തിരുവനന്തപുരം: ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മുംബൈയിൽനിന്നും എത്തിച്ച കൂറ്റൻ കാർഗോ നാളെ തുമ്പ വി എസ്എസ്സിയിലെത്തും. ഇതിന് വേണ്ടിയുള്ള അവസാന ക്ലിയറൻസുകളും ലഭിച്ചുകഴിഞ്ഞു എന്ന് കാർഗോ കൊണ്ടുവരുന്ന ലോജിസ്റ്റിക്സ് കമ്പനി എക്സ്പ്രസ് ഗ്ലോബൽ ലോജിസ്റ്റിക്സിന്റെ ഓപ്പറേഷൻ മാനേജർ ദിനേശ് പഥക്ക് മറുനാടനോട് പറഞ്ഞു. നാളെ രാവിലെ ആറ് മണിക്ക് കാർഗോ കഴക്കൂട്ടത്ത് നിന്നും യാത്ര തുടരും മണിക്കൂറുകൾക്കുള്ളിൽ തുമ്പയിലെത്തും.

കപ്പൽ വഴി കൊല്ലം വരെയെത്തിയ കാർഗോ കഴിഞ്ഞ മാസം 18 നാണ് കൊല്ലം തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ചത്. മുംബൈയിൽ നിന്നാണ് വാഹനം എത്തിച്ചത്. ജൂലൈ 9ന് കാർഗോയുമായി മുംബൈയിൽ നിന്നു കപ്പൽ പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നു തുറമുഖത്തു തന്നെ ഒരു മാസത്തിലേറെ കിടക്കേണ്ടി വന്നിരുന്നു. കെഎസ്ഇബിയും പൊലീസും വളരെയധികം പരിശ്രമിച്ചാണ് ദേശീയപാതയിലൂടെ വാഹനം കടത്തിവിട്ടത്. 10 കിലോമീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കുന്ന ഈ വാഹനമെത്തുമ്പോൾ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പലയിടത്തും മറ്റു വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രയ്ക്കു തടസമാകുന്ന മരക്കൊമ്പുകളും വൈദ്യുതി കമ്പികളും മാറ്റേണ്ടതിനാൽ രാത്രിയാത്രയും ഒഴിവാക്കിയിരുന്നു.

പിന്നിട്ട 14 വൈദ്യുതി സെക്ഷനുകളിൽ ജീവനക്കാർ സുഗമമായ യാത്രയ്ക്കു രംഗത്തിറങ്ങി. എന്നാൽ പണി പുരോഗമിക്കുന്ന മാളിന് മുന്നിലെ ഫുട് ഓവർബ്രിഡ്ജ് വില്ലനായതോടെ മൂന്ന് ദിവസമായി കാർഗോ കഴക്കൂട്ടത്തിന് സമീപം വെട്ടുറോഡിൽ നിർത്തിയിട്ടിരിക്കുകയാണ്. വാഹനം കടന്നു പോകാൻ ഫുട് ഓവർ ബ്രിഡ്ജിന്റെ പൊക്കക്കുറവാണ് തടസമായത്. ഈ ഓവർബ്രിഡ്ജിന് തൊട്ടുമുമ്പ് സ്വകാര്യ സ്‌കൂളിനു മുന്നിലെ ഫുട് ഓവർ ബ്രിഡ്ജ് തടസമാകുമെന്നു കരുതിയെങ്കിലും അതിന് ആവശ്യത്തിന് ഉയരമുള്ളതായി കണ്ടെത്തി. എന്നാൽ രണ്ടാമത്തെ ഫുട് ഓവർബ്രിഡ്ജിന് കീഴിലെത്തിയാൽ തട്ടുമെന്ന് മനസിലായതോടെയാണ് വണ്ടി വെട്ടുറോഡിൽ നിർത്തിയിടാൻ നിർബന്ധിതരായത്.

ബൈപ്പാസിന് വശത്തുള്ള ഓട നിരത്തി വാഹനം കടത്തിവിടാനായി ദേശീയപാത അഥോറിറ്റിക്ക് ഐഎസ്ആർഒ അധികൃതർ കത്തു നൽകിയിരുന്നു. ഓട നിരത്താനുള്ള പണികൾ ആരംഭിച്ചുവെന്നും ഇന്ന് പണി പൂർത്തിയാകുമെന്നും ബൈപ്പാസ് പ്രോജക്ട് ഓഫീസ് അധികൃതർ അറിയിച്ചു. ഇത് കടന്നാൽ ചാക്ക ഓൾസെയിന്റ്സ് കോളജ് വഴി വാഹനം മണിക്കൂറുകൾക്കുള്ളിൽ തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലെത്തും.

96 ചക്രങ്ങളുള്ള വാഹനങ്ങളിൽ രണ്ട് കാർഗോയാണുള്ളത്. ഇതിനു 128, 56 ടൺ വീതമാണ് ഭാരം. 128 ടൺ ഭാരമുള്ള കാർഗോയുടെ നീളം 9.8 മീറ്ററും വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററുമാണ്. 56 ടൺ ഭാരമുള്ള കാർഗോയ്ക്ക് 5.1 മീറ്റർ വീതിയും 5.9 നീളവും 6.05 മീറ്റർ ഉയരവുമുണ്ട്. വാഹനത്തിന്റെ ഉയരം കൂടി ചേരുമ്പോൾ ഉയരം 7.52 മീറ്ററാകും.

ബഹിരാകാശ ദൗത്യത്തിനുള്ള വാഹനങ്ങൾ ഭ്രമണപഥത്തിലേക്ക് ഉയരുമ്പോഴും തിരികെ ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴുമുള്ള സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു പരീക്ഷണം നടത്താനുള്ള വിൻഡ് ടണലുകൾക്കായാണ് കാർഗോ മുംബൈയിൽ നിന്നും കൊണ്ടുവരുന്നത്. ഹൈപ്പർസോണിക് വിൻഡ് ടണലിലൂടെ ശബ്ദത്തിന്റെ 12 ഇരട്ടിവരെ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനങ്ങളുടെ പരീക്ഷണങ്ങൾ ഫലപ്രദമായി നടത്താൻ ഐഎസ്ആർഒയ്ക്കു കഴിയും. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിൽ ഹൈപ്പർ സോണിക് വിൻഡ് ടണൽ സുപ്രധാന പങ്കുവഹിക്കും.