- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽജസീറയിലെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ കൂട്ടത്തോടെ ഹാക്ക് ചെയ്തു; ചോർത്തൽ ഇസ്രയേൽ കമ്പനി എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗസ്സസ് മാൽവെയർ വഴി; ലോകമാധ്യമങ്ങളെ ഞെട്ടിച്ച് വീണ്ടും ഒരു ഹാക്കിങ്ങ് വിവാദം
ഖത്തർ: വിവരങ്ങളുടെയും വസ്തുകളുടെയും സ്വകാര്യതയുടെയും മോഷണം ഇന്ന് ലോകത്ത് കോടികളുടെ ബിസനിസ് കൂടിയാണ്. ഹാക്കർമാരിൽ നിന്ന് പെന്റഗണിനും വൈറ്റ് ഹൗസിനും പോലും രക്ഷയില്ലാത്ത കാലമാണ്. ഇപ്പോഴിതാ ലോക മാധ്യമങ്ങളെ ഞെട്ടിച്ച് വീണ്ടുമൊരും ഹാക്കിങ്ങ് വിവാദം കൂടി ഉടലെടുത്തിരിക്കയാണ്. ഇസ്രയേൽ കമ്പനി എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗസ്സസ് എന്ന മാൽവെയർ ഉപയോഗിച്ച് 36 സ്വകാര്യ ഫോണുകൾ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തൽ. രാജ്യാന്തര മാധ്യമമായ അൽജസീറയിലെ മാധ്യമപ്രവർത്തകരുടെ ഐഫോണുകളിലായിരുന്നു ആക്രമണം. തീവ്രവാദവും കുറ്റകൃത്യങ്ങളും കണ്ടെത്താനും തടയാനും സർക്കാർ ഏജൻസികളെ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയാണ് എൻഎസ്ഒ. അറബ് മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തിയത് ഇസ്രയേലിന് വേണ്ടിയാണെന്നും ആരോപണം
ടൊറന്റോ ആസ്ഥാനമായുള്ള സിറ്റിസൺ ലാബിലെ ഗവേഷകരാണ് വെളിപ്പെടുത്തലിനു പിന്നിൽ. ഖത്തർ ആസ്ഥാനമായുള്ള അൽജസീറയ്ക്കു പുറമേ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽ അറബി ടിവിയിലെ മാധ്യമപ്രവർത്തകന്റെ സ്വകാര്യഫോണും ഹാക്ക് ചെയ്യപ്പെട്ടു. 'കിസ്‌മെറ്റ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചാര ശൃംഖല ഉപയോഗിച്ചാണ് ഫോണുകൾ ഹാക്ക് ചെയ്ത് മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ ചോർത്തിയതെന്നു ഗവേഷകർ പറയുന്നു.വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് പെഗസ്സസ് ഇൻസ്റ്റാൾ ചെയ്യുന്നത്. ഹാക്ക് ചെയ്യാൻ ലക്ഷ്യമിടുന്ന ഫോണിലേക്ക് ആദ്യം ഒരു ലിങ്ക് അയയ്ക്കും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിരീക്ഷണത്തിനു സഹായിക്കുന്ന മാൽവെയറോ കോഡോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. അതോടെ ആ ഫോൺ ഹാക്കർക്ക് യഥേഷ്ടം പ്രവർത്തിപ്പിക്കാം.
ഐമെസേജ്, വാട്സാപ്, ജിമെയിൽ, വൈബർ, ഫേസ്‌ബുക്, സ്‌കൈപ് മുതലായവ വഴിയുള്ള ആശയവിനിമയങ്ങൾ ഉൾപ്പെടെ തടസ്സപ്പെടുത്താനും പാസ്വേഡുകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, തത്സമയ വോയിസ് കോളുകൾ തുടങ്ങിയവ ചോർത്താനും ഫോണിന്റെ ക്യാമറ പ്രവർത്തിപ്പിക്കാനും മൈക്രോഫോൺ ഓണാക്കി റെക്കോർഡ് ചെയ്യാനുമെല്ലാം ഹാക്കർക്കു സാധിക്കും. ജിപിഎസ് ഉപയോഗിച്ച് ഫോണിന്റെ സ്ഥാനവും ചലനങ്ങളും ട്രാക്ക് ചെയ്യാനുമാവും.
ലിങ്കിനു പുറമേ മിസ്ഡ് വിഡിയോ കോൾ രൂപത്തിലും പെഗസ്സസ് ഇൻസ്റ്റാൾ ചെയ്യിക്കാൻ സാധിക്കും. വാട്സാപ്പിന്റെ പിഴവുകൾ പ്രയോജനപ്പെടുത്തുക, ടാർഗെറ്റ് ഫോണിലേക്ക് (സ്പിയർ ഫിഷിങ്) സോഷ്യൽ എൻജിനീയറിങ് പോലുള്ള വൈറസ് ബാധിത ലിങ്കുകൾ അയയ്ക്കുക എന്നിവയാണ് സാധാരണ രീതിയിൽ അനുവർത്തിക്കുന്ന രീതികൾ. പെഗസ്സസ് ഉപയോഗിച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെ 1,400 പേരുടെ രഹസ്യം ചോർത്തിയതിനു എൻഎസ്ഒ ഗ്രൂപ്പ് നിലവിൽ ഫേസ്‌ബുക്കിന്റെ നടപടി നേരിടുകയാണ്.
മറുനാടന് ഡെസ്ക്