ഐഎസ്ആർഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഒന്നിച്ചുചേർന്ന് ഉപഗ്രഹം നിർമ്മിക്കുന്നു. ഭൗമനിരീക്ഷണത്തിനായി ലോകത്തെ ഏറ്റവും ചെലവേറിയ ഉപഗ്രഹത്തിന് വേണ്ടിയാണ് ഇവർ ഒരുമിക്കുന്നത്.

നാസ-ഐസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ സാറ്റലൈറ്റ് അഥവാ 'നിസാർ'(NISAR) എന്നാണ് ഇതിന്റെ പേര്. 150 കോടി രൂപയിലധികമാണ് ഉപഗ്രഹം വികസിപ്പിക്കാനുള്ള ചെലവ്. 2021 ൽ ഐഎസ്ആർഒയുടെ ജിയോ-സിംങ്ക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നാകും ഉപഗ്രഹം വിക്ഷേപിക്കുക.

ഇതുവരെയുണ്ടായതിൽ ഏറ്റവും ചിലവേറിയ എർത്ത് ഇമേജിങ് സാറ്റലൈറ്റായിരിക്കും നിസാർ എന്നാണ് കരുതപ്പെടുന്നത്. ഇരു രാജ്യങ്ങളും ഇതിനായി വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും, നിസാർ പദ്ധതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാസയിലെ ശാസ്ത്രജ്ഞൻ പോൾ എ റോസൻ പറയുന്നു.

നാസയും ഐഎസ്ആർഒയും സംയുക്തമായി ചെയ്യുന്ന ആദ്യത്തെ പ്രൊജക്ടാണിത്. രണ്ട് ഫ്രീക്വൻസിയിൽ ഒരു റഡാർ അതാണ് നിസാർ. 24 സെ.മീ ഉള്ള ഒരു എൽ ബാൻഡ് റഡാറും 13 സെമീ ഉള്ള എസ് ബാൻഡ് റഡാറുമാണ് ഈ ഉപഗ്രഹത്തിന്റെ മർമ്മഭാഗം. ഇതിൽ എൽ ബാൻഡ് നാസയും എസ് ബാൻഡ് ഐഎസ്ആർഒയുമാണ് നിർമ്മിക്കുന്നത് പോൾ റോസൻ വിശദീകരിക്കുന്നു.

ഈ രണ്ട് റഡാറുകൾ ഉപയോഗിച്ച് ഭൂമിയുടെ കൃത്യതയും വ്യക്തതയുമുള്ള ചിത്രങ്ങൾ പകർത്തുവാൻ സാധിക്കും. ഇതിലൂടെ ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ കൃത്യമായി പഠിക്കുവാനും അതുവഴി ഉരുൾപൊട്ടൽ, ഭൂചലനങ്ങൾ, അഗ്നിപർവ്വതസ്‌ഫോടനങ്ങൾ, സമുദ്രനിരപ്പിലെ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് അറിയാനും മുൻകരുതലെടുക്കാനും സാധിക്കും.

ഭൗമപാളികൾ, ഹിമപാളികൾ എന്നിവയെക്കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനും നിസാറിന് സാധിക്കും. കൂടാതെ വനം, കൃഷിഭൂമി എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, വിളനാശം എന്നിവയെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുമെന്നും ഇങ്ങനെ മനുഷ്യസമൂഹത്തേയും പ്രകൃതിയേയും ബാധിക്കുന്ന പലതരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് നിസാറിലൂടെ ലക്ഷ്യമിടുന്നതെന്നും പോൾ റോസൻ പറയുന്നു.