വിശാഖപട്ടണം: ബഹിരാകാശ ഗവേഷണ രംഗത്ത് നാസയെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ നേട്ടങ്ങൾ കൊയ്യുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). ഓരോ കാൽവെയ്‌പ്പും മറ്റു രാജ്യങ്ങളെ വെല്ലുന്ന തരത്തിലുള്ളതായിരിക്കണമെന്ന് നിർബന്ധമുള്ളവരാണ് ഇസ്രോയിലെ ശാസ്ത്രജ്ഞർ. അക്കാര്യത്തിൽ അവർ വിജയിക്കുകയും ഇന്ത്യയുടെ യശസ്സ് വാനോളമുയരുകയും ചെയ്യുന്നുണ്ട്. സ്വന്തമായി രൂപകൽപന ചെയ്ത അറ്റോമിക് ക്ലോക്കാണ് ഇസ്രോയുടെ കിരീടത്തിലെ ഏറ്റവും പുതിയ പൊൻതൂവൽ.

ഉപഗ്രഹങ്ങളുടെ നാവിഗേഷന് സഹായിക്കുന്നതാണ് ഈ അറ്റോമിക് ക്ലോക്ക്. നിലവിൽ ഇസ്രോ തങ്ങളുടെ ഉപഗ്രഹങ്ങൾക്കൊപ്പം ഉപയോഗിക്കുന്നത് യൂറോപ്യൻ കമ്പനിയായ ഓസ്ട്രിയം നിർമ്മിച്ച ക്ലോക്കുകളായിരുന്നു. ഇനിമുതൽ ഈ മേഖലയിലും സ്വയംപര്യാപ്ത കൈവരിക്കാനായി എന്നതാണ് ശ്രദ്ധേയമായ നേട്ടം. അഹമ്മദാബാദിലുള്ള ഇസ്രോയുടെ സ്ഥാപനമായ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (സാക്) ആണ് അറ്റോമിക് ക്ലോക്ക് വികസിപ്പിക്കുന്നതിൽ വിജയം കണ്ടത്.

അറ്റോമിക് ക്ലോക്ക് ഇപ്പോൾ ഗുണനിലവാര പരിശോധനയിലൂടെ കടന്നുപോവുകയാണെന്ന സാക് ഡയറക്ടർ തപൻ മിശ്ര പറഞ്ഞു. പരീക്ഷണങ്ങൾ പൂർത്തിയായാൽ ഈ ക്ലോക്ക് ഉപഗ്രഹങ്ങൾക്കൊപ്പം ഉപയോഗിച്ചുതുടങ്ങാനാകും. തുടക്കത്തിൽ കൃത്യതയും പ്രവർത്തനക്ഷമതയും പരിശോധിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാകും ക്ലോക്ക് ഉപഗ്രഹങ്ങൾക്കൊപ്പം ഉപയോഗിക്കുകയെന്നും തപൻ മിശ്ര പറഞ്ഞു.

അറ്റോമിക് ക്ലോക്ക് നിർമ്മിച്ചതിലൂടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ചുരുക്കം ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിലൊന്നായി ഇസ്രോ മാറി. വിദേശത്തുനിന്ന് അറ്റോമിക് ക്ലോക്ക് ഇറക്കുമതി ചെയ്തിരുന്നെങ്കിലും അതിന്റെ രൂപകല്പനയോ സാങ്കേതിക വിദ്യയോ പകർത്താൻ ഇസ്രോയിലെ ഗവേഷകർ മുതിർന്നില്ല. സ്വന്തമായി രൂപകൽപന ചെയ്ത, സ്വന്തം സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന അറ്റോമിക് ക്ലോക്കാണിതെന്നും തപൻ മിശ്ര പറഞ്ഞു. ഇസ്രോയുടെ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരേറെയാണ്. അറ്റോമിക് ക്ലോക്കുകളുടെ കാര്യത്തിലും അതേ താത്പര്യം വിദേശ ഏജൻസികൾ പ്രകടിപ്പിക്കുന്നുണ്ട്.

വിവിധ ഭ്രമണപഥങ്ങളിലുള്ള ഉപഗ്രഹങ്ങൾ അയക്കുന്ന ഡേറ്റയുടെ കൃത്യത വിലയിരുത്തുന്നത് അറ്റോമിക് ക്ലോക്കുകളുടെ സഹായത്തോടെയാണ്. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളിൽ ഉപയോഗിചച്ചിരുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റുബ്ഡിയം അറ്റോമിക് ക്ലോക്കുകളായിരുന്നു. അറ്റോമിക് ക്ലോക്കുകൾ പ്രവർത്തന രഹിതമാവുകയോ ശരിയായ സമയം കാണിക്കാതിരിക്കുകയോ ചെയ്താൽ, ഉപഗ്രഹങ്ങൾ തമ്മിലുള്ള സമയവ്യത്യാസം തെറ്റുകയും അത് ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഇല്ലാതാക്കുകയും ചെയ്യും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്് സ്വന്തമായ സാങ്കേതിക വിദ്യയിലൂടെ അറ്റോമിക് ക്ലോക്കുണ്ടാക്കാൻ ഇസ്രോ ഏറെക്കാലമായി ശ്രമിക്കുകായിരുന്നു.