ജറുസലേം: കോവിഡ് മഹാമാരിയോട് പൊരുതാൻ ഇസ്രയേലിൽ ഒരു അത്ഭുത മരുന്ന് തയ്യാറായിക്കഴിഞ്ഞു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ടെൽ അവീവിലെ ഇച്ചിലോവ് മെഡിക്കൽ സെന്ററിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്ന് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. പ്രൊഫസർ നദീർ അബെറിന്റെ നേതൃത്വത്തിലായിരുന്നു ​ഗവേഷണം നടന്നത്. താരതമ്യേന ​ഗുരുതരാവസ്ഥയിലായിരുന്ന 30 രോ​ഗികളിൽ നടത്തിയ പരീക്ഷണം വിജയരമായതോടെയാണ് എക്‌സോ-സിഡി24 എന്ന മരുന്നിനെ ലോകം പ്രതീക്ഷയോടെ കാണുന്നത്.

എക്‌സോ-സിഡി24 എന്ന മരുന്ന് നൽകിയ 30 രോ​ഗികളും രോ​ഗമുക്തിനേടി. എക്‌സോ-സിഡി24 എന്ന മരുന്നാണ് ഇൻഹെയ്‌ലർ രൂപത്തിൽ രോഗികൾക്കു നൽകിയത്. അതിൽ 29 എപേർ മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോ​ഗമുക്തരായി എന്നതാണ് ഈ മരുന്നിനെ സവിശേഷം എന്ന് വിശേഷിപ്പിക്കാൻ ലോകത്തെ പ്രേരിപ്പിക്കുന്നത്. ഒരു തവണ മാത്രമാണ് ഇവരിൽ പലരും മരുന്ന് ഉപയോഗിച്ചത്. മരുന്നിന്റെ കൂടുതൽ ക്ലിനിക്കൽ പരീക്ഷണത്തിനായി ആശുപത്രി അധികൃതർ ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ കൂടുതൽ രോഗികൾക്കു ഇൻഹെയ്‌ലർ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രഫ. നദീർ അബെറും സംഘവും.

കോവിഡ് -19 ഉള്ള ചില രോഗികളിൽ രോഗപ്രതിരോധ ശേഷി അമിതമായ പ്രവർത്തനത്തിലേക്ക് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞിരുന്നു. സൈറ്റോകൈനുകൾ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകൾ വലിയ അളവിൽ ഈ പ്രക്രിയ വഴി പുറത്തുവിടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. അമിതമായ അളവിൽ ഉണ്ടാകുന്ന സൈറ്റോകൈൻ ഉത്പാദനത്തെ സൈറ്റോകൈൻ സ്റ്റോം എന്ന് പറയുന്നു. ഇത് രോഗിയിൽ കോശജ്വലനത്തിനോ അണുബാധയ്ക്കോ കാരണമാകുകയും ക്രമേണ മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെട്ടത്. കോവിഡ് മൂലമുള്ള മരണത്തിന് ഇടയാക്കുന്ന ഇത്തരം സൈറ്റോകൈൻ കൊടുങ്കാറ്റിനെ (Cytokine Storm) ചെറുക്കുകയാണ് എക്‌സോ-സിഡി24 എന്ന ഈ മരുന്ന് ഇൻഹെയ്ൽ ചെയ്യുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 96 ശതമാനമാണ് ഇൻഹെയ്‌ലറിന്റെ ഫലപ്രാപ്തി.

കോശങ്ങളുടെ പുറത്തുള്ള സിഡി24 എന്ന പ്രോട്ടീൻ തന്മാത്രയ്ക്ക് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്നതിൽ സുപ്രധാന റോളാണുള്ളത്. കോശസ്തരത്തിൽനിന്നു പുറത്തുവിടുന്ന എക്‌സോസോമുകളും സിഡി24 പ്രോട്ടീനും സമ്പുഷ്ടമാക്കിയിട്ടുള്ള ചികിത്സാരീതിയാണ് ഉപയോഗിക്കുന്നതെന്ന് പ്രാഫ. നദീർ അബെർ പറഞ്ഞു.

കാൻസർ ചികിത്സയ്ക്ക് എക്‌സോ-സിഡി24 ചികിത്സ വികസിപ്പിക്കുന്നതിന്റെ ഗവേഷണത്തിലായിരുന്നു കഴിഞ്ഞ ആറു വർഷമായി നദീർ ആബെർ. കഴിഞ്ഞ ആറു മാസത്തിനുള്ളിലാണ് ഇതേ ചികിത്സാരീതി കോവിഡിനെതിരെ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾ നടന്നത്. ദിവസവും കുറച്ചു സമയം വച്ച് അഞ്ചു ദിവസമാണ് മരുന്ന് ഉള്ളിലേക്കു വലിപ്പിക്കുന്നത്. ശ്വാസകോശത്തിലേക്കു നേരിട്ട് മരുന്നു സംയുക്തം എത്തും. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഈ ചികിത്സാരീതിക്കില്ലെന്നും നദീർ അബെർ പറഞ്ഞു. ചെലവുകുറഞ്ഞ ഫലപ്രദമായ ചികിത്സയാണിതെന്നും അദ്ദേഹം പറഞ്ഞു.