- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ - യുഎഇ സഖ്യകരാറിൽ ശരിക്കും ലാഭം അമേരിക്കയ്ക്ക്; ഉപകരാറിലൂടെ യുഎസിന്റെ എഫ്35 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി യുഎഇ; അമേരിക്കൻ യുദ്ധ വിമാനങ്ങൾ അറബ് മേഖലയിൽ കളം പിടിക്കുമ്പോൾ മുൻതൂക്കം നഷ്ടമാകുക ഇസ്രയേലിന് തന്നെ; അപകടം മണത്ത ബെഞ്ചമിൻ നെതന്യാഹു യുദ്ധ വിമാനക്കരാറിനെതിരെ എതിർപ്പുമായി രംഗത്ത്
വാഷിങ്ടൻ: യുഎഇ- ഇസ്രയേൽ സഖ്യകരാറിനെതിരായി അറബ് ലോകത്ത് ശബ്ദം ഉയർന്നു കഴിഞ്ഞു. ഇതിനിടെ ഈ കരാറു കൊണ്ട് ആർക്കാണ് നേട്ടമെന്ന ചോദ്യംവും ഉയർന്നിരിക്കയാണ്. ഈ സാഹചര്യത്തിൽ യുഎഇ, ഇസ്രയേൽ കരാറിന്റെ ഭാഗമായുള്ള ഉപകരാറിൽ നേട്ടം അമേരിക്കയ്ക്കാണ്് എന്ന വിവരങ്ങളും പുറത്തുവരുന്നു. ഇസ്രയേലിന് അറബ് ലോകത്ത് നയതന്ത്ര ബന്ധങ്ങൾ ഉണ്ടാക്കി കൊടുക്കാൻ ഉതകുന്ന കാര്യത്തിൽ പക്ഷേ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ശക്തമായിരിക്കുന്നത്.
സഖ്യ കരാറിന്റെ ഭാഗമായുള്ള ഉപകരാറിലൂടെ യുഎസിന്റെ എഫ്35 യുദ്ധവിമാനങ്ങൾ യുഎഇക്ക് ലഭിക്കുന്നത്. ഈ കരാർ യാഥാർഥ്യമായാൽ മധ്യപൂർവദേശത്തെ ഇസ്രയേലിന്റെ സൈനിക മുൻതൂക്കം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന കരാറിലൂടെ യുഎഇ ഇസ്രയേൽ പുതിയ ബന്ധം നയതന്ത്ര തലത്തിൽ മെച്ചപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ
ലോക്ഹീഡ് മാർട്ടിൻ കോർപറേഷൻ നിർമ്മിക്കുന്ന എഫ്35 യുദ്ധവിമാനങ്ങൾ വാങ്ങാൻ യുഎഇ താൽപര്യം കാണിച്ചിട്ടുണ്ടെന്ന് ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇസ്രയേൽ ഈ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഇസ്രയേലിന് മേഖലയിലുള്ള മുൻതൂക്കം നഷ്ടപ്പെടുന്നതിനെ എതിർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുദ്ധ വിമാന കരാറിന് എതിരായ നിലപാടാണ് ഇസ്രയേൽ കൈക്കൊള്ളുന്നത്.
'യുഎഇക്ക് എഫ്35 വിമാനങ്ങൾ നൽകാനുള്ള യുഎസിന്റെ നീക്കത്തെ എതിർക്കും' അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ അറബ് രാജ്യങ്ങളേക്കാൾ ഇസ്രയേലിനു മുൻതൂക്കം ലഭിക്കുന്ന അത്യാധുനിക ആയുധങ്ങളാണ് യുഎസ് നൽകുന്നതെന്ന ഉറപ്പ് ഇസ്രയേലിന് നൽകിയിട്ടുണ്ട്. എഫ്35 വിമാനങ്ങളുടെ വിൽപ്പനയ്ക്ക് വർഷങ്ങളുടെ സമയമെടുക്കും. അടുത്തിടെ 32 എഫ്35 യുദ്ധവിമാനങ്ങൾ വാങ്ങിയത് പോളണ്ടാണ്.
വിമാനങ്ങൾ ആദ്യ യൂണിറ്റുകൾ അവിടെ എത്തണമെങ്കിൽത്തന്നെ 2024 ആകണം. എഫ്35ന്റെ ഓരോ വിൽപ്പനയും കോൺഗ്രസിന്റെ അനുമതി തേടിയാകണമെന്നാണ് ചട്ടം. യുദ്ധവിമാന വിൽപ്പനയ്ക്കു പിന്നിൽ ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവും മരുമകനുമായ ജറാദ് കുഷ്നറാണെന്നാണ് വിവരം. ഇക്കാര്യത്തോടു പ്രതികരിക്കാൻ പെന്റഗണും വൈറ്റ് ഹൗസും വിസമ്മതിച്ചു.
നേരത്തെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള യുഎഇ തീരുമാനത്തിൽ അറബ് മേഖലയിൽ സമ്മിശ്ര പ്രതികരണമാണ് ഉടലെടുത്തിരുന്നത്. ഒമാൻ, ബഹ്റൈൻ, ഈജിപ്ത്, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങൾ കരാറിനെ സ്വാഗതം ചെയ്തു. ഫലസ്തീൻ നേതൃത്വം കരാർ തള്ളി. ഇറാനും തുർക്കിയും കരാറിൽ പ്രതിഷേധം രേഖപ്പെടുത്തി. യുഎഇയിൽ നിന്നും നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചതായി ഫലസ്തീൻ അറിയിച്ചു. യുഎഇയുമായുള്ള നയതന്ത്ര ബന്ധം നിർത്തിവെച്ചേക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി.
പുതിയ കരാർ പ്രകാരം അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ഭൂപ്രദേശം കൂടുതൽ പിടിച്ചെടുക്കുന്നത് ഇസ്രയേൽ നിർത്തിവെയ്ക്കും. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാക്കും. എംബസികൾ സ്ഥാപിക്കുകയും നയതന്ത്ര പ്രതിനിധിനികളെ നിയമിക്കുകയും ചെയ്യും. നേരിട്ടുള്ള വിമാന സർവീസ്, സുരക്ഷ, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജം, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ബന്ധം ശകതമാക്കും.
കരാർ ഫലസ്തീനികൾക്കള പിന്നിലേറ്റ കുത്താണെന്ന് ഗസ്സയുടെ നിയന്ത്രണമുള്ള ഹമാസ് കുറ്റപ്പെടുത്തി. ഫലസ്തീനികളുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നില്ലെന്ന് മാത്രമല്ല ഇസ്രയേൽ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഹമാസ് വക്താവ് ഹസീം ഖാസെം പ്രസ്താവനയിൽ ആരോപിച്ചു. യുഎഇ വിദേശ സഹമന്ത്രി അൻവർ ഗർഗാഷ് കരാറിനെ ന്യായീകരിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ ധീരമായ ഇടപെടൽ ഫലസ്തീൻ ഭൂമി പിടിച്ചെടുക്കുന്ന ഭീഷണി ഒഴിവാക്കിക്കൊണ്ട്, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാന അവസരങ്ങൾക്ക് കൂടുതൽ സമയം അനുവദിച്ചതായി ഗർഗാഷ് പറഞ്ഞു.
ബന്ധം സാധാരണ നിലയിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതായും ഈ നടപടി ശാശ്വതമായ പശ്ചിമേഷ്യൻ സമാധാനം കൈവരിക്കാൻ സഹായിക്കുമെന്നും ഒമാൻ പറഞ്ഞു. യുഎഇ തീരുമാനത്തിന് ഒമാൻ പിൻതുണ അറിയിച്ചു. ഫലസ്തീൻ ഭൂമി പിടിച്ചെടുക്കൽ അവസാനിപ്പിക്കുന്ന കരാറിനുവേണ്ടി പ്രവർത്തിച്ച യുഎഇയിലെ ഭരണ നേതൃത്വത്തെ ബഹ്റൈൻ പ്രശംസിച്ചു. 1967 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേൽ കൈവശപ്പെടുത്തിയ ഭൂമിയിൽ ഫലസ്തീൻ രാഷ്ട്രം സ്വീകരിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചാൽ യുഎഇ-ഇസ്രയേൽ കരാർ സ്തംഭിച്ച സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജാർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി പ്രസ്താവനയിൽ പറഞ്ഞു.
കരാർ സംബന്ധിച്ച് അമേരിക്കയും യുഎഇയും ഇസ്രയേലും തമ്മിലുള്ള സംയുക്ത പ്രസ്താവന താൻ താൽപ്പര്യത്തോടെയും അഭിനന്ദനത്തോടെയും കാണുന്നതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ട്വിറ്ററിൽ കുറിച്ചു. അതേസമയം. കരാറിനെക്കുറിച്ച് സൗദി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.കരാറിനെ ഇറാൻ ശക്തമായി അപലപിച്ചു, ഇത് തന്ത്രപരമായ വിഡ്ഡിത്തമാണെന്നും ഇത് സയണിസ്റ്റ് ഭരണത്തിനെതിരായ പ്രാദേശിക ഐക്യം ശക്തിപ്പെടുത്തുംമെന്നും ഇറാൻ പ്രസ്താവിച്ചു.
കരാറിനെ അപലപിച്ച തുർക്കി ഫലസ്തീൻ ലക്ഷ്യത്തെ സങ്കുചിത താൽപ്പര്യങ്ങൾക്കായി വഞ്ചിക്കുകയാണെന്നും ആരോപിച്ചു. ജർമ്മനിയും ഫ്രാൻസും അടക്കമുള്ള വിവിധ വിദേശ രാജ്യങ്ങൾ കരാറിനെ സ്വാഗതം ചെയ്തു. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് ഫലസ്തീനികളുമായി ദ്വിരാഷ്ട്ര പരിഹാരം കാണാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
മറുനാടന് ഡെസ്ക്