ഇസ്രയേലിന്റെ കണക്കു കൂട്ടൽ തെറ്റിച്ച് ഹമാസിന്റെ മിസൈൽ പ്രവാഹം; അഞ്ച് മിനിറ്റിനുള്ളിൽ എത്തിയത് 137 മിസൈലുകൾ; വ്യോമ പ്രതിരോധത്തിൽ അഗ്രഗണ്യനെന്ന് കരുതിയ അയൺ ഡോം പരാജയപ്പെട്ടപ്പോൾ കണ്ണുതുറന്നു; ഹമാസ് കേന്ദ്രങ്ങളെ തവിടുപൊടിയാക്കിയ ഇസ്രയേൽ രോഷം ആളിക്കത്തുന്നു
- Share
- Tweet
- Telegram
- LinkedIniiiii
ടെൽ അവീവ്: ലോകത്തെ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും മികച്ചതുണ്ട് എന്ന ആത്മവിശ്വാസമായിരുന്നു ഇസ്രയേൽ എന്ന രാജ്യത്തിന്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി ഹമസിന്റെ മിസൈൽ ആക്രമണങ്ങളിൽ സൗമ്യയടക്കം ഇസ്രയേൽ പക്ഷത്തു നിന്നും ഏഴുപേർ കൊല്ലപ്പെടാൻ ഇടയാക്കിയത് ഹമാസിൽ നിന്നുണ്ടായ തുടർ മിസൈൽ ആക്രമണങ്ങളെ നേരിടുന്നതിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ്. ഈ പരാജയത്തിൽ തന്നിലാണ് ഇരട്ടിയായി തിരിച്ചടിക്കണമെന്ന വാശിയും ഇസ്രയേലിൽ ഉണ്ടായത്.
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗസ്സയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ടെന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ശത്രുക്കളുടെ മിസൈലുകളെ അതിർത്തികടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ വൻ പരാജയമായെന്നാണ് റിപ്പോർട്ടുകൾ. സൗമ്യ അടക്കമുള്ളവർ ഹമാസ് റോക്കറ്റ് ആ്ക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അഷ്‌കെലോണിലെ ജനതയുടെ നല്ലൊരു ശതമാനവും ബങ്കറുകളിൽ അഭയം തേടിയാണ് ജീവൻ രക്ഷിച്ചത്.
ഇസ്രയേലിന്റെ തന്ത്രപ്രധാന സ്ഥലങ്ങളിൽ പോലും മിസൈലാക്രമണം നടന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഇസ്രയേൽ പക്ഷത്ത് വൻ തിരിച്ചടി നേരിട്ടെന്ന് വ്യക്തമാണ്. മെഡിറ്ററേനിയൻ നഗരമായ അഷ്‌കലോണിലെ ഇന്ധന പൈപ്പുകളിലേക്ക് മിസൈൽ വീണ് തീ ഉയരുന്ന വിഡിയോ ഇസ്രയേൽ ചാനലുകൾ തന്നെ കാണിച്ചിരുന്നു. അയൺ ഡോം പ്രതിരോധ സംവിധാനത്തിന്റെ പരാജയമാണ് ഇത് കാണിക്കുന്നത്. ഇസ്രയേലിന്റെ അമിത ആത്മവിശ്വാസത്തിന് മേലാണ് ഈ മിസൈലുകൾ വന്നുപതിച്ചത്.
ഇസ്രയേൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിയുടെ പൈപ്പ്ലൈനിനു നേരെയാണ് ആക്രമണമുണ്ടായത്. കേവലം അഞ്ച് മിനിറ്റിനുള്ളിൽ 137 മിസൈലുകളാണ് അഷ്‌കെലോണിലേക്കും അടുത്തുള്ള അഷ്ദോഡിലേക്കും ഗസ്സയിൽ നിന്ന് വിക്ഷേപിച്ചത്. ഇസ്രയേലിലെ ജനവാസ മേഖലകളിൽ പോലും മിസൈലുകൾ വീണു. നിരവധി പേർക്ക് പരുക്കേറ്റു. പത്തോളം പേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഗസ്സയിൽ നിന്നുള്ള മിസൈലുകളിൽ 90 ശതമാനവും അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം തടഞ്ഞതായാണ് ഇസ്രയേൽ സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞത്.
എന്നാൽ, ഇസ്രയേൽ ആക്രമിച്ചത് യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു. 130 ലധികം ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. 15 ഹമാസ് വക്താക്കളെ കൊന്നതായി ഇസ്രയേൽ അധികൃതർ അവകാശപ്പെട്ടു. ഗസ്സ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തത്. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെടുന്നുണ്ട്.
അയൺ ഡോം ഇസ്രയേലിന്റെ വ്യോമ പ്രതിരോധം
ലോകത്തിന് തന്നെ മാതൃകയായ വ്യോമ പ്രതിരോധ മാർഗ്ഗമായിരുന്നു അയൺ ഡോം. ഇസ്രയേലിന്റെ അതിർത്തിയിൽ ഒന്നടങ്കം അയൺ ഡോം വിന്യസിച്ചിരിക്കുകയാണ്. മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം നിർമ്മിക്കുന്നത് ഇസ്രയേലി പ്രതിരോധ കരാറുകാരൻ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് ആണ്. ഗസ്സയുമായുള്ള 2014 ലെ യുദ്ധത്തിൽ അയൺ ഡോം ഉപയോഗിച്ചിരുന്നു. ഓരോ അയൺ ഡോമിനും ഏകദേശം 100 ദശലക്ഷം ഡോളർ ആണ് വില. ഇതിൽ പ്രയോഗിക്കുന്ന ഓരോ മിസൈലിനും 50,000 ഡോളർ ചെലവുണ്ട്.
2017 ൽ അയൺ ഡോം പരിഷ്‌കരിച്ചിരുന്നു. ഇത് സ്നൈപ്പറുകളെയും ഡ്രോണുകളെയും നേരിടാൻ കൂടി സഹായിക്കുന്നതാണ് അയൺ ഡോൺ. കമ്പനി പ്രസ്താവനകൾ അനുസരിച്ച് 10 കിലോമീറ്റർ വരെയാണ് പരിധി. ലോകമെമ്പാടുമുള്ള സൈനിക സേന പതിറ്റാണ്ടുകളായി മിസൈൽ പ്രതിരോധ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ പറക്കുന്ന ബോംബുകളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വരവോടെയാണ് പ്രതിരോധ സംവിധാനങ്ങൾ വരാൻ തുടങ്ങിയത്. അതിവേഗ മിസൈലുകളെ നേരിടാൻ മറ്റൊരു ദ്രുത മിസൈൽ ആവശ്യമാണെന്ന് മിക്കവരും ആലോചിച്ചു തുടങ്ങി. ന്യൂക്ലിയർ പോർമുന വഹിക്കുന്ന ബാലിസ്റ്റിക് പ്രതിരോധ മിസൈലായ നൈക്ക് സ്യൂസ് ആദ്യമായി യുഎസ് അവതരിപ്പിച്ചത് 1961 ൽ ആണ്. എന്നാൽ അന്ന് ആ സാങ്കേതികവിദ്യ അത്ര വിജയിച്ചില്ല.
അയൺ ഡോം ഇസ്രയേലിൽ വികസിപ്പിച്ചതാകാം. പക്ഷേ അയൺ ഡോം പ്രയോഗിക്കുന്ന ഏക രാജ്യം ഇസ്രയേൽ മാത്രമല്ല എന്നാണ് റിപ്പോർട്ട്. വിലയേറിയ പ്രതിരോധ സംവിധാനം അയൺ ഡോം വാങ്ങിയ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള കാൽക്കലിസ്റ്റിന്റെ അഭ്യർത്ഥന റാഫേൽ നിരസിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും 2018 മെയ് മാസത്തിൽ റൊമാനിയൻ എയ്റോസ്പേസ് കമ്പനിയായ റൊമേറോ എസ്എ ഉൾപ്പെടെയുള്ള രാജ്യാന്തര ഇടപാടുകാരെ വെളിപ്പെടുത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അയൺ ഡോം സംവിധാനങ്ങൾ യുഎസ് സൈന്യത്തിന് 'അടിയന്തിര ആവശ്യത്തിനായി' വിൽക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.
70 കിലോമീറ്റർ വരെ പരിധിക്കുള്ളിൽ വിവിധ തരം ഹ്രസ്വ ദൂര റോക്കറ്റുകൾ തടയാൻ ഈ സംവിധാനത്തിന് കഴിയും. വൻ പീരങ്കി ബാരേജുകൾ കൈകാര്യം ചെയ്യുന്നതിനാണ് അയൺ ഡോം രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ ലോഞ്ചറിനും ഇരുപത് ഇന്റർസെപ്ഷൻ മിസൈലുകളുണ്ട്. ഒരേ സമയം നിരവധി മിസൈലുകൾ പ്രയോഗിക്കാൻ കഴിയും. ഈ മിസൈലുകൾ സ്റ്റാറ്റിസ്റ്റിക്കൽ ആയുധങ്ങളാണ്.
2012 ലെ ഓപ്പറേഷൻ ക്ലൗഡ് പില്ലർ സമയത്ത് അയൺ ഡോമിന് വൻ പരാജയം നേരിട്ടുവെന്നാണ് നിരവധി ഗവേഷകർ അവകാശപ്പെടുന്നത്. വിഡിയോ ഫൂട്ടേജുകളും വിവിധ ഫീൽഡ് റിപ്പോർട്ടുകളും അടിസ്ഥാനമാക്കി 5 ശതമാനം കൃത്യതയാണ് അന്ന് അവർ കണക്കാക്കിയത്. ഇതിനുശേഷം, 2019 മെയ് മാസത്തിൽ ഇസ്രയേലിലേക്ക് വിട്ട 690 മിസൈലുകളെ അടിസ്ഥാനമാക്കി അയൺ ഡോമിന് 85 ശതമാനം കൃത്യതയുണ്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 690 മിസൈലുകളിൽ 410 എണ്ണം ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് പതിച്ചത്. ഇതിനാൽ അയൺ ഡോം ഇടപെടേണ്ടി വന്നില്ലെന്നാണ് ഇസ്രയേൽ സൈന്യം പറഞ്ഞത്. അയൺ ഡോം വിന്യസിച്ച ഭാഗങ്ങളിലേക്ക് വന്ന 279 മിസൈലുകളിൽ 240 എണ്ണവും വിജയകരമായി തകർത്തു.
തിങ്കളാഴ്ച ആരംഭിച്ച മിസൈൽ ആക്രമണത്തിൽ ഇതുവരെ മുന്നൂറോളം ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 30 സ്‌ഫോടനങ്ങൾ നടന്നതായും പറയുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിലെ വീടുകൾ കുലുങ്ങി. താമസ സമുച്ചയം തകർന്നുവീണു. മറ്റൊരു കെട്ടിടത്തിന് സാരമായ കേടുപാടുകൾ പറ്റി. ആകാശത്ത് വൻതോതിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങളാണ്. നിരവധി ഹമാസ് നേതാക്കളെ ബുധനാഴ്ചത്തെ ആക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെൽ അവീവിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് ഗസ്സയിൽനിന്നും റോക്കറ്റുകൾ തൊടുത്തുവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
ഗസ്സക്കുനേരെയുള്ള ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. പ്രത്യാക്രമണത്തിന് ഹമാസ് കനത്ത വില നൽകേണ്ടിവരുമെന്നും ടെലിവിഷൻ പ്രഭാഷണത്തിൽ താക്കീതു നൽകി. ഇതൊരു തുടക്കം മാത്രമാണെന്നും ഗസ്സ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ സജ്ജീകരിക്കുന്നതായും ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. പ്രത്യാക്രമണത്തിൽ ഇസ്രയേലി പൗരൻ കൊല്ലപ്പെട്ട ലോദ് നഗരത്തിൽ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2014നുശേഷം ഇസ്രയേൽ ഗസ്സക്കുമേൽ നടത്തുന്ന അതിശക്തമായ ആക്രമണമാണിത്. സംഘർഷം കടുക്കുന്നതിന്റെ സൂചന നൽകി ഇസ്രയേലിലെ അറബ് ജനവിഭാഗങ്ങൾ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിഷേധക്കാർ ഡസൻ കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു.
മറുനാടന് ഡെസ്ക്