ന്യൂഡൽഹി: എ.പി.ജെ. അബ്ദുൽ കലാം മാർഗിൽ ഇസ്രയേൽ എംബസിക്ക് സമീപം വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്ര ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) ആണെന്ന് കണ്ടെത്തൽ. ശീതളപാനീയ കുപ്പിയിൽ സ്‌ഫോടക വസ്തുവും ബോൾബെയറിങ്ങും നിറച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് എൻഎസ്ജിയുടെ ഭാഗമായ നാഷനൽ ബോംബ് ഡേറ്റാ സെന്ററിന്റെ (എൻബിഡിസി) നിഗമനം.

വെള്ളിയാഴ്ച വൈകിട്ട് 5.05ന് ഉണ്ടായ സ്‌ഫോടനത്തിൽ 3 കാറുകളുടെ ചില്ലു തകർന്നത് ബോൾ ബെയറിങ് ചിതറിത്തെറിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഒൻപത് വാട്ടിന്റെ ഒരു ബാറ്ററി കണ്ടെത്തി. പിഇടിഎൻ ലഭ്യമാകുക എളുപ്പമല്ലാത്തതിനാൽ സംഭവത്തിനു പിന്നിൽ അൽ ഖായിദ, ഐഎസ് ഭീകരരാണെന്ന സംശയം ബലപ്പെട്ടു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം 'ജയ്ഷ് ഉൽ ഹിന്ദ്' എന്ന ഇതുവരെ കേട്ടിട്ടില്ലാത്ത സംഘടന ഏറ്റെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അദ്ഭുതമില്ലെന്നും ഏതാനും ആഴ്ചകളായി ജാഗ്രതയിലായിരുന്നുവെന്നും ഇസ്രയേൽ സ്ഥാനപതി റോൺ മൽക്ക പറഞ്ഞു. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ വരാനിരിക്കുന്ന ആക്രമണങ്ങളുടെ ആരംഭം മാത്രമാണിതെന്നാണ് 'ജയ്ഷ് ഉൽ ഹിന്ദി'ന്റെ ടെലിഗ്രാം പേജിലൂടെ പുറത്തുവന്നെന്നു കരുതുന്ന സന്ദേശത്തിൽ പറയുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരന്മാരെ ചോദ്യം ചെയ്തിരുന്നു. ഓടുന്ന കാറിൽനിന്നോ ബൈക്കിൽനിന്നോ സ്‌ഫോടകവസ്തു എറിഞ്ഞതാകാമെന്ന സംശയം ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു. നാഷനൽ ബോംബ് ഡേറ്റാ സെന്ററിലെ ഉദ്യോഗസ്ഥർക്കു പുറമേ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച സംഭവസ്ഥലം സന്ദർശിച്ചു.

ഇസ്രയേൽ എംബസിക്കടുത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിൽ സംശയകരമായി കണ്ട കാറിന്റെ വിവരങ്ങളും പരിശോധിക്കുന്നു. സ്‌ഫോടനത്തിന് തൊട്ടുമുൻപ് രണ്ടുപേർ എംബസിക്കു മുന്നിൽ വാഹനത്തിൽ വന്നിറങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.