- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണയെ തോൽപിച്ച് വിജയം നേടുന്ന ആദ്യ രാജ്യമാകാൻ ഒരുങ്ങി ഇസ്രയേൽ; എവിടെല്ലാം വാക്സിൻ ഉണ്ടാക്കുന്നുവോ അവിടെല്ലാം വിളിച്ച് നേതന്യാഹു; പരമാവധി വാക്സിനുകൾ ശേഖരിച്ച് 24മണിക്കൂറും കുത്തിവച്ച് കോവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി തന്നെ രംഗത്ത്
ടെൽ അവീവ്: നാലുപാടും ശത്രുക്കളാൽ ചുറ്റപ്പെട്ട ഒരു രാജ്യമുണ്ടെങ്കിൽ അത് ഒരുപക്ഷെ ഇസ്രയേൽ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ എന്നും, എപ്പോഴും യുദ്ധസജ്ജമാണ് ഇസ്രയേൽ. യുദ്ധവീര്യത്തിലും ഇസ്രയേലി ജനതയെ കടത്തിവെട്ടാൻ ആരുമില്ല. ഇപ്പോൾ ലോകമാകെ കൊറോണയെന്ന ഭീകര വൈറസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ അവിടെയും പോരാട്ടവീര്യം കൈവിടാതെ ഇസ്രയേലുണ്ട്. കൊറോണയെ പരാജയപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായിരിക്കുംഇസ്രയേൽ എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പറയുന്നത്.
മറ്റു രാജ്യങ്ങൾക്ക് കോവിഡ്-19 നിയന്ത്രിക്കാൻ ആവശ്യമായി സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ഇസ്രയേൽ നൽകുമ്പോൾ പകരമായി വാക്സിൻ നൽകുവാനുള്ള കരാർ ഫൈസറുമയി ഒപ്പുവച്ചിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാർച്ച് അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകി, കൊറോണയെ തോൽപിക്കുന്ന ആദ്യ രാജ്യമായി മാറുവാൻ ഇസ്രയേൽ വിശദമായ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''നമുക്ക് പരസ്പരം ആലിംഗനം ചെയ്യാം, പഴയ ജീവിതത്തിലേക്ക് തിരികെയെത്താം'' അദ്ദേഹം പറയുന്നു.
ടെൽഅവീവിന് സമീപമുള്ള ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇന്ന് പെട്ടികണക്കിനെത്തിയ ഫൈസർ വാക്സിൻ വിമാനത്തിൽ നിന്നും ഇറക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നേതന്യാഹു, ആരോഗ്യ വകുപ്പ് മന്ത്രി യുലി എഡെല്സ്റ്റീനിനൊപ്പം എത്തിയിരുന്നു. ബെൽജിയത്തിൽ നിന്നും വന്ന ഈ വിമാനത്തിൽ 7 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിൽ ഡോസുകൾ ഉണ്ടായിരുന്നു എന്നാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. താൻ ഫൈസറുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച്, മാർച്ച് അവസാനത്തിനു മുൻപായി, ഒരുപക്ഷെ അതിലും നേരത്തേ രാജ്യത്തെ 16 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ കൊടുത്തു തീർക്കാനാകും എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
അതിനൊപ്പം കൊറോണ വൈറസിനെ ചെറുത്തു തോൽപ്പിക്കുന്നതിന് സഹായിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ ഫൈസറുമായും മറ്റ് ലോകരാഷ്ട്രങ്ങളുമായും പങ്കുവയ്ക്കുമെന്നും നേതന്യാഹു പറഞ്ഞു. നവംബർ പകുതിയോടെയാണ് ഇസ്രയേൽ ആദ്യമായി വാക്സിനുള്ള ഒർഡർ നൽകുന്നത്. ആദ്യ ബാച്ച് എത്തിയ ഉടനെ മൂന്ന് ആഴ്ച്ചക്കുള്ളിൽ 1.8 മില്ല്യൺ ആളുകൾ (മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർക്ക്)ക്കാണ് വാക്സിൻ നൽകിക്കഴിഞ്ഞത്.
വിശദമായ ആസൂത്രണത്തിലൂടെ വാക്സിൻ തെല്ലും പാഴാക്കാതെ പരമാവധി പേർക്ക് നൽകുന്ന നഴ്സുമാരെ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി അഭിനന്ദിച്ചിരുന്നു. വാക്സിന് ഓർഡർ നൽകുന്നതിലും, വാക്സിൻ എത്തിയാൽ അതിവേഗം, തെല്ലുംപാഴാക്കാതെ വിതരണം ചെയ്യുന്നതിലും ഇസ്രയേൽ മറ്റു രാജ്യങ്ങളെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ്.
മറുനാടന് ഡെസ്ക്