ബെംഗളൂരു : രണ്ടു വർഷത്തെ കഷ്ടപ്പാട് ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഐഎസ്ആർഒയിലെ ഗവേഷകർ. 2022ൽ നടത്താൻ ഉദ്ദേശിക്കുന്ന ബഹിരാകാശ ദൗത്യത്തിനായുള്ള സ്‌പെസ് സ്യൂട്ടാണ് ഐഎസ്ആർഒ അവതരിപ്പിച്ചത്. ബെംഗളൂരുവിലുള്ള സ്‌പേസ് എക്‌സ്‌പോ
യിലായിരുന്നു സ്യൂട്ടിന്റെ പ്രദർശനം. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലായിരുന്നു സ്യൂട്ടുകൾ നിർമ്മിച്ചത്. ഇപ്പോൾ രണ്ട് സ്യൂട്ടുകളാണ് പൂർത്തിയായത്. 2022 ലെ ദൗത്യത്തിൽ പങ്കെടുക്കുന്ന മൂന്ന് സഞ്ചാരികളാണ് പങ്കെടുക്കുന്നത് നിലവിൽ രണ്ട് സ്യൂട്ടുകളുടെ നിർമ്മാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ബഹിരാകാശ യാത്രികന് ഒരു മണിക്കൂർ ശ്വസിക്കാവുന്ന ഒരു ഓക്സിജൻ സിലിണ്ടർ വഹിക്കാൻ കഴിയും എന്നതുൾപ്പടെ നിരവധി സവിശേഷതകൾ സ്യൂട്ടിനുണ്ട്.

മൂന്ന് ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിക്ക് പുറത്ത് 400 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണപഥത്തിൽ അഞ്ചു മുതൽ ഏഴുദിവസം വരെ കഴിയാവുന്ന ക്രൂ മോഡൽ ക്യാപ്സൂളും ഐ.എസ്.ആർ.ഒ അവതരിപ്പിച്ചിട്ടുണ്ട് . ഓരോ 90 മിനിട്ടിലും ഭൂമിക്ക് ചുറ്റും തിരിയാൻ പേടകത്തിന് കഴിയും. അതിനാൽ ഉള്ളിലുള്ള സഞ്ചാരികൾക്ക് ഉദയവും അസ്തമയവും കാണുവാൻ സാധിക്കും. കൂടാതെ സഞ്ചാരികൾക്ക് ഒരു ദിവസത്തിൽ രണ്ടു തവണ ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കാണാം. അതിശക്തമായ ചൂടിനെ ചെറുക്കാൻ കഴിയുന്ന താപ കവചമുള്ള പേടകത്തിന് ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്ന സമയം ബോൾ രൂപത്തിലേക്ക് മാറാനുള്ള കഴിവുമുണ്ട്.

പേടകത്തിലെ താപനില 25 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്താനും കവചം സഹായിക്കും. ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപത്തിൽ 16 മിനിട്ടുകൊണ്ട് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ട് പേടകം എത്തിച്ചേരും . തിരികെ 36 മിനിറ്റ് സമയമെടുത്താവും എത്തി ചേരുക . ഗുജറാത്തിനു സമീപത്തെ അറബിക്കടലിൽ പേടകം ഇറക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി. ഏതു അടിയന്തര സാഹചര്യം നേരിടാനും ഇന്ത്യൻ നേവിയുടെ സഹായം അവിടെ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.