മംഗളയാൻ വിക്ഷേപണത്തെ വെറുമൊരു റോക്കറ്റ് വിക്ഷേപണമായി മാത്രം കണ്ട് വിദേശരാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് മംഗളയാന്റെ വിജയം ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു. വിക്ഷേപണവിജയത്തെക്കാൾ ഉപരി പേടകത്തിന്റെ ഓരോ നീക്കവും മുൻകൂട്ടി നിശ്ചയിച്ചതു പോലെ നടക്കുകയും ചുവന്ന ഗ്രഹത്തിന്റെ യാഥാർഥ്യങ്ങളുടെ ഉള്ളറകളിലേക്ക് മംഗളയാന്റെ ചാരക്കണ്ണുകൾ കടന്ന് ചെന്നതോടെയാണ് നാസ അടക്കമുള്ള ബഹിരാകാശ ഏജൻസികൾക്ക് മംഗളയാൻ വെല്ലുവിളിയാകുന്നത്. അതു കൊണ്ട് തന്നെയാണ് മംഗളയാനിൽ നിന്ന് ലഭിച്ച് വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് നാസ ചൊവ്വയുടെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പെട്ടെന്ന് തന്നെ പുറത്ത് വിടുന്നത്. മംഗളയാനിൽ നിന്ന് ലഭിച്ച വിവരങ്ങൾ നാളെത്തെ ബഹിരാകാശ ദൗത്യങ്ങൾക്കുള്ള ചൂണ്ടുപലകയാകുമെന്നും ചൊവ്വയെ കുറിച്ച് ആധികാരികമായ അറിവുള്ള ഏജൻസി എന്ന നിലയിൽ ഐ.എസ്.ആർ.ഒ മാറുമെന്നുള്ളതിനാലാണ് ഐ.എസ്.ആർ.ഒയ്ക്ക് ഒരു പടി മുന്നേ നാസ മംഗളയാന്റെ വിവരങ്ങൾ പുറത്ത് വിടാൻ ധൃതികൂട്ടുന്നത്.

മംഗളയാനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ പൂർണരൂപം ഇപ്പോഴും പുറത്ത് വിടാൻ ഐ.എസ്.ആർ.ഒ തയ്യാറായിട്ടില്ല. ചൊവ്വയിലെ ജലസാന്നിധ്യം ഉറപ്പു വരുത്തുകയാണ് മംഗളയാന്റെ ലക്ഷ്യം എന്ന് ചിന്തിച്ച നാസയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായി മംഗളയാനിലൂടെ ഐ.എസ്.ആർ.ഒയിലേക്ക് ഒഴുകിയെത്തിയത്. 2000ൽ തന്നെ ചൊവ്വയിലെ ജലസാന്നിധ്യത്തെ കുറിച്ച് നാസ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ആധികാരിമായി ചൊവ്വയിലെ ഉറവകളെ കുറിച്ചുള്ള നാസയുടെ കണ്ടെത്തലുകൾ ആഗോളതലത്തിൽ ശ്ലാഘിക്കപ്പെടുമ്പാൾ മംഗളയാനെ കുറിച്ച് ഐ.എസ്.ആർ.ഒ മൗനം പാലിക്കുന്നത് മംഗളയാനിൽ നിന്ന് ഒന്നും ലഭിക്കാത്തു കൊണ്ടല്ല. പതിനഞ്ചു വർഷങ്ങൾക്കു മൂമ്പ് നാസ തന്നെ സൂചിപ്പിച്ച ജലാംശം ഇപ്പോൾ നീർച്ചാലായി പുനരവതരിപ്പിക്കുമ്പോൾ, അത് തങ്ങളുടെ കണ്ടെത്തലായി ലോകം അംഗീകരിക്കുമ്പോൾ മംഗളയാനിൽ നിന്ന് ലഭിച്ച വിവരങ്ങൾഐ.എസ്.ആർ.ഒ ഉടൻ തന്നെ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് നാസ.

മംഗളയാനിലെ മാർസ് ഓർബിറ്റർ മിഷൻ ഐ.എസ്.ആർ.ഒയിലേക്ക് നൽകിയത് ആധികാരികമായ വിവരങ്ങളാണെന്നതിൽ നാസയ്ക്കും സംശയമില്ല. എന്നാൽ എന്താണ് ആ വിവരങ്ങൾ എന്നറിയാനുള്ള ആകാംഷയിലാണ് നാസയടക്കമുള്ള ബഹിരാകാശ ഏജൻസികൾ. ചൊവ്വയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ നാസ നൽകി ഖ്യാതി നേടുമ്പോൾ, ഐ.എസ്.ആർ.ഒ മൗനം പാലിക്കുന്നത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഒന്ന്. മാർസ് ഓർബിറ്റർ മിഷൻ എന്ന പേലോഡ് ഡിസൈൻ ചെയ്ത ശാസ്ത്രജ്ഞന്മാർക്ക് തന്നെ അതിന്റെ അവകാശം ഉന്നയിക്കാൻ, രണ്ട്. എം.ഒ.എമ്മിൽ നിന്ന് ലഭിച്ച വിവരങ്ങൾ കുറച്ചു കൂടി ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. ഇവിടെ നാസ ഇരിക്കും മുമ്പെ കാലു നീട്ടുമ്പോൾ, ഐ.എസ്.ആർ.ഒ പയ്യെ തിന്നാൽ പനയും തിന്നാം എന്ന രീതിയാണ് അവലംബിക്കുന്നത്.

ചൊവ്വയെ പറ്റി ലോകം ഇതുവരെ അറിയാത്ത ഒട്ടേറെ രഹസ്യങ്ങൾ മംഗളയാൻ സമ്മാനിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഐ.എസ്.ആർ.ഒ ശാസത്രജ്ഞർ പൂർണമായും മനസ് തുറക്കാൻ തയ്യാറല്ല. ' കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല, പക്ഷെ ഒന്നെനിക്കുറപ്പുണ്ട്, ലോകം ഇതുവരെ അറിഞ്ഞിട്ടില്ലാത്തെ ചൊവ്വയായിരിക്കും മംഗളയാനിലൂടെ ശാസ്ത്രജ്ഞന്മാർ പുറത്ത് വിടുക. ഈ വിവരങ്ങൾ കണ്ടെത്താൻ പേലോഡിനെ തയ്യാറാക്കിയ ശാസ്ത്രജ്ഞന്മാർക്ക് തന്നെ ഇതിന്റെ ക്രെഡിറ്റെന്നും' ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്.കിരൺകുമാർ വ്യക്തമാക്കുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നും മീഥെയ്ൻ സാന്നിധ്യം മംഗളായൻ കണ്ടെത്തിയിട്ടുണ്ട്. ജീവന്റെ സാന്നിധ്യം ഉറപ്പ് വരുത്തുന്ന നിർണായക ഘടകമായ മീഥെയ്‌ന്റെ സാന്നിധ്യമുണ്ടെന്ന മംഗളയാന്റെ കണ്ടെത്തൽ ലോകത്തിന് തന്നെ പുതിയ അറിവായിരിക്കും സമ്മാനിക്കുക. കഴിഞ്ഞ മാസം 24 ന് ആഘോഷിച്ച മംഗളയാന്റെ ഒന്നാം വാർഷികത്തിലാണ് ഇക്കാര്യം അനൗദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ശാസ്ത്രജ്ഞർ തയ്യാറായതുമില്ല.

' ചൊവ്വയുടെ അന്തരീക്ഷസ്ഥിതി മാറുന്നതിനുസരിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമുള്ളതുകൊണ്ടാണ് വിവരങ്ങൾ പുറത്ത് വിടാനുള്ള കാലതാമസം. മാർസ് ഉള്ള സമയം കൊണ്ട് കഴിയാവുന്നത്ര വിവരങ്ങൾ എടുക്കുക എന്നതാണ് ലക്ഷ്യം. ഭാവിയിലെ മറ്റു പദ്ധതികൾ കൂടി കണ്ടു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്തു തന്നെയായാലും ചുവന്ന രഹസ്യത്തിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടു വന്നെന്ന ഖ്യാതി ഇന്ത്യ വിട്ടെങ്ങും പോകില്ലെന്നും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. മംഗളയാനിൽ നിന്നും ഒരാഴ്ച ഏറ്റവും കുറഞ്ഞത് 1 ടിബി ഡേറ്റകളാണ് ബംഗളരൂവിലെ മംഗളയാൻ നിയന്ത്രണ കേന്ദ്രത്തിൽ ലഭിക്കുന്നത് '

മംഗളയാനിലെ മാർസ് കളർ കാമറ ഉപയോഗിച്ച് ചൊവ്വയുടെ അതിനിർണായകമായ 456 ചിത്രങ്ങളാണ് എടുത്തത്. എം.ഒ.എമ്മിന് ചൊവ്വയെ ഒരു തവണ ഭ്രമണം ചെയ്യുന്നതിന് 3.2 ദിവസമാണ് വേണ്ടത്. ഭ്രമണത്തിനിടയിൽ നാലു ചിത്രങ്ങളാണ് എം.ഒ.എമ്മിന് എടുക്കാൻ കഴിയുന്നത്. ഇതിൽ 13 ചിത്രങ്ങൾ മാത്രമാണ് ഐ.എസ്.ആർ.ഒ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളത്. എന്തായാലും മംഗളയാന്റെ അതിനിർണായക വിവരങ്ങൾ ലോകത്ത് എത്തുംമുമ്പ് ചുവന്ന ഗ്രഹത്തിന്റെ രഹസ്യങ്ങൾ പുറത്ത് വിട്ട ഏജൻസി എന്ന ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് നാസ.