നിലവിൽ സാധാരണ വലുപ്പമുള്ള പിഎസ്എൽവി റോക്കറ്റുകൾ നിർമ്മിക്കാൻ 30 മുതൽ 40 വരെ ദിവസങ്ങളെടുക്കാറുണ്ട്. എന്നാൽ വെറും മൂന്ന് ദിവസം കൊണ്ട് നിർമ്മിച്ചെടുക്കാവുന്ന ചെലവ് കുറഞ്ഞ നാനോ റോക്കറ്റുൾ നിർമ്മിക്കാനാണ് ഐഎസ്ആർഒ ഇപ്പോൾ തയ്യാറെടുക്കുന്നത്. ഇപ്പോൾ നിർമ്മിക്കുന്ന പിഎസ്എൽവി പോലുള്ള വലിയ റോക്കറ്റുകൾ നിർമ്മിക്കുന്നതിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ ഇവയ്ക്ക് വേണ്ടി വരുന്നുള്ളൂവെന്നാണ് സൂചന. ഇവ വൻ തോതിൽ നിർമ്മിച്ച ഇന്ത്യൻ ഖജനാവ് നിറയ്ക്കാനാണ് ശാസ്ത്രജ്ഞന്മാർ ഒരുങ്ങുന്നത്.ചന്ദ്രനിലും ചൊവ്വയിലും ഉപഗ്രഹങ്ങൾ എത്തിച്ച് ലോകത്തെ ഞെട്ടിച്ച ഐഎസ്ആർഒ യുടെ പുതിയ നീക്കമാണിത്.

ഒരു ലോകമാകമാനം ഒരു ലോഞ്ച് വെഹിക്കിൾ നിർമ്മിക്കുന്നതിന് 150 കോടി രൂപ മുതൽ 500 കോടി രൂപയാണ് വേണ്ടി വരുന്നത്. ഇന്ത്യൻ സ്പേസ് പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ള ഇന്റർനാഷണൽ സെമിനാറിൽ വച്ച് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ ഡോ. ശിവനാണ് പുതിയ നാനോ റോക്കറ്റുകളെക്കുറിച്ചുള്ള കാര്യങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് വിശദീകരിച്ചിരിക്കുന്നത്. ഇവ 2018 അവസാനത്തിലോ അല്ലെങ്കിൽ 2019 ആദ്യത്തിലോ ലോഞ്ച് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഇവയുടെ പേ ലോഡ് കപ്പാസിറ്റി 500 കിലോഗ്രാമിനും 700 കിലോഗ്രാമിനും ഇടയ്ക്കായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇതിന് ഭൂമിയുടെ അടുത്തുള്ള ആൽട്ടിറ്റിയൂഡിൽ മാത്രമേ കറങ്ങാൻ സാധിക്കൂ. എർത്ത് ഇമേജിങ്, വെതർ ട്രാക്കിങ് , തുടങ്ങിയവക്കാണിവ പ്രയോജനപ്പെടുത്തുക.സ്പേസിലെത്തുന്നതിനുള്ള ചെലവ് കുറയ്ക്കാൻ ഐഎസ്ആർഒ തീരുമാനിച്ചുവെന്ന് അടുത്തിടെ ഐഎസ്ആർഒചെയർമാൻ എ.എസ് കിരൺ കുമാറും ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ റോക്കറ്റുകൾ നിർമ്മിക്കുന്നതെന്ന് സൂചനയുണ്ട്. സാധാരണ പിഎസ്എൽവി നിർമ്മിക്കുന്ന ചെലവ് കൊണ്ട് ഇത്തരം നിരവധി നാനോ റോക്കറ്റുകൾ നിർമ്മിക്കാമെന്ന് ശിവൻ വെളിപ്പെടുത്തുന്നു.

ഇതിലൂടെ ഒന്നിലധികം നാനോ സാറ്റലൈറ്റുകൾ ലോഞ്ച് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. നാനോ സാറ്റലൈറ്റുകളുടെ സാധ്യതകൾ വർധിച്ച് വരുന്നതിനാലാണ് നാനോ റോക്കറ്റുകൾ നിർമ്മിക്കാൻ ഐഎസ്ആർഒ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിലൂടെ വിദേശരാജ്യങ്ങളുടെ നാനോ സാറ്റലൈറ്റുകൾ വൻ തോതിൽ വിക്ഷേപിച്ച് കൊടുത്ത് നേട്ടമുണ്ടാക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.