- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രോപരിതലത്തിലെ 1056 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ 22 ദൃശ്യങ്ങൾ വിശകലനം ചെയ്ത് ചന്ദ്രയാൻ 3 ന്റെ ലാൻഡിങ് പോയിന്റ് തീരുമാനിക്കും; ചന്ദ്രയാൻ 2 ഓർബിറ്റർ അയയ്ക്കുന്നത് അതിനിർണ്ണായക ചിത്രങ്ങൾ; ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ കൃത്രിമമായി നിർമ്മിച്ചുള്ള പരീക്ഷണങ്ങളും നിർണ്ണായകമാകും; ഇനി അതിവേഗ പരീക്ഷണങ്ങൾ; ചന്ദ്രയാൻ 3 പിഴയ്ക്കാതിരിക്കാൻ കരുതലോടെ ഇസ്രോ
തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ പേടകമിറക്കാനുള്ള സ്ഥലം കണ്ടെത്തുക ഇപ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാൻ 2 ഓർബിറ്റർ. അടുത്ത വർഷമാണു ചന്ദ്രയാൻ 3 ദൗത്യം. അന്തിമ രൂപരേഖ തയാറായെങ്കിലും തുടർപ്രവർത്തനങ്ങൾ കോവിഡ് പ്രതിസന്ധി മൂലം വൈകുകയാണ്. പുതിയ ഓർബിറ്ററും ലാൻഡറും റോവറും ഉപയോഗിച്ചായിരിക്കും ദൗത്യം. ഇതിനുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ
ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കിയ ഓർബിറ്റർ, ഏറ്റവും ഉയർന്ന റെസല്യൂഷൻ ഉള്ള (25 സെന്റിമീറ്റർ) ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ (ഒഎച്ച്ആർസി) ഉപയോഗിച്ചു ചന്ദ്രോപരിതലത്തിലെ 1056 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ 22 ദൃശ്യങ്ങൾ അയച്ചുകഴിഞ്ഞു. ഇവ വിശകലനം ചെയ്താണു ചന്ദ്രയാൻ 3 ന്റെ ലാൻഡിങ് പോയിന്റ് തീരുമാനിക്കുക. മറ്റു രാജ്യങ്ങളുടെ ചാന്ദ്രദൗത്യങ്ങൾക്കും ഈ ദൃശ്യങ്ങൾ വഴികാട്ടും. ഓർബിറ്റർ അയച്ചു തരുന്ന ചിത്രങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടക്കും.
ചന്ദ്രയാൻ 2 ഓർബിറ്റർ 4600ലേറെ തവണ ചന്ദ്രനെ വലം വച്ചു. ചന്ദ്രോപരിതലത്തിലെ 40 ലക്ഷം ചതുരശ്ര കിലോമീറ്റർ മേഖലകളുടെ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചു. 17 തവണ ഓർബിറ്ററിന്റെ ഭ്രമണപഥം കൃത്യപ്പെടുത്തൽ ദൗത്യങ്ങൾ ഐഎസ്ആർഒ പൂർത്തിയാക്കി. ചന്ദ്രയാൻ-മൂന്ന് ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾക്കായി ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ കൃത്രിമമായി നിർമ്മിക്കും. ഈ വർഷം അവസാനത്തോടെ ബംഗളൂരുവിൽനിന്നും 215 കിലോമീറ്റർ അകലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കരെയിലെ ഐ.എസ്.ആർ.ഒ കാമ്പസിലായിരിക്കും കൃത്രിമമായി ചന്ദ്രോപരിതലം പുനഃസൃഷ്ടിക്കുക.
ചന്ദ്രോപരിതലത്തിൽ ലാൻഡറും റോവറും ഇറങ്ങുന്നതി!!െന്റ പരീക്ഷണങ്ങൾ നടത്തുന്നതിനായാണ് ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നത്. ചന്ദ്രയാൻ-രണ്ടിലേതിനു സമാനമായി ഓട്ടോമാറ്റിക് സെൻസറുകൾ ഉപയോഗിച്ചായിരിക്കും ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങുക. അതിനാൽ, ലാൻഡറിലെ സെൻസറുകളുടെ പ്രവർത്തനം പരിശോധിക്കുന്ന അതിനിർണായകമായ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ട്. കൃത്രിമമായി നിർമ്മിച്ച ചന്ദ്രോപരിതലത്തിലേക്ക് സെൻസറുകൾ ഘടിപ്പിച്ച ലാൻഡറിെന്റ മാതൃകയെ സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിച്ചുള്ള പരീക്ഷണം ഉൾപ്പെടെ നടത്തും.
ചന്ദ്രോപരിതലത്തിന്റെ രണ്ടു കിലോമീറ്റർ ഉയരത്തിൽനിന്നും സെൻസറുകൾ എങ്ങനെയാണ് ലാൻഡറിനെ നിയന്ത്രിക്കുന്നതെന്ന് ഉൾപ്പെടെ ഈ പരീക്ഷണങ്ങളിലൂടെ അറിയാനാകും. ചന്ദ്രയാൻ-രണ്ടിൽ സോഫ്റ്റ് ലാൻഡിൽ പരാജയപ്പെട്ടതിനാൽ തന്നെ ഇത്തവണ പൂർണ സജ്ജമായ ലാൻഡർ ഉപയോഗിച്ച് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്ററിൽ പരീക്ഷണം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ചന്ദ്രയാൻ-രണ്ട് ദൗത്യത്തിനായും കൃത്രിമ ഗർത്തങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും അവക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയത് നിർമ്മിക്കുന്നത്.
ചന്ദ്രയാൻ 2 ദൗത്യത്തിലെ ഓർബിറ്റർ അടക്കം ഉപകരണങ്ങൾ ഒരു വർഷത്തെ പ്രവർത്തനത്തിന് അനുയോജ്യമായാണു രൂപകൽപന ചെയ്തിരുന്നത്. ഒരു വർഷം പൂർത്തിയാക്കിയ ഓർബിറ്ററിന് 7 വർഷം കൂടി ചന്ദ്രന്റെ ഭ്രമണപഥത്തിൽ തുടരാനുള്ള ഇന്ധനം ബാക്കിയുണ്ട്. നേരത്തെ ഐഎസ്ആർഒ 6 മാസം ലക്ഷ്യമിട്ടു രൂപകൽപന ചെയ്ത മംഗൾയാൻ പേടകം 5 വർഷത്തിലേറെ ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ