- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരക്കേസ് ഗൂഢാലോചനയിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും; എ ഗ്രൂപ്പ് നേതാക്കൾക്കെതിരെ പി സി ചാക്കോ
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കൾക്കെതിരെ വിമർശനവുമായി എൻസിപി നേതാവ് പിസി ചാക്കോ. ചാരക്കേസ് ഗൂഢാലോചനയിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയുമാണ്. നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ആരംഭിക്കണമെന്നും ചാക്കോ അഭിപ്രായപ്പെട്ടു.
കെ കരുണാകരനോട് പടവെട്ടി ജയിക്കാൻ കഴിയാതെ പോയ ഭീരുത്വമാണ് എ ഗ്രൂപ്പ് നേതാക്കളെ അത്തരത്തിലൊരു ഗൂഢാലോചനയിലേക്ക് നയിച്ചത്. ചാരക്കേസിൽ നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ആരംഭിക്കണം. ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും ആണ്.- ചാക്കോ പറഞ്ഞു.
മറ്റെന്തും സഹിക്കാം എന്നാൽ താൻ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവർത്തകർ തന്നെ ആരോപിക്കുക എന്നത് സഹിക്കാൻ കഴിയില്ലെന്നും ഇതെല്ലാം ആന്റണിയുടേയും ഉമ്മൻ ചാണ്ടിയുടേയും അറിവോടെയായിരുന്നുവെന്ന് കരുണാകരൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും പി സി ചാക്കോ ആരോപിച്ചു. അവർ നടത്തിയ ഗൂഢാലോചനയ്ക്കും ശ്രീവാസ്തവയ്ക്കെതിരെ സിബി മാത്യൂവിനെ പോലൊരുദ്യോഗസ്ഥൻ നടത്തിയ ഗൂഢാലോചനയ്ക്കും ബലിയാടാകേണ്ടി വന്നത് ഇന്ത്യയിലെ പ്രഗൽഭനായ ശാസ്ത്രജ്ഞനാണ്.
കോൺഗ്രസിനുള്ളിലെ ഗ്രൂപിസത്തെ തടയാൻ അന്നും ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തേയും സിബി മാത്യൂസിനേയും ചോദ്യം ചെയ്യണമെന്നും എങ്കിൽ മാത്രമേ ഇതിന് പിന്നിലെ ചുരുൾ അഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്‌ച്ചയാണ് ചാരക്കേസിലെ അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്. സമിതിയുടെ റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന് നമ്പി നാരായണൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ