104 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന പി.എസ്.എൽ.വി. റോക്കറ്റ് ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ ഒന്നാം നമ്പർ രാജ്യമാക്കി മാറ്റി. അമേരിക്കയ്‌ക്കോ റഷ്യയ്‌ക്കോ മറ്റ് വികസിത രാജ്യങ്ങൾക്കോ ഇ്‌ന്നേവരെ സ്വപ്‌നം കാണാൻ പോലും കഴിയാത്ത നേട്ടമാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുപൊങ്ങിയത്. ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങളെന്ന ചരിത്രനേട്ടത്തിനൊപ്പം വൻകിട വിക്ഷേപണ പദ്ധതികളും ഐഎസ്ആർഒ ഇതോടെ സ്വന്തമാക്കി.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-2 ഉൾപ്പെടെ 104 ഉപഗ്രഹങ്ങളെയാണ് പി.എസ്.എൽ.വി സി-37 ഭ്രമണപഥത്തിലെത്തിച്ചത്. ഇതിൽ 96 എണ്ണവും അമേരിക്കയുടേതാണെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ബഹിരാകാശ ഗവേഷണരംഗത്തെ തലതൊട്ടപ്പന്മാരായ നാസയുടെ നാട്ടിൽനിന്ന് ശ്രീഹരിക്കോട്ടയിലേക്ക് 96 ഉപഗ്രങ്ങളെത്തിയത് ഐഎസ്ആർഒയുടെ മികവിനൊപ്പം വിശ്വാസ്യതയും ചേർന്നതുകൊണ്ടാണ്.

കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണം നടത്തുന്നുവെന്നതാണ് ഐ.എസ്.ആർ.ഒയെ മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ലോകത്തെ ഉപഗ്രഹ വിക്ഷേപണത്തിന്റെ കുത്തക ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്വന്തമാക്കുന്ന കാലം വിദൂരമല്ലെന്ന് അമേരിക്കയിലെ മുൻനിര പത്രങ്ങളായ വാഷിങ്ടൺ പോസ്റ്റും ന്യുയോർക്ക് ടൈംസും വിലയിരുത്തുന്നു.

അതിസങ്കീർണമായ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ ഗവേഷകരെ അഭിനന്ദിക്കാനും വിദേശ മാദ്ധ്യമങ്ങൾ മറക്കുന്നില്ല. മണിക്കൂറിൽ 17,000 മൈൽ വേഗത്തിൽ കുതിക്കവെ, സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ തീപ്പൊരി ചിതറുന്നതുപോലെ ഉപഗ്രഹങ്ങളെ വേർപെടുത്തുകയെന്നതായിരുന്നു ഇതിലെ സങ്കീർണമായ കാര്യം. പിഴവില്ലാതെ ഇ്ക്കാര്യം പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരെ അമേരിക്കയിലെയും ബ്രിട്ടനിലെയും മാദ്ധ്യമങ്ങൾ അഭിനന്ദിക്കുന്നു.

അമേരിക്കയും റഷ്യയും തമ്മിലുള്ള മത്സരമല്ല, ബഹിരാകാശ ഗവേഷണ രംഗത്തെ പ്രധാന പോരാട്ടം ഏഷ്യയിലാണ് നടക്കുന്നതെന്ന് സി.എൻ.എൻ വിലയിരുത്തി. വിസ്മയിപ്പിക്കുന്ന പ്രകടനമെന്നാണ് ലണ്ടൻ ടൈംസ് ഈ നേട്ടത്തെ വിലയിരുത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ വിക്ഷേപണ മേഖല കൈയടക്കാൻ ഈ നേട്ടം ഇന്ത്യയെ സഹായിക്കുമെന്ന് ഗാർഡിയൻ പത്രവും വിലയിരുത്തി.