തിരുവനന്തപുരം: നമ്പിനാരായണൻ ആരെന്ന് അറിയില്ലെന്നും ആ പേരു പോലും കേട്ടിട്ടില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ തന്നെ വ്യക്തമാക്കിയിരുന്നു. ക്രരൂരമായ പൊലീസ് മുറയിൽ പിടിച്ച് നിൽക്കാനാവാതെ താൻ ആ പേര് പറയുകയായിരുന്നെന്നും ഫൗസിയാ ഹസന്റെ വെളിപ്പെടുത്തലുണ്ടായി. ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ഭീഷണിപ്പെടുത്തി പറയിക്കുകയായിരുന്നെന്നും ഫൗസിയ പറഞ്ഞിരുന്നു. ഐഎസ്ആർഒ ചാരവൃത്തിക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും ഇന്നും മലയാളികളുടെ മനസിലെ നിറസാന്നിധ്യമാണ്. നമ്പീ നാരായണനെ സുപ്രീംകോടതി എല്ലാ അർത്ഥത്തിലും കുറ്റവിമുക്തനാക്കുമ്പോൾ കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനിൽ ഇവരും കേസ് കൊടുത്തേക്കും.

പൊലീസ് പറയുന്നതെല്ലാം സമ്മതിച്ചില്ലെങ്കിൽ 14 വയസ്സുള്ള മകളെ മുന്നിൽക്കൊണ്ടു വന്ന് മാന ഭംഗം ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പൊലീസ് പറഞ്ഞ കള്ളക്കഥകളെല്ലാം സമ്മതിക്കേണ്ടി വന്നതെന്നും ഫൗസിയ വെളിപ്പെടുത്തിയിരുന്നു. നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമൺ ശ്രീവാസ്തവയെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞു. നമ്പി നാരായണൻ എന്ന പേരു വ്യക്തമായി പറയാൻ പോലും കഴിഞ്ഞില്ലെന്നും കുറ്റസമ്മത വിഡിയോ പകർത്തുന്നതിനിടെ പേര് എഴുതിക്കാണിച്ചു വായിപ്പിക്കുകയായിരുന്നെന്നും മറിയം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലായിരുന്നു ചാരക്കേസിലെ ഗൂഢാലോചന. നമ്പീ നാരായണനെ കുടുക്കുക മാത്രമായിരുന്നു ലക്ഷ്യം. കെ കരുണാകന്റെ മുഖ്യമന്ത്രി സ്ഥാനം ഇല്ലാതാക്കാനും കരുക്കൾ നീക്കി. ഇതും വിജയിച്ചു. കേസിലെക്ക് രമൺ ശ്രീവാസ്തവ എത്തുന്നത് അങ്ങനെയാണ്. ശ്രീവാസ്തവയെ സംരക്ഷിച്ച കരുണാകരൻ രാജ്യദ്രോഹിയായി. കരുണാകരൻ രാജിയും വച്ചു. ഇതോടെ ചാരക്കേസ് അലയൊലികളും തീർന്നു. സിബിഐ എത്തിയതോടെ പുകമറകൾ മാറി. നമ്പി നാരായണൻ കുറ്റവിമുക്തനുമായി.

ഐഎസ്ആർഒ ചാരക്കേസ് സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു. കരുണാകരനെ രാജിവയ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസൻ പറഞ്ഞു. കോഴിക്കോട് നടന്ന കെ.കരുണാകരൻ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് കരുണാകരന് കാലാവധി തികയ്ക്കാൻ അവസരം നൽകണമായിരുന്നു. കരുണാകരനെതിരേ പ്രവർത്തിച്ചതിൽ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. കരുണാകരന് പുറത്തേക്കുള്ള വാതിൽ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളിൽ വന്നത്. എന്നാൽ, അത് ശരിയായിരുന്നില്ലെന്നും ഹസൻ കൂട്ടിച്ചേർത്തിരുന്നു.

പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നാണ് കേരളത്തിൽ കോൺഗ്രസിൽ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസ്സൻ കൂട്ടിച്ചേർത്തിരുന്നു. അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരിൽ താനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ചിന്തിക്കുമ്പോൾ താൻ ലീഡറോട് ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഐഎസ്ആർഒ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ 1995-ൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.രാഷ്ട്രീയമായി വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ട കേസായിരുന്നു െഎ.എസ്.ആർ.ഒ ചാരക്കേസ്. കേസിനെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ 1995ൽ രാജിവെച്ചു.

കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവായിരുന്ന കരുണാകരനെ വെട്ടാൻ എ ഗ്രൂപ്പിന് കിട്ടിയ ആയുധമായിരുന്നു ചാരക്കേസ്. എന്നാൽ, ഈ കേസ് തനിക്കെതിരെ പ്രയോഗിച്ചവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു രാജിവെച്ചു കൊണ്ട് കരുണാകരൻ അന്ന് പറഞ്ഞത്. കരുണാകരെന്റ രാജിയെ തുടർന്ന് എ.കെ ആന്റണി കേരളാ മുഖ്യമന്ത്രിയായി. ഈ വാക്കുകളാണ് ഇപ്പോൾ സുപ്രീംകോടതി വിധിയോടെ വീണ്ടും ചർച്ചയാകുന്നത്. ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ സജീവമാണ്.

ഗൂഢാലോചനയ്ക്ക് പിന്നിലെ ശക്തി ആര്?

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐഎസ്ആർഒ ചാരക്കേസ്. തിരുവനന്തപുരം ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. എന്നാൽ റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നിൽ എന്ന് വിശ്വസിക്കപ്പെടുന്നു.

ഇതിന് മാധ്യമങ്ങളും കൂട്ടുകൂടി. ഇതോടെയാണ് നമ്പി നാരായണൻ ചാരനായകനായത്. കുറ്റാരോപിതർക്കെതിരായ മാധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടന്തങ്ങളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്ന ഈ കേസ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്ഥാന ചലനത്തിനുവരെ വഴിവെച്ചു. ദേശാഭിമാനി, കേരളകൗമുദി പത്രങ്ങളിലൂടെ കഥകൾ മെനഞ്ഞു തുടങ്ങി. പിന്നീട് ഇത് മനോരമ ഏറ്റെടുത്തു. ഈ കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സിബിഐ. ആന്വേഷണത്തിൽ കുറ്റാരോപിതർക്കെതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്ത്ത്തള്ളുകയാണുണ്ടായത്

1994 നവംബർ 30-നാണ് ഒരു രാജ്യദ്രോഹിയുടെ വീട്ടിലേക്കെന്നപോലെ നമ്പി നാരായണന്റെ വീട്ടിലേക്ക് പൊലീസുകാർ ഇരച്ചുകയറിയത്. ചാരക്കേസ് ഉണ്ടാക്കിയത് സിഐ.എ. ആയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രയോജനിക് റോക്കറ്റ് ടെക്നോളജി കൈമാറ്റം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് സിഐ.എ. അതു ചെയ്തത്. ഐ.ബി.യിലെ ഏറ്റവും മുതിർന്ന ചില ഉദ്യോഗസ്ഥരിലൂടെ ഐ.ബി.യുടെ ചട്ടുകമായി പ്രവർത്തിച്ചത് കേരള പൊലീസിലെ ചില ഉന്നതർ. 1991 ജനുവരി 18-ാം തീയതി ഐഎസ്ആർഒയും റഷ്യൻ സ്പേസ് ഏജൻസിയായ ഗ്ലാവ്കോസ്‌മോസുമായി 800-1/50 എന്ന കരാർ നിലവിൽ വന്നു. കരാർ പ്രകാരം ഗ്ലാസ്‌കോസ്‌മോസ് മൂന്ന് കെ.വി.ഡി.-1 എൻജിനുകളും അതിന്റെ സാങ്കേതികവിദ്യയും 235 കോടി രൂപയ്ക്ക് കൈമാറും. അതൃപ്തി അറിയിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ കത്ത് റഷ്യയിൽ എത്തി. കരാർ നടപ്പിലായാൽ അമേരിക്കൻ കച്ചവട താൽപ്പര്യങ്ങളെ രണ്ടുരീതിയിൽ ബാധിക്കുമായിരുന്നു.

ഒന്ന്, കരാർ തുകയായ 235 കോടി രൂപ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറുന്നതിന് അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനമിക്സ് ക്വാട്ട് ചെയ്തതിനേക്കാൾ 400 ശതമാനം കുറവായിരുന്നു. മറ്റു രാജ്യങ്ങളിലേക്ക് സാങ്കേതികവിദ്യ കൈമാറുന്നത് അമേരിക്കൻ വിലപേശലിനെ സാരമായി ബാധിക്കും. രണ്ട്, ഇന്ത്യയുടെ നിർദ്ദിഷ്ട ജിഎസ്എൽവി. പദ്ധതി പ്രകാരം ഭൂമിയിൽ നിന്ന് 36,000 കി.മി. അകലത്തിൽ വാർത്താവിനിമയ ഉപഗ്രഹമെത്തിക്കാൻ ഉദ്ദേശിച്ചിരുന്ന തുക അമേരിക്ക ഈടാക്കിവന്ന തുകയുടെ പകുതിയിലും താഴെയേ വരികയുള്ളു. അങ്ങനെ വന്നാൽ ബഹിരാകാശവ്യാപാരത്തിന്റെ നല്ലൊരു പങ്ക് ജിഎസ്എൽവി. പദ്ധതിയിലൂടെ ഇന്ത്യ തട്ടിയെടുക്കും എന്ന് അമേരിക്ക ന്യായമായും സംശയിച്ചു. ഇതായിരുന്നു നമ്പീനാരായണനെ ലക്ഷ്യമിട്ട് ചാരക്കഥ എത്തിയത്.

കിടപ്പുമുറിയിലെ 'ട്യൂണ'യായി മറിയം റഷീദ

വിസ കാലാവധി തീർന്നെന്ന് അറിയിക്കാനായി പാസ്പോർട്ടുമായി പൊലീസ് സ്റ്റേഷനിൽ വന്നതായിരുന്നു മറിയം റഷീദ. ചാരന്മാർ സ്വന്തം പാസ്പോർട്ടുമായി വരില്ലെന്ന സാമാന്യധാരണപോലും പൊലീസുകാർക്ക് ഉണ്ടായില്ല. കരള പൊലീസിലെ സിംഹങ്ങളെക്കൂടി ചോദ്യംചെയ്താൽ സിഐ.എയും രത്തൻ സെഗാളും സഹപ്രവർത്തകനായിരുന്ന എം.കെ. ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ചാരക്കേസെന്ന് നിസംശയം തെളിയുമെന്നും നമ്പി നാരായണൻ ആത്മകഥയിൽ എഴുതിയിരുന്നു.

മാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാക്കിസ്ഥാനു കടത്താൻവേണ്ടി ചാരപ്പണിചെയ്തു. ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞരെ അതിനായി അവർ വശത്താക്കി. ഇതനുരിച്ച് ഇന്ത്യൻ ഔദ്യോഗിക രഹസ്യനിയമത്തിന്റെ 3, 4, 5, വകുപ്പുകൾപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേക്കു വാർത്തകളുടെവലിയ വലിയ ഉരുളകൾ എറിഞ്ഞുകൊടുത്തു. 1994 ഒക്ടോബർ 14 നു തിരുവനന്തപുരത്തെ പൊലീസ് കമ്മിഷണർ ഓഫീസിൽ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാരവനിത സ്വന്തം പാസ്പോർട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സമാന്യധാരണപോലും ഇല്ലാതിരുന്ന പൊലീസുകാർ അവരെ നിരീക്ഷണത്തിൽവച്ചു.

ഇതിനിടയിൽ മറിയം താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ശാസ്ത്രജ്ഞനായ ശശികുമാരന്റെ വീട്ടിലേക്കു ഫോൺകോൾ പോയി എന്നും ആ ഫോൺകോളിന്റെ വെളിച്ചത്തിൽ നടത്തിയ അന്വേഷണത്തിൽ എത്തിയ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ശശികുമാരനെ അറസ്റ്റ് ചെയ്തു എന്നുമാണു പൊലീസ് ഭാഷ്യം. തുടർന്ന്, മറിയത്തെ കൊണ്ടുവന്ന സുഹൃത്തായ മാലിക്കാരി ഫൗസിയ ഹസൻ, ഐഎസ്ആർഒ സീനിയർ ശാസ്ത്രജ്ഞനായ ഞാൻ, റഷ്യൻ കമ്പനിയായ ഗ്ലവ്കോസ് മോസിന്റെ ലെയ്സൺ ഏജന്റ്. കെ. ചന്ദ്രശേഖർ, സുഹൃത്ത് ശർമ അങ്ങനെ ഒരുനിര ആളുകൾ കേരള പൊലീസിന്റെ അനധികൃത അറസ്റ്റിന് വിധേയരായി. അവരെ അപ്പപ്പോൾതന്നെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്കു കൈമാറുകയും ചെയ്തു.

ഒരു സാധാരണ കേസായി രജിസ്റ്റർ ചെയ്ത ഈ കേസിനു രഹസ്യച്ചോർച്ചയുടെ മാനം നൽകിയത് ഐ.ബിയുടെ ഇടപെടലിലൂടെയാണ്. അന്വേഷണവേളയിൽ ഐ.ബി ഉദ്യോഗസ്ഥരും കേരള പൊലീസും നൂലിൽ കെട്ടിയിറക്കിയ ചില കള്ളകഥകളാണ് ചാരക്കേസ്. ഐ.ബിയുടെ നാടകത്തിനുപിന്നിലെ ശക്തികേന്ദ്രം ആരെന്നു തിരിച്ചറിഞ്ഞാലേ അമേരിക്കയുടെ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാക്കാനാവൂ. 1996 നവംബർ 17 ന് ഇന്റലിജൻസ് ബ്യൂറോയുടെ ക്രാക് കൗണ്ടർ വിഭാഗത്തിന്റെ മേധാവി രത്തൻ സെഗാളിനെ ഐ.ബി. ഡയറക്ടർ അരുൺ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സിഐ.എ. ഏജന്റായ സ്ത്രീയ്ക്കൊപ്പം രത്തൻ സെഗാൾ യാത്ര ചെയ്തതിന്റെയും കൂടിക്കാഴ്ചകളുടെയും വീഡിയോ ടേപ്പുകൾ കാണിക്കാനായിരുന്നു അത്. ചാരക്കേസ് നടക്കുമ്പോൾ കിടപ്പുമുറിയിലെ 'ട്യൂണ'യെന്നു മറിയം റഷീദയെ കുറിച്ചെഴുതിയ വാർത്തകൾ പത്രക്കാർക്ക് എത്തിച്ചുകൊടുത്ത അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു അന്നു രത്തൻ സെഗാൾ.

അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ പേരും ചർച്ചയായിരുന്നു. റാവുവിന്റെ മകനുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങൾ. അതുകൊണ്ട് തന്നെ ഈ കേസ് ദേശീയ തലത്തിലും ചർച്ചയായിരുന്നു. കരുണാകരനെ നരസിംഹ റാവു ചതിച്ചുവെന്ന് പോലും വ്യാഖ്യാനങ്ങളെത്തി.