- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ മുന്നിലിട്ട് മംഗലാപുരത്ത് പഠിക്കുന്ന മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്; ഫൈസിയാ ഹസന്റെ ഈ മൊഴി കുരുക്കായി; ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐയുടെ എഫ് ഐ ആർ; സിബി മാത്യൂസും ആർബി ശ്രീകുമാറും പ്രതികൾ
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസിൽ സിബിഐ എഫ് ഐ ആർ സമർപ്പിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് നടപടി. ഐഎസ്ആർ ഒ ചാരക്കേസിൽ നമ്പിനാരായണനെതിരെ നടന്ന ഗൂഢാലോചനയും സിബിഐയോട് അന്വേഷിക്കാൻ സൂപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.
മുൻ ഡിജിപി സിബി മാത്യൂസ് കേസിൽ പ്രതിയാണ്. നാലാം പ്രതിയാണ് സിബി മാത്യൂസ്. ഗുജറാത്ത് കേഡറിലെ ഐപിഎസുകാരനും ഡിജിപിയുമായിരുന്ന ആർ ബി ശ്രികുമാറും പ്രതിയാണ്. ചാരക്കേസ് റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ എസ് വിജയനാണ് ഒന്നാം പ്രതി. ജ്വാഷ അഞ്ചാം പ്രതിയാണ്. ആർബി ശ്രീകുമാർ ഏഴാം പ്രതിയും. പ്രതികൾക്കെതിരെ ഗൂഢാലോചനകുറ്റവും കസ്റ്റഡി മർദ്ദനവുമാണ് ചുമത്തിയത്.
ഗൂഢാലോചന കേസിൽ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ. എഫ്.ഐ.ആർ. സമർപ്പിച്ചത്. കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്. വിജയൻ ഒന്നാം പ്രതിയും വഞ്ചിയൂർ എസ്ഐ. ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി.ആർ. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ ഏഴാം പ്രതിയുമാണ്.
സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി തന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും സിബി മാത്യൂസ് പ്രതികരിച്ചിരുന്നു. ചാരക്കേസിൽ സ്വന്തം നിലയിലല്ല പകരം ഉദ്യോഗസ്ഥനെന്ന നിലയിലാണ് അന്വേഷണം നടത്തിയതെന്ന് പറഞ്ഞ അദ്ദേഹം സിബിഐ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം തരുമെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തിരുന്നു. ചാരക്കേസിൽ അന്വേഷണ സംഘത്തിന്റെ തലവൻ കൂടിയായിരുന്ന സിബി മാത്യൂസാണ് നമ്പി നാരായണനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. അന്ന് ഡിവൈഎസ്പിയായിരുന്നു ജ്വോഷ.
ചാരക്കേസ് സംഭവിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച അദ്ദേഹം സത്യമേ ജയിക്കുകയുള്ളൂ എന്നും എന്താണ് ഈ കേസിൽ സംഭവിച്ചതെന്ന് പറയാൻ തനിക്ക് ഒരിടത്തും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഗൂഢാലോചനയെ കുറിച്ചുള്ള ജസ്റ്റിസ് ഡി.കെ.ജയിൻ സമിതി റിപ്പോർട്ട് സിബിഐക്ക് സുപ്രീംകോടതി കൈമാറിയിരുന്നു. നമ്പിനാരായണനെ ചാരക്കേസിൽ കുടുക്കാൻ നടന്ന ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ 2018ലാണ് റിട്ട . ജസ്റ്റിസ് ഡി.കെ.ജയിനിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. ഗൂഢാലോചന നടന്നു എന്നായിരുന്നു കണ്ടെത്തൽ. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീർത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഐഎസ്ആർഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സനും രംഗത്തു വന്നിരുന്നു. അന്നത്തെ പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചതെന്ന് ഫൗസിയ പറഞ്ഞിരുന്നു. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.
ഐഎസ്ആർഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ താൻ നമ്പി നാരായണനും ശശികുമാറിനും ഡോളർ നൽകിയെന്ന് വ്യാജമൊഴി നൽകണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് ഫൗസിയ പറയുന്നു. ''ഇതിന് വിസമ്മതിച്ചപ്പോൾ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചു. തന്റെ മാറിലും കാലിലുമെല്ലാം അടിച്ചു. തന്റെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്റെ മകൾ. ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി'', ഫൗസിയ പറയുന്നു.
തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്, ''തന്റെ കുറ്റസമ്മതമൊഴി വീഡിയോയിൽ പകർത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണ്'', എന്ന് ഫൗസിയ വെളിപ്പെടുത്തുന്നു.
ജയിൻ സമിതി റിപ്പോർട്ട് പരിശോധിച്ച് തുടർനടപടിക്കു സിബിഐയ്ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശിച്ചു. ചാരക്കേസിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതി ചേർത്തതിനു പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡികെ ജയിൻ സമിതി അന്വേഷിച്ചത്. ഈ റിപ്പോർട്ട് പരിശോധിച്ച് സിബിഐ മൂന്നു മാസത്തിനകം തൽസ്ഥിതി അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. റിപ്പോർട്ട് ഒരു കാരണവശാലും പുറത്തുപോവരുതെന്നും കോടതി നിർദ്ദേശം നൽകി. ചാരക്കേസിൽ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാൻവിൽക്കർ അഭിപ്രായപ്പെട്ടു.
നമ്പി നാരായണനെ കേരള പൊലീസ് കേസിൽ കുടുക്കിയതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡികെ ജയിൻ സമിതി പരിശോധിച്ചിരുന്നു. മുദ്ര വച്ച കവറിലാണ് സമിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകിയത്. റിപ്പോർട്ടിന്റെ കോപ്പി വേണമെന്ന, ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസിന്റെയും നമ്പി നാരായണന്റെയും ആവശ്യം കോടതി തള്ളിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ