232 ഫലസ്തീനികളുടെയും സൗമ്യയും അടക്കം 12 ഇസ്രയേലി പ്രദേശത്തെയും ജീവൻ പൊലിഞ്ഞ ശേഷം 11 ാം ദിവസം മനസില്ലാമനസോടെ വെടിനിർത്തൽ; അമേരിക്കയുടെ സമ്മർദ്ദവും ഈജിപ്തിന്റെ മദ്ധ്യസ്ഥതയും ഒരുമിച്ച് വന്നപ്പോൾ മറ്റുനിവർത്തിയില്ലാതെ സമ്മതം മൂളി നെത്യാഹു; ഫ്രാൻസിന്റെ പ്രമേയം രക്ഷാ കൗൺസിലിൽ എത്തും മുൻപ് സമാധാനക്കരാർ
- Share
- Tweet
- Telegram
- LinkedIniiiii
ഗസ്സസിറ്റി: 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഗസ്സയിൽ വെടിനിർത്താൻ ഇസ്രയേലും ഫലസ്തീനും തീരുമാനിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്. വെടിനിർത്തൽ ഇന്നു നിലവിൽ വരും.സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.ഈജിപ്ഷ്യൻ മധ്യസ്ഥതയിലുള്ള നിർദ്ദേശത്തിന് സുരക്ഷാ മന്ത്രിസഭ ഏകപക്ഷീയമായി അംഗീകാരം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.
പുലർച്ചെ രണ്ട് മണിക്ക് വെടിനിർത്തലിന്റെ കൗണ്ട്ഡൗണിൽ, ഹമാസ് സമയം പരസ്യമായി സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇസ്രയേൽ അംഗീകരിച്ചിരുന്നില്ല. ഫലസ്തീൻ റോക്കറ്റ് സാൽവോകൾ തുടരുകയും ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ചെയ്തു.
പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ചു.
ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രയേൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ബെഞ്ചമിൻ നെതന്യാഹുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.
രണ്ട് മണിയോടെ വെടിനിർത്തൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ ഫലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചു. അതേസമയം ഇരുവിഭാഗവും ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ റോക്കറ്റ് ആക്രമണത്തിന്റെ ഭാഗമായുള്ള സൈറൺ ഇസ്രയേലിൽ മുഴങ്ങിയത് ആശങ്ക പരത്തി. പിന്നാലെ, ഗസ്സയിൽ വ്യോമാക്രമണം നടന്നതായി വിദേശ വാർത്താ ഏജൻസിയുടെ പ്രതിനിധിയും വ്യക്തമാക്കി. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഗസ്സയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ കഴിഞ്ഞ 11 ദിവസമായി തുടരുന്ന സംഘർഷമാണ് അവസാനിക്കുന്നത്.
ഇസ്രയേലും ഹമാസും ശത്രുത അവസാനിപ്പിച്ചതിനെത്തുടർന്ന് ഫലസ്തീനികൾ ഗസ്സയിലെ തെരുവുകളിൽ ആഘോഷങ്ങൾ തുടരുകയാണ്.ഈജിപ്തിനൊപ്പം അമേരിക്കയുടെ കടുത്ത സമർദ്ദത്തെത്തുടർന്ന് കൂടിയാണ് തീരുമാനം.കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.തുടർന്ന് ഗസ്സയിലെ ഖാൻ യുനിസിലും ദെയിർ അൽ ബലാഹിലും ഇസ്രയേൽ നൂറുകണക്കിന് വ്യോമാക്രമണം നടത്തി. വീടുകൾ തകരുകയും ഒരാൾ മരിക്കുകയും ചെയ്തു.
ഇസ്രയേൽ സൈനിക സന്നാഹത്തിൽ കാര്യമായ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.വൈകാതെയാണ് സമാധാനത്തിലേക്കുള്ള പ്രഖ്യാപനവുമുണ്ടായിരിക്കുന്നത്.വെടിനിർത്തൽ നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിന്റെ പേരിൽ ഈജിപ്ഷ്യൻ സർക്കാരിനെ അഭിനന്ദിക്കുന്നതായും ബൈഡൻ പറഞ്ഞു.ഈ വെടിനിർത്തലോടെ സമാധാനപരമായ ഒരു നാളെയെ താൻ പ്രതീക്ഷിക്കുന്നുവെന്നും ബെയ്ഡൻ കൂട്ടിച്ചേർത്തു.
മെയ് 10 ന് ആരംഭിച്ച രക്ത രൂക്ഷമായ സംഘർഷത്തിൽ ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം 100 കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,900 ലധികം പേർക്ക് വ്യോമാക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.ഗസ്സയിൽ 160 പോരാളികളെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രയേൽ വ്യക്തമാക്കുന്നത്.
ഇസ്രയേലിൽ മരണസംഖ്യ 12 ആയി. അധികൃതർ നൂറുകണക്കിന് ആളുകൾക്കാണ് റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റത്. അപ്രതീക്ഷിത ആക്രമണം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചത് മൂലം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ