- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎൻ അഭയാർത്ഥി ക്യാമ്പിനുനേർക്ക് ഇസ്രയേൽ ആക്രമണം; എട്ടു കുട്ടികൾ അടക്കം 10 പേർ കൊല്ലപ്പെട്ടു; പതിനഞ്ചുപേർക്ക് ഗുരുതര പരിക്ക്
ടെൽ അവീവ്: വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവർക്കായി ഗസ്സയിൽ പ്രവർത്തിക്കുന്ന യു എൻ അഭയാർത്ഥി ക്യാമ്പിനു നേർക്ക് ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ എട്ടു കുട്ടികളും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഒരു ചോരക്കുഞ്ഞ് അടക്കം 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ, ഹമാസ് മധ്യ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ടെൽ അവീവിനടുത്തുള്ള റമത് ഗനിലെ അമ്പതു വയസ്സുകാരൻ കൊല്ലപ്പെട്ടതായി ഇസ്രയേലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ശഅതി അഭയാർത്ഥി ക്യാമ്പിനു നേർക്കാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഇവിടെയുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെല്ലാം. നാലു നിലയുള്ള കെട്ടിടം ആക്രമണത്തിൽ തവിടുപൊടിയായതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ക്യാമ്പിലുള്ള വീട് സന്ദർശിക്കാനെത്തിയ ബന്ധുക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങൾ കിടക്കുന്നുണ്ടാവുമെന്നാണ് സംശയം. രക്ഷാപ്രവർത്തകർ ഇവിടെ തിരച്ചിൽ നടത്തുന്നുണ്ട്.
ക്യാമ്പിൽനിന്നും ആക്രമണമുണ്ടായെന്ന ഇസ്രയേലി ആരോപണം നുണയാണെന്ന്, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നാലു കുട്ടികളുടെ പിതാവ് മുഹമ്മദ് ഹദീദി അൽബിബിസിയോട് പറഞ്ഞു. ഒരു പിഞ്ചു കുഞ്ഞ് ഒഴികെ ഇദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ക്യാമ്പിൽ കഴിയുന്ന സഹോദരനെ കാണാൻ ചെന്നതായിരുന്നു തങ്ങളുടെ കുടുംബമെന്നും ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ''സുരക്ഷിതരായി വീട്ടിലിരിക്കുകയായിരുന്നു അവർ. ഒരായുധം പോലും അവരുടെ കൈയിലുണ്ടായിരുന്നില്ല. എന്നിട്ടാണ്, ആക്രമണമുണ്ടായെന്ന കള്ളം പ്രചരിപ്പിക്കുന്നത്''-അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എട്ട് അഭയാർത്ഥി ക്യാമ്പുകളാണുള്ളത്. അതിൽ ഏറ്റവും അധികം ആളുകൾ താമസിക്കുന്ന ക്യാമ്പിനു നേർക്കാണ് ആക്രമണം ഉണ്ടായത്. ഗസ്സയിലെ മൂന്നാമത്തെ വലിയ ക്യാമ്പാണിത്. അഭയാർത്ഥി ക്യാമ്പിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു എൻ സമിതി നടുക്കം പ്രകടിപ്പിച്ചു.
അതിനിടെ, മധ്യ ഇസ്രയേലിലും ടെൽ അവീവിലും ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് 50 വയസ്സുകാരൻ കൊല്ലപ്പെട്ടത്. താരതമ്യേന ശാന്തമായിരുന്ന പ്രദേശത്താണ് ആകമണം ഉണ്ടായതെന്ന് ഇസ്രയേലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച മുതൽ ഇതുവരെ ഇസ്രയേലി ആക്രമണത്തിൽ 40 കുട്ടികളും 22 സ്ത്രീകളും അടക്കം 139 ഫലസ്തീൻകാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഹമാസിന്റെ ആക്രമണങ്ങളിൽ 10 ഇസ്രയേലികൾ ഇതുവരെ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ