ടെൽ അവീവ്: ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള ചർച്ചകളാണ് ഇന്ത്യയിലെവിടെയും. ദേശീയ ഗാനം പാടുമ്പോൾ എഴുന്നേറ്റുനിൽക്കണോ എന്നതുസംബന്ധിച്ചും രണ്ടഭിപ്രായക്കാരുണ്ട്. എന്നാൽ, അനിവാര്യമായ ഘട്ടത്തിൽ ദേശീയത തുറന്നുപ്രകടിപ്പിക്കാൻ ചങ്കുറപ്പുകാട്ടുന്നവരാണ് യഥാർഥ ദേശീയ വാദികൾ. ഇസ്രയേലിൽനിന്നുള്ള ജൂഡോ താരം താൽ ഫ്‌ളിക്കർ അത്തരത്തിലൊരു ചങ്കുറപ്പാണ് അബുദാബിയിൽ പുറത്തെടുത്തത്.

അബുദാബിയിൽ നടന്ന ജൂഡോ ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ ജേതാവായ താലിന് സ്വർണമെഡൽ നൽകിയപ്പോഴാണ് വിവാദങ്ങൾ അരങ്ങേറിയത്. ഇസ്ലാമിക രാജ്യമായ അബുദാബിയിലെ സംഘാടകർ, ഇസ്രയേലിന്റെ ദേശീയഗാനം പ്ലേ ചെയ്യാൻ വിസമ്മതിച്ചു. അതിന് പകരം അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ ഔദ്യോഗിക ഗാനമാണ് മുഴക്കിയത്. ഇതോടെയാണ് സ്വന്തം ദേശീയ ഗാനം ചൊല്ലാൻ താൽ തയ്യാറായത്. ഔദ്യോഗിക ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുമ്പോൾ, പോഡിയതത്തിൽ താൽ ഇസ്രയേൽ ദേശീയ ഗാനം ഉറക്കെ പാടിനിന്നു.

അറബ് ലോകത്തെ 18-ഓളം ഇസ്ലാമിക രാജ്യങ്ങൾ ഇപ്പോഴും ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല. നയതന്ത്രതലത്തിലും സാമ്പത്തിക സഹകരണത്തിലും അവർ ഇസ്രയേമായി യോജിക്കുന്നുമില്ല. അതിലൊന്നാണ് അബുദാബി. എന്നാൽ, താലിന് സ്വർണമെഡൽ നൽകുംനേരം രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ കൂട്ടിക്കലർത്തിയ സംഘാടകരുടെ നടപടിയെ സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ വിമർശിച്ചു. സംഘാടകരുടെ നടപടി വംശീയവിദ്വേഷം വളർത്തുന്നതാണെന്നും അവർ ആരോപിച്ചു.

ഇസ്രയേൽ എന്റെ രാജ്യമാണ്. ഒരു ഇസ്രയേലിയായതിൽ താൻ അഭിമാനം കൊള്ളുന്നു-സംഭവത്തിനുശേഷം നാട്ടിലെ ചാനലിനോട് സംസാരിക്കവെ താൽ പറഞ്ഞു.ജൂഡോ ഫെഡറേഷന്റെ ഔദ്യോഗിക ഗാനം പശ്ചാത്തലത്തിലുണ്ടായിരുന്നു. ഞാനെന്റെ ഹൃദയത്തിൽനിന്നാണ് ദേശീയ ഗാനം പാടിയത്. ഇസ്രയേലിന്റെ പതാക അവർ മറച്ചുവെച്ചുവെന്നും താൽ പറഞ്ഞു.

ടൂർണമെന്റിൽ വനിതാവിഭാഗത്തിൽ ഇസ്രയേലുകാരി ഗിൽ കോഹെൻ വെങ്കലമെഡൽ നൽകിയിരുന്നു. ഗില്ലിന്റെ മെഡൽ ദാന ചടങ്ങിലും ഇസ്രയേൽ പതാക പ്രദർശിപ്പിക്കാൻ സംഘാടകർ ത്യയാറായില്ല. ഇസ്രയേൽ താരങ്ങൾ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ നേരിടുന്നത് ആദ്യമായല്ല. 2016ലെ റിയോ ഒളിമ്പിക്‌സിൽ ഈജിപ്തിൽനിന്നുള്ള ജൂഡോ താരം ഇസ്ലാം എൽ ഷെഹാബി തന്നെ തോൽപിച്ച ഇസ്രയേൽ താരത്തിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.