്കുന്ന സമ്മർദം. സമാധാനത്തിനുവേണ്ടി ശ്രമിക്കുന്നവർ എടുക്കാ ചരക്ക് ആവും.
ഭീതി രക്തത്തിൽ കലർന്നതിനാലാണ് ഒരടിക്ക് പത്ത് അടി എന്ന രീതയിൽ ക്രൂരമായ തിരിച്ചടി ഇസ്രയേലിൽ നിന്ന് ഉണ്ടാകുന്നതെന്ന് ബിബിസിയുടെ യുദ്ധകാര്യ ലേഖകനായ സ്റ്റീവ് വാട്സ് ഒക്കെ നിരീക്ഷിച്ചിട്ടുണ്ട്. ഹിറ്റ്ലർ ഗ്യാസ് ചേംബറിലിട്ട് ഞങ്ങളുടെ ജനതയെ കൊല്ലുമ്പോൾ ഒരു യഹോവയും രക്ഷിക്കെത്തിയിരുന്നില്ല എന്ന് ഏരിയൽ ഷാരോൺ ഒരിക്കൽ പറഞ്ഞത് ഇതിന് തെളിവാണ്. അണ്വായുധങ്ങളും സാങ്കേതിക വിദ്യയും തന്നെയാണ് അവർക്ക് സമാധാനം തന്നത്. അതുകൊണ്ടുതന്നെ അടിച്ചാൽ പത്തിരിട്ടിയായി ഇസ്രയേൽ തിരിച്ചിടിക്കും. അതാണ് ഗസ്സയിലും വെസ്റ്റ് ബാങ്കിലും നാം പലപ്പോഴും കാണുന്നത്. ഹമാസ് ഒരു റോക്കറ്റ് വിട്ടാൽ പത്ത് റോക്കറ്റ് വിട്ടുകൊണ്ടാണ് ഇസ്രയേൽ തിരിച്ചടിക്കുക. ഒരുത്തനെ കൊന്നാൽ 50 പേരെ കൊന്ന് പക തീർക്കും. അല്ലായെ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ചരിത്രം നോക്കിയാൽ ഇസ്രയേൽ ഒരിക്കയലും ഒരു പ്രശ്നം തുടങ്ങിയിട്ടില്ല. മുനുഷ്യകവചമായി സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചുകൊണ്ട് ഹമാസ് അടക്കമുള്ളവർ ഇതിനെ നന്നായി മുതലെടുക്കകയും ചെയ്യുന്നു. വെസ്റ്റ് ബാങ്കിലൊക്കെ 5ലക്ഷം യഹൂദരെ കയറ്റിവിട്ടുകൊണ്ട് ഇസ്രയേൽ ഇപ്പോൾ ജനസംഖ്യ വർധിപ്പിക്കുന്നുണ്ട്. ഇതും അവരുടെ സുരക്ഷാഭീതിയുടെ കൂടി പ്രശ്നമാണ്. ഹമാസിനും ഇസ്രയേലിനും ഇടയിൽപെട്ട് തകർന്നുപോകുന്നത് ആവട്ടെ ഫലസ്തീനിലെ ജനതയാണ്.
ഇസ്രയേലിനെ കായിക ബലം കൊണ്ടും ആയുധ ബലം കൊണ്ടും തോൽപ്പിക്കാനാവില്ല എന്ന് വന്നതോടെ ഇസ്ലാമിക ലോകം സ്വീകരിച്ച ടെക്ക്നിക്കുകളിൽ ഒന്നാണ് കുപ്രചാരണം. ഹിറ്റ്ലർ തിരിച്ചുവന്നെങ്കിൽ എന്ന രീതിയിലുള്ള പോസ്റ്റുകൾ ഒക്കെ കേരളത്തിൽപോലും വ്യാപകമാണ്. 'ഞാൻ ലോകത്തിലെ ഭൂരിഭാഗം യഹൂദരെയും കൊന്നു. ചിലരെ ബാക്കിവെച്ചിരിക്കുന്നത് എന്തിനാണ് അവരെ കൊന്നത് എന്ന് ലോകത്തെ അറിയിക്കാനാണ്' എന്ന് ഹിറ്റ്ലർ പറഞ്ഞുവെന്ന രീതിയിലുള്ള ഒരു വാചകമാണ് അവർ പ്രചരിപ്പിക്കുന്നത്. നോക്കുക, പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളത്തിൽ പോലും ആളുകൾ രക്തത്തിനായി ദാഹിക്കുന്നു! എത്രമോശം മാനസികാവസ്ഥയാണ് ഇത്.
ഇസ്രയേലിൽനന്ന് പഠിക്കാനുണ്ട് പലതും
ഇപ്പോൾ നോക്കുക അറബ്ലോകത്തുപോലും യഹൂദവെറി മാറി വരികയാണ്. യുഎഇയും ഇസ്രയേലും പൂർണനയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത് ലോക മാധ്യമങ്ങൾ വൻ തോതിൽ സ്വാഗതം ചെയ്യുകയാണ്. ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ ചുവുടുവെപ്പായാണ് അവർ ഇതിനെ കാണുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉണ്ടായ കരാർ പ്രകാരം, ഫലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കുന്നത് ഇസ്രയേൽ നിർത്തി വയ്ക്കും. ഇസ്രയേലുമായി ധാരണയിൽ എത്തുന്ന ആദ്യ ഗൾഫ് അറബ് രാഷ്ട്രമാണ് യുഎഇ. ഇസ്രയേലുമായി സജീവ നയതന്ത്രബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ രാഷ്ട്രവും. ഇനി കൂടുതൽ രാഷ്ട്രങ്ങൾ ഈ പാതയിലേക്ക് വരുന്നുമുണ്ട്. എന്നാൽ ആധുനിക ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖമായ എർദോഗാന്റെ തുർക്കി മാത്രമാണ് യുഎഇയെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഹാഗിയ സോഫിയ എന്ന കൃസ്ത്യൻ കത്തീഡ്രൽ മോസ്‌ക്ക് ആക്കി മാറ്റി ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രാവാദത്തിന് പുനർജ്ജീവനം നൽകിയ എർദോഗാനിൽ നിന്ന് ഇതിൽ കൂടതൽ നമുക്ക് പ്രതീക്ഷിക്കാനും കഴിയില്ല.
എന്താണ് ഇസ്രയേലിന്റെ വിജയത്തിന്റെ അടിസ്ഥാനം എന്ന് ചോദിച്ചാൽ മറുപടി സയൻസ് എന്നായിരിക്കും. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഏറ്റവും ഉന്നതമായ രൂപമാണ് നമുക്ക് ഇസ്രയേലിൽ കാണാൻ കഴിയുക. ഇസ്രയേലിന്റെ നേഷൻ ബിൽഡിങ്ങ് അത്ഭുദപ്പെടുത്തുന്നതാണ്. ബൈബിളിൽ ഇസ്രയേലിനെ (കാനാൻ ദേശം) തേനും പാലും ഒഴുകുന്ന സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇസ്രയേലിന്റെ പകുതിയും മരുഭൂമിയാണ്. ആ മരുഭൂമിയിൽ നിന്നാണ് ഇസ്രയേൽ വളർന്നത്. ലോകത്തെ ഏറ്റവും മികച്ച കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഇസ്രയേലിന്റേതാണ്. മരുഭൂമിയിൽ കൃഷി ചെയ്തു വിജയിക്കാൻ വേണ്ട വൈദഗ്ധ്യം ഇസ്രയേലിനു മാത്രമാണ് ഉള്ളത്.
ഇസ്രയേലിന്റെ ശക്തി ഇന്ന് ലോകരാഷ്ട്രങ്ങൾക്കും അറിയാം. അവരെ ചൊറിയാൻ പോയാലുള്ള അനുഭവം വിവരിക്കേണ്ടല്ലോ. ഇന്ത്യ ഇസ്രയേലുമായി സഹകരിക്കുന്നതിനെ എതിർക്കുന്നവർ ചൈന ഇസ്രയേലിൽ നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നു എന്ന കാര്യം മറക്കരുത്. ഇന്ത്യക്കും ഇസ്രയേലിൽ നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്. രണ്ടു രാജ്യങ്ങളും ശത്രുരാജ്യങ്ങളാൾ ചുറ്റപ്പെട്ടു കിടക്കുന്നു. ഒരിക്കൽ ഒഴികെ തങ്ങളെ ഇങ്ങോട്ടു ആക്രമിച്ചപ്പോൾ മാത്രമാണ് ഇസ്രയേൽ തിരിച്ചടിച്ചിട്ടുള്ളത്. ഇന്ത്യയും അങ്ങനെ തന്നെ. പക്ഷെ ഇസ്രയേൽ അവർ പിടിച്ചെടുത്ത ശത്രുക്കളുടെ ഭൂമി തിരിച്ചു നൽകിയില്ല. ഇന്ത്യക്കു 1971 ലെ യുദ്ധത്തിന് ശേഷം പാക്കിസ്ഥാന്റെ അധീനതയിലുള്ള കാശ്മീർ മൊത്തത്തിൽ തിരിച്ചുപിടിക്കുമായിരുന്നു. അത് ചെയ്യാതിരുന്നതാണ് ഇപ്പോഴും നമ്മൾ അനുഭവിക്കുന്നത് എന്ന് പലരും വിമർശിക്കാറുണ്ട്.
ഫലസ്തീനെ വിഭജിച്ചു ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിന് ഇന്ത്യ എതിർത്തിരുന്നെങ്കിലും ഇസ്രയേൽ നിലവിൽ വന്നു വൈകാതെ ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചു. പക്ഷേ സോഷ്യലിസ്റ്റും സാർവദേശീയതയിൽ അനാക്രമണത്തിനും വിശ്വസിക്കുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂറ് പലപ്പോഴും അറബ് രാജ്യങ്ങളോട് തന്നെയായിരുന്നു. എന്നാൽ ഇസ്രയേലനെ തള്ളിപ്പറയാനും ഇന്ത്യ തയ്യാറായിരുന്നില്ല.
1953ൽ മുംബയിൽ ഇസ്രയേലിന്റ ഈയൊരു കോൺസുലേറ്റ് തുറക്കാനും അനുമതി നൽകി. പക്ഷെ 1992ൽ മാത്രമാണ് ഇന്ത്യയും ഇസ്രയേലുമായുള്ള പൂർണതോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. അറബ് രാഷ്ട്രങ്ങളെ വെറുപ്പിച്ചു ഇസ്രയേലിനു പിന്തുണ കൊടുത്താൽ എണ്ണ കിട്ടില്ല എണ്ണ തിരിച്ചറിവാണ് പ്രധാനമായും ഇന്ത്യ ഇസ്രയേൽ ബന്ധത്തിന് തടസ്സമായി നിന്നതു. ഇസ്രയേലിന്റെ അമേരിക്കൻ ചായ്വും, ഇന്ത്യയുടെ മിത്രമായിരുന്ന ഈജിപ്തുമായുള്ള ഇസ്രയേലിന്റെ ശത്രുതയുമെല്ലാം ഇന്ത്യ ഇസ്രയേൽ ബന്ധം ഊഷ്മളമാകുന്നതിന് തടസ്സമായി നിന്നിട്ടുണ്ട്. പക്ഷെ രഹസ്യമായി ഇന്ത്യയും ഇസ്രേയലുമായുള്ള സഹകരണം ഉണ്ടായിരുന്നു. 1971 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനോട് ആയുധങ്ങൾ ആവശ്യപ്പെട്ടിരുന്നു. മൊസാദും ഇന്ത്യൻ ചാര സംഘടനയായ റോയും പരസ്പ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നു. പാക്കിസ്ഥാന്റെ ആണവപരീക്ഷണ കേന്ദ്രങ്ങൾ തകർക്കാൻ മൊസാദും റോയും പദ്ധതി തയ്യാറാക്കിയിരുന്നു എന്നും അവസാന നിമിഷം മൊറാർജി ദേശായി ആണ് പദ്ധതി വേണ്ടെന്നു വെച്ചതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ആ പദ്ധതി നടപ്പായിരുന്നെങ്കിൽ ഇന്നും പാക്കിസ്ഥാൻ ഒരു ആണവ രാജ്യമാകുമായിരുന്നില്ല.
കാർഗിൽ യുദ്ധ സമയത്തു അമേരിക്ക ഇന്ത്യക്കു സഹായം നിഷേധിച്ചപ്പോൾ ഇന്ത്യക്കു ആയുധങ്ങൾ നൽകിയത് ഇസ്രയേൽ ആണ്. ഇന്ത്യയുടെ സൈനിക പരീക്ഷങ്ങളിൽ ഇസ്രയേൽ സ്ഥിരം പങ്കാളികളാണ്. എന്തിനു നമ്മുടെ ഐപിഎസ് ട്രെയിനികൾക്കു വരെ ഇസ്രയേലിൽ പരിശീലനം നൽകുന്നു. കൃഷിയിലും ജലസേചനത്തിലും വൻ കുതിച്ചു ചാട്ടം നടത്തിയ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കാൻ പോകുന്നുണ്ട്. അതായത് ഇപ്പോൾ യുഎഇക്ക് പോലും വന്നിരിക്കുന്ന മാറ്റം ഇന്ത്യ കാണാതെ പോകരുത്.
വാൽക്കഷ്ണം: ഇസ്രയേലിനോടുള്ള അറബ് രാഷ്ട്രങ്ങളുടെ വെറിക്ക് പിന്നിൽ കൃത്യമായ മത വിദ്വേഷം കൂടിയുണ്ടെന്ന് വ്യക്തമാണ്. പക്ഷേ മതേതര വാദികളായ കേരളത്തിലെ കമ്യൂണിസ്റ്റുകാർ പോലും എന്തിന് കേരളത്തിൽ ഈ രീതിയിലുള്ള ഇസ്രയേൽ വെറികളും നുണകളും പ്രചരിപ്പിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. ഇസ്ലാമിന് അധികാരം കിട്ടിയ ഇടങ്ങളിലൊക്കെ ആദ്യം അറുക്കപ്പെട്ട തലകളിൽ ഒന്ന് കമ്യുണസിറ്റുകാരുടേയാണ്. ഇറാനിൽ 75ലക്ഷം കമ്യൂണിസ്റ്റുകാരെയാണ് ഇരുട്ടിവെളുക്കും മുമ്പ് കാണാതായത്. ഇന്തോനേഷ്യയിൽ സുഹാർത്തോ 12ലക്ഷം കമ്യൂണിസ്റ്റുകളെ തീർത്തു. സദ്ദാം ഹുസൈൻ കൊന്നൊടുക്കിയ കമ്യൂണിസ്റ്റുകാർക്കും കണക്കില്ല. പക്ഷേ സദ്ദാമിനുവേണ്ടി ഹർത്താൽ നടത്തിയ പ്രബുദ്ധകേരളത്തിൽ സിപിഎം പ്രതികരിച്ചത്. കേരളത്തിൽ പത്തുവോട്ടിനുവേണ്ടി ഇസ്രയേൽ വെറി ഉയർത്തുന്ന ഇടതുബുദ്ധി ജീവികൾ ഇക്കാര്യങ്ങൾ കാണതെ പോകരുത്.
മറുനാടന് മലയാളി ബ്യൂറോ