ന്യൂഡൽഹി: കാലം ഒരുപാടായെങ്കിലും ഐഎസ്ആർഒ ചാരക്കേസിലെ നിഗൂഢതകൾ പൂർണമായും ഇനിയും പുറത്തുവന്നിട്ടില്ല. കെ കരുണാകരൻ എന്ന രാഷ്ട്രീയ അതികായന്റെ പതനത്തിന് ഇടയാക്കിയ ആരോപണത്തിൽ ബലിയാടായത് നമ്പി നാരായണൻ എന്ന സാധുവായ ഉദ്യോഗസ്ഥനായിരുന്നു. ഇല്ലാക്കഥകൾ മെനഞ്ഞ് നമ്പി നാരായണനെ കുടുക്കിയ സംഭവം സമാനതകളില്ലാത്തതാണ്. ദ്വീർഘകാലത്തെ നിയമ പോരാട്ടത്തിന് ശേഷം കോടതിയിൽ നിന്നും നീതി ലഭിച്ചു. എന്നാൽ, അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ദ്രോഹിച്ച രാഷ്ട്രീയ മേലാളന്മാർ ഇപ്പോഴും ഇവിടെയുണ്ട്. അതിനിടെ ലോകം മുഴുവൻ ശ്രദ്ധിച്ച കേസിന് പിന്നിൽ ഇന്ത്യൻ ബഹിരാകാശ രംഗത്തെ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി അമേരിക്കൻ ചാര സംഘടനയായ സിഐഎ സൃഷ്ടിച്ചതാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട നിർണായക വെളിപ്പടുത്തൽ നടത്തിയിരിക്കയാണ് നമ്പി നാരായണൻ.

അമേരിക്കൻ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ട് തന്നെ കുടുക്കിയതെന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. സങ്കീർണമായ സാങ്കേതിക വിദ്യയിൽ തനിക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് അമേരിക്ക തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തതെന്നാണ് നമ്പി നാരായണൻ വ്യക്തമാക്കുന്നത്. തന്നെ പ്രതികളാക്കിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്പി നാരായണന്റെ ഹർജിയിൽ കോടതി നാളെയും വാദം കേൾക്കും.

കേസ് അന്വേഷിച്ച മുൻ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും നിർദ്ദേശാനുസരണം മൊത്തം 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നു സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് പറഞ്ഞിരുന്നു.

നഷ്ടപരിഹാരം 25 ലക്ഷമാക്കി ഉയർത്തുന്നതു പരിഗണിക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നു തുക ഈടാക്കാവുന്നതാണെന്നും കോടതി വാക്കാൽ പറഞ്ഞു. ഒരു കോടി രൂപ ആവശ്യപ്പെട്ടു താൻ വേറെ ഹർജി നൽകിയിട്ടുണ്ടെന്നു നമ്പി നാരായണൻ പറഞ്ഞെങ്കിലും തങ്ങൾ നിർദ്ദേശിച്ച പ്രകാരമുള്ള നടപടിയാവും ഉചിതമെന്നു കോടതി വ്യക്തമാക്കി. ഹർജിക്കാരനുവേണ്ടി വി.ഗിരിയാണ് ഹാജരായത്.

കേസ് തുടങ്ങുന്നത് 1994 നവംബറിലാണ്. ഐഎസ്ആർഒയിൽ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്‌പെക്ടർ എസ്.വിജയൻ രജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതിയാകുകയായിരുന്നു. അദ്ദേഹത്തിനൊപ്പം എസ്.ശശികുമാർ കൂട്ടുപ്രതിയായി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളും അറസ്റ്റിൽ. പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനിൽ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. ഇവിടെ നിന്നും പിന്നീട് നിറം പിടിപ്പിച്ച ചാരക്കഥകൾ പ്രവഹിക്കുകയായിരുന്നു.

ഫൗസിയയും മറിയം റഷീദയും പാക്ക് ചാരസംഘടനയിലെ അംഗങ്ങളാണെന്ന സൂചനകൾ പുറത്തുവന്നതോടെ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. നമ്പി നാരായണനെയും ശശികുമാറിനെയും ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്ന വെളിപ്പെടുത്തലുമുണ്ടായി.രമൺ ശ്രീവാസ്തവ ശശികുമാറിനും നമ്പി നാരായണനും അനുകൂലമായി നിലപാട് എടുത്തുവെന്ന പേരിൽ കുറ്റാരോപിതനായി. ശ്രീവാസ്തവയെ സംരക്ഷിക്കുന്ന തരത്തിൽ കെ.കരുണാകരൻ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിനു തിരിച്ചടിയായി. ഹൈക്കോടതി പരാമർശം വന്നതോടെ അദ്ദേഹം രാജിവച്ചു.

കേസ് പിന്നീട് ഇന്റലിജൻസ് ബ്യൂറോ ഐജി ആയിരുന്ന സിബി മാത്യൂസ് ഏറ്റെടുത്തു. ആർ.ബി.ശ്രീകുമാർ, മാത്യു ജോൺ എന്നീ ഡയറക്ടർമാരും അന്വേഷണ സംഘത്തിൽ. രാജ്യത്തിനു ഹിതകരമല്ലാത്ത രീതിയിൽ ശാസ്ത്രജ്ഞന്മാർ പ്രവർത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. പക്ഷേ പിന്നീട് ഹൈക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇത് വലിയൊരു നിയമപ്പോരാട്ടത്തിലേക്കും നയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരിൽ ഒരാളും പ്രഗൽഭനായ ഉദ്യോഗസ്ഥൻ എന്നു പേരു കേൾപ്പിച്ചയാളുമായ സിബി മാത്യൂസും നമ്പി നാരായണനുമായിരുന്നു ഇരുവശങ്ങളിലായി.

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വാദൗത്യമായ 'മംഗൾയാൻ' വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തിൽ ഇന്ത്യ എത്തിനിൽക്കുമ്പോൾ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്എൽവി പദ്ധതിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ സംഭാവന വിസ്മരിക്കപ്പെടുകയായിുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസ് സൃഷ്ടിച്ചതിൽ അമേരിക്കാൻ ചാരസംഘടനക്ക് പങ്കുണ്ടോ എന്ന സംശയം ഇപ്പോൾ നിയമ നടപടികൾ നടക്കുമ്പോഴും വ്യക്തമായിട്ടില്ല.