കടുത്ത ഫലസ്തീൻ വിരുദ്ധത വെച്ചുപുലർത്തുന്ന നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി; ഇസ്രയേലിന്റെ 73 വർഷ ചരിത്രത്തിൽ ആദ്യമായി ഭരണത്തിൽ പങ്കാളിയായി അറബ് കക്ഷിയും; മന്ത്രിസഭയിൽ ഒമ്പത് വനിതാ മന്ത്രിമാരും; 12 വർഷം നീണ്ട നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച ഇസ്രയേലിലെ പുതിയ സർക്കാർ വൈരുധ്യങ്ങളുടെ സങ്കരം
- Share
- Tweet
- Telegram
- LinkedIniiiii
ടെൽ അവീവ്: വൈരുധ്യങ്ങളും വൈവിധ്യങ്ങളും ഏറെ നിറഞ്ഞ സർക്കാറിനാണ് ഇസ്രയേലിൽ പുതുതായി അധികാരത്തിൽ എത്തിയത്. ഫലസ്തീൻ വിരുദ്ധതയിൽ നെതന്യാഹുവിനെയും വെല്ലുന്ന പ്രത്യയശാസ്ത്രക്കാരനായ നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി ആകുമ്പോൾ ചരിത്രത്തിൽ ആദ്യമായി അറബ് വംശജരുടെ പാർട്ടിയും അധികാരത്തിൽ പങ്കാളികൾ ആകുന്നു എന്ന പ്രത്യേകിതയും ബെനറ്റ് സർക്കാറിനുണ്ട്. 12 വർഷം നീണ്ട നെതന്യാഹു സർക്കാരിന് അന്ത്യം കുറിച്ചു കൊണ്ടാണ് ബെനറ്റ് സർക്കാർ അധികാരത്തിൽ എത്തിയത്. ഒമ്പത് വനിതാ മന്ത്രിമാരും ഇക്കുറി മന്ത്രിസഭയിൽ ഉണ്ട്.
ഇസ്രയേൽ പാർലമെന്റിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സഖ്യ സർക്കാറിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 60 പേർ തീവ്ര വലതുപക്ഷ നേതാവായ നാഫ്റ്റലി ബെനറ്റും യായർ ലാപിഡും നേതൃത്വം നൽകുന്ന പുതിയ സർക്കാറിനെ പിന്തുണച്ചു. എന്നാൽ, 59 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. അറബ് കക്ഷി 'റാമി'ന്റെ സഈദ് അൽ ഹാറൂമി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് യായർ ലാപിഡ് വിദേശകാര്യ മന്ത്രിയായും മറ്റ് മന്ത്രിമാരും സത്യവാചകം ചൊല്ലി. ഒമ്പതു പേർ വനിതകൾ എന്നതാണ് പുതിയ മന്ത്രിസഭയുടെ പ്രത്യേകത. ഗതാഗത മന്ത്രി മെറവ് മൈക്കിളി (ലേബർ), ആഭ്യന്തര മന്ത്രി അയ്ലെറ്റ് ഷെയ്ക്ക് (യാമിന), വിദ്യാഭ്യാസ മന്ത്രി യിഫത്ത് ഷാഷ-ബിറ്റൺ (ന്യൂ ഹോപ്പ്), ധനമന്ത്രി ഓർന ബാർബിവായ് (യെഷ് അതിദ്), ഊർജ മന്ത്രി കറൈൻ എൽഹറാർ (യെഷ് അതിദ്), സാമൂഹിക സമത്വ മന്ത്രി മെറവ് കോഹൻ (യെഷ് അതിദ്), കുടിയേറ്റ സ്വാംശീകരണ മന്ത്രി പിന തമാനോ-ഷാറ്റ (ബ്ലൂ ആൻഡ് വൈറ്റ്), പരിസ്ഥിതി സംരക്ഷണ മന്ത്രി തമർ സാൻഡ്ബെർഗ് (മെറെറ്റ്‌സ്), ശാസ്ത്ര മന്ത്രി ഒറിറ്റ് ഫർക്കാഷ്-ഹാക്കോഹെൻ (ബ്ലൂ ആൻഡ് വൈറ്റ്) എന്നിവരാണ് വനിതാ മന്ത്രിമാർ.
പാർലമെന്റിന്റെ പുതിയ സ്പീക്കറായി യെഷ് അതിദിന്റെ മിക്കി ലെവി തെരഞ്ഞെടുക്കപ്പെട്ടു. 120 അംഗങ്ങളിൽ 67 പേർ മിക്കി ലെവിയെ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർ സ്ഥാനാർത്ഥി യാക്കോവ് മാർഗിക്ക് 52 വോട്ട് ലഭിച്ചു. ബെനറ്റ്-ലാപിഡ് സർക്കാറിന്റെ വിശ്വാസ വോട്ടെടുപ്പിന് ലെവിയാണ് മേൽനോട്ടം വഹിച്ചത്. അധികാര വിഭജന കരാർ പ്രകാരം പ്രധാനമന്ത്രി പദത്തിൽ ആദ്യ ഊഴം നാഫ്റ്റലി ബെനറ്റിനാണ്. 2023 സെപ്റ്റംബർ വരെയാകും ബെനറ്റിന്റെ കാലാവധി. അതു കഴിഞ്ഞുള്ള രണ്ടു വർഷം ലാപിഡ് ഇസ്രയേൽ ഭരിക്കും.
ഇസ്രയേലിന്റെ 73 വർഷ ചരിത്രത്തിൽ ആദ്യമായാണ് അറബ് കക്ഷി കൂടി ഒരു മന്ത്രിസഭയിൽ പങ്കാളിയാകുന്നത്. നാല് അംഗങ്ങളുള്ള 'റാം' ആണ് കക്ഷി. 17 അംഗങ്ങളുള്ള യെഷ് അതിദ്, എട്ടു പേരുള്ള ബ്ലൂ ആൻഡ് വൈറ്റ്, ഏഴു പേരുമായി യിസ്‌റയേൽ ബെയ്തയ്‌നു, ലേബർ, ആറു അംഗങ്ങളുള്ള യമീന, ന്യൂ ഹോപ്, മെററ്റ്‌സ് എന്നിവരടങ്ങിയ എട്ടു കക്ഷി സഖ്യമാണ് ഭരണമേറിയത്. പ്രതിപക്ഷത്ത് 59 അംഗങ്ങളുമുണ്ട്. യമീന, ന്യൂ ഹോപ് തുടങ്ങിയ കക്ഷികൾ യഹൂദ കുടിയേറ്റത്തെ പിന്തുണക്കുമ്പോൾ ജനസംഖ്യയുടെ 21 ശതമാനം വരുന്ന അറബികളുടെ പ്രതിനിധികളായ 'റാം' ഒരിക്കലും കൂടെനിൽക്കില്ലെന്നുറപ്പാണ്.
2019നു ശേഷം നാലുവട്ടം തെരഞ്ഞെടുപ്പ് നടന്നിട്ടും ഇതുവരെ കേവല ഭൂരിപക്ഷം നേടാൻ നെതന്യാഹുവിനായില്ല. വിവിധ കക്ഷികളുമായി ചേർന്ന് അധികാരം പങ്കിട്ടുവന്ന രണ്ടു വർഷത്തിനൊടുവിൽ ഇത്തവണ അതും നടപ്പാകാതെ വന്നതോടെ രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതിദിന്റെ യായർ ലാപിഡിനെ മന്ത്രിസഭയുണ്ടാക്കാൻ പ്രസിഡന്റ് ക്ഷണിക്കുകയായിരുന്നു.
അധികാരത്തിൽ നിന്ന് പുറത്തായ ബിൻയമിൻ നെതന്യാഹുവിനെ കാത്ത് നിരവധി അഴിമതി, കൈക്കൂലി കേസുകളാണുള്ളത്. പ്രധാനമന്ത്രി പദം കൈയാളുന്നുവെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് നെതന്യാഹു വർഷങ്ങളായി നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. കേസുകളിൽ പ്രതിചേർക്കപ്പെട്ട നെതന്യാഹു അധികാരം നഷ്ടമായാൽ ജയിലഴികൾ എണ്ണേണ്ടിവരുമെന്ന് ഇസ്രയേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നെതന്യാഹുവിനേക്കാൾ കടുത്ത നിലപാടുകാരൻ ബെനറ്റ്
നെതന്യാഹുവിനെക്കാൾ കടുത്ത നിലപാടുകാരനായ നഫ്താലി ബെനറ്റിന്റെ പാർട്ടിയായ യമിനയ്ക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളാണ് കിട്ടിയത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കിങ് മേക്കറായി മാറിയ ബെനറ്റ് പ്രധാനമന്ത്രി സ്ഥാനം നേടുകയായിരുന്നു. കക്ഷിനിലയിൽ യമിനയ്ക്ക് അഞ്ചാം സ്ഥാനം. യമിന എന്നാൽ ഹീബ്രുവിൽ 'വലത്തോട്ട്' എന്ന് അർഥം. വലതുപക്ഷ നിലപാടിന് വോട്ടു ചെയ്തവരെ ബെനറ്റ് വഞ്ചിച്ചെന്നാണു നെതന്യാഹുവിന്റെ ആരോപണം. അറബ്, ഇടതു കക്ഷികൾ അംഗങ്ങളായ സർക്കാരിനെ താഴെയിറക്കി താൻ തിരിച്ചെത്തുമെന്നും അദ്ദേഹം ഇന്നലെ പാർലമെന്റിൽ പറഞ്ഞു.
തന്നെ ലോകനിലവാരമുള്ള ഭരണാധികാരിയായാണു നെതന്യാഹു സ്വയം വിശേഷിപ്പിച്ചിരുന്നത്. ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തിയ നെതന്യാഹു, റഷ്യ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും വിവിധ അറബ്, ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുമായും സൗഹൃദം നിലനിർത്തി. എന്നാൽ ബൈഡൻ ഭരണകൂടവുമായി നെതന്യാഹു നല്ല ബന്ധത്തിലായിരുന്നില്ല.
പിടിച്ചതിലും വലുതാണോ അളയിൽ എന്ന ആശങ്കയാണ് ഇസ്രയേൽ - ഫലസ്തീൻ വിഷയം കൈകാര്യം ചെയ്യുന്ന പലർക്കുമുള്ളത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലകൾ മുഴുവനായും ഇസ്രയേലിനൊപ്പമാക്കുകയെന്ന സ്വപ്നം പേറുന്ന ബെനറ്റ്, ഫലസ്തീൻ രൂപീകരണം, ഇസ്രയേലിനെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന നേതാവു കൂടിയാണ്.
നാൽപത്തിയൊമ്പതുകാരനായ നഫ്താലി ബെനറ്റിന്റെ മാതാപിതാക്കൾ അമേരിക്കയിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറിയവരാണ്. സാൻഫാൻസിസ്‌കോയിൽ നിന്നാണ് ബെനറ്റിന്റെ മാതാപിതാക്കൾ ഇസ്രയേലിലേക്ക് എത്തിയത്. ഹയ്ഫ നഗരത്തിൽ ജനിച്ച ബെനറ്റ് യാഥാസ്ഥിതിക യഹൂദ കുടുംബത്തിലെ അംഗമാണ്. ഷെഫായ ഭാര്യ ഗിലാതിനും നാലു മക്കൾക്കുമൊപ്പം ടെൽ അവീവിന്റെ പ്രന്തപ്രദേശമായ റാണണയിലാണു താമസം.
ഇസ്രയേൽ സൈന്യത്തിലെ മുൻ കമാൻഡോയായ ബെനറ്റ് തന്റെ മൂത്തമകന്, 1976ൽ ഉഗാണ്ടയിൽ ബന്ദികളാക്കിയ വിമാനയാത്രക്കാരെ രക്ഷിക്കാൻ ഇസ്രയേൽ നടത്തിയ ഓപ്പറേഷനിൽ മരിച്ച നെതന്യാഹുവിന്റെ സഹോദരന്റെ പേരാണ് നൽകിയിരിക്കുന്നത്. തൊണ്ണൂറുകളിൽ ഇസ്രയേൽ സൈന്യത്തിൽ കമാൻഡോ ആയിരുന്ന ബെനറ്റ് പല സൈനിക നീക്കങ്ങളിലും പങ്കെടുത്തു. പിന്നീട് ജറുസലേമിലെ ഹീബ്രു സർവകലാശാലയിൽ നിയമം പഠിച്ചു. 1999ൽ ഹൈടെക് സെക്ടറിൽ സ്റ്റാർട്ടപ്പ് ആംരഭിച്ചശേഷം ന്യൂയോർക്കിലേക്ക് പോയി. പിന്നീട് തന്റെ ആന്റി-ഫ്രോഡ് സോഫ്റ്റ്‌വെയർ കമ്പനിയായ 'ക്യോട്ട' 2005ൽ അമേരിക്കൻ സുരക്ഷാ സ്ഥാപനമായ ആർഎസ്എയ്ക്ക് 145 മില്യൺ ഡോളറിനു വിറ്റു. തുടർന്ന് ഇസ്രയേലിലേക്കു മടങ്ങി പൊതുരംഗത്തേക്ക് എത്തുകയായിരുന്നു.
നെതന്യാഹുവിന്റെ വിശ്വസ്തനായിരുന്ന ബെനറ്റ് 2015-19 വരെ വിദ്യാഭ്യാസ മന്ത്രിയും 2019-20ൽ പ്രതിരോധമന്ത്രിയുമായിരുന്നു. 2006ൽ രാഷ്ട്രീയത്തിലെത്തിയ ബെനറ്റ് 2008 വരെ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു. 2012ൽ ജ്യൂയിഷ് ഹോം പാർട്ടിയുടെ നേതാവായി. 2018ൽ ന്യൂ റൈറ്റ് പാർട്ടി രൂപീകരിച്ചു.
2013ലാണ് ബെനറ്റ് ദേശീയരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. യഹൂദകുടിയേറ്റത്തെ അനുകൂലിക്കുന്ന പാർട്ടിയുടെ നേതാവായി മാറിയ ബെനറ്റ് നെതന്യാഹു മന്ത്രിസഭയിൽ പ്രതിരോധ, വിദ്യാഭ്യാസ വകുപ്പുകളടെ ചുമതല വഹിച്ചിരുന്നു. 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ഭാഗങ്ങൾ ഇസ്രയേലിനൊപ്പം ചേർക്കാനുള്ള നടപടികൾക്കു ചുക്കാൻ പിടിച്ചിരുന്നു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനകാലത്ത് വെസ്റ്റ് ബാങ്കിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി നെതന്യാഹു മുന്നോട്ടു പോയപ്പോൾ ശക്തമായി പിന്തുണച്ചു.
നിർമ്മാണപ്രവർത്തനങ്ങൾ ഒരു സെക്കൻഡ് പോലും നിർത്തിവയ്ക്കരുതെന്ന് ബെനറ്റ് പറഞ്ഞു. എന്നാൽ യുഎഇയുമായി കൈകോർത്തതിനു ശേഷം നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. ബെനറ്റിന്റെ നയങ്ങളുടെ കടുത്ത വിമർശകരായ അറബ് പാർട്ടിയുടെ കൂടി പിന്തുണയോടെ പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ മുൻ നിലപാടുകളിൽ എത്രത്തോളം ഉറച്ചുനിൽക്കാൻ ബെനറ്റിനു കഴിയുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
മറുനാടന് ഡെസ്ക്