ഹൈദരാബാദ്: ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിൽ(ജി.പി.എസ്) സ്വന്തമായി ഇടം തേടിയുള്ള ഇന്ത്യയുടെ യാത്രയിൽ വൻ പുരോഗതി. ഗതിനിർണ്ണയ ഉപഗ്രഹ പരമ്പരയിലെ നാലാമത്തെ ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റ(ജി.പി.എസ്)ത്തിന് സമാനമായ സേവനം ഉറപ്പാക്കുന്ന ഇന്ത്യയുടെ പദ്ധതിയിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഇപ്പോഴുണ്ടായത്. പദ്ധതിയിലെ നാലാം ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ് വൺ ഡി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചു. പത്തു വർഷത്തോളമാണ് ഉപഗ്രഹത്തിന്റെ ആയുസ്.

വൈകീട്ട് 5.19നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പിഎസ്എൽവിസി 27 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. മാർച്ച് ഒമ്പതിന് നടത്തേണ്ടിയിരുന്ന വിക്ഷേപണം ചില സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. പദ്ധതിയിലെ ഏഴ് ഉപഗ്രഹങ്ങളിൽ നാലാമത്തേതാണ് ഐ.ആർ.എൻ.എസ്.എസ് വൺ ഡി. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐ.ആർ.എൻ.എസ്.എസിന്റെ പൂർണ രൂപം. മൊത്തത്തിൽ 1420 കോടി രൂപ ചെലവ് വരുന്ന പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഐഎസ്ആർഒ

1500 കിലോമീറ്റർ പരിധിക്കുള്ളിൽ ഉപയോക്താക്കൾക്ക് കൃത്യമായ സ്ഥലവിവരങ്ങൾ നൽകാൻ ഐ.ആർ.എൻ.എസ്.എസിന് കഴിയും. വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും െ്രെഡവർമാർക്ക് റൂട്ട് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. സേവനം തുടങ്ങുന്നതിന് നാല് ഉപഗ്രങ്ങളെങ്കിലും വിക്ഷേപിക്കേണ്ടതുണ്ട്. ഇതിൽ ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു കഴിഞ്ഞു. പി.എസ്.എൽ.വി സി27 റോക്കറ്റ് ഉപയോഗിച്ചു തന്നെയായിരുന്നു നാലാം ഉപഗ്രഹത്തിന്റെ വിക്ഷേപണവും.

ഭൗമ, വ്യോമ, സമുദ്രയാത്രകളിൽ ദിശനിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ കഴിയുന്ന ഉപഗ്രഹമാണ് ഐ.ആർ.എൻ.എസ്.എസ് 1ഡി. പ്രകൃതിക്ഷോഭങ്ങളും മറ്റു കെടുതികളും ഉണ്ടാകുമ്പോൾ ഈ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കു സഹായകമാകും. നാലാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി പ്രവർത്തനക്ഷമമാവുന്നതോടെ ഇന്ത്യയുടെ ഗതിനിർണയ സംവിധാനങ്ങൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങും.

ഇതോടെ ഗതിനിർണയ പ്രക്രിയക്ക് അമേരിക്കയുടെ ഗ്‌ളോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്), റഷ്യയുടെ ഗ്‌ളോബൽ നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനം എന്നിവയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഇന്ത്യക്ക് സാധിക്കും. കൂടാതെ ഇന്ത്യൻ ഭൂഖണ്ഡ മേഖലയിൽ രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങളിൽ അടക്കം ശക്തിവർധിപ്പിക്കുന്ന നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാൻ, ചൈന, ഇന്ത്യന്മഹാസമുദ്ര ഭാഗങ്ങളും ഇന്ത്യ ജിപിഎസ് പരിധിയിൽ വരുമെന്നത് നിർണ്ണായക നേട്ടം തന്നെയാണ്. യുഎസിന്റെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യൻസ് സ്‌പേസ് ഏജൻസിയുടെ ഗലീലിയോ എന്നിവയാണ് നിലവിൽ ലോകത്തെ പ്രധാന ഗതിനിർണയ സംവിധാനങ്ങൾ.

നേരത്തെ മംഗൾയാൻ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഐഎസ്ആർഒ സ്വന്തമാക്കി മറ്റൊരു നേട്ടം കൂടിയാണ് ഇപ്പോഴത്തേത്.