ബംഗളൂരു: മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൗസിയ ബാംഗ്ലൂരിൽ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരൻ എന്ന ഗ്ലാസ്നോസ് റഷ്യൻ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകൾ പിറക്കുന്നു, ലേഖകന്മാർ മാലിക്ക് പറക്കുന്നു.. അങ്ങനെ ചാരക്കേസ് കത്തിക്കയറി. അറസ്റ്റിലായവർക്കെല്ലാം കൊടിയ പീഡനം. പൊലീസ് പറയുന്നത് പോലെ എല്ലാം അനുസരിക്കേണ്ടി വന്നു. അതിൽ ഏറ്റും ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് കെ ചന്ദ്രശേഖരൻ. ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ ചന്ദ്രശേഖരൻ. എല്ലാ വേദനകളും ഈ മനുഷ്യനെ എത്തിച്ചത് വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു.

ചാരക്കേസിൽ കേസിൽ കുറ്റാരോപിതനായതോടെ ക്രൂര മർദനങ്ങളും പീഡനങ്ങളും ഏറ്റ് മനോനില തകർന്ന നിലയിലായിരുന്നു ചന്ദ്രശേഖരനെന്ന് ഭാര്യ പറഞ്ഞു. ചാരക്കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെയാണ് അദ്ദേഹം ബെംഗളുരുവിലെ ആശുപത്രിയിൽ അന്തരിച്ചത്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ബെംഗളുരുവിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്‌സൺ ഏജന്റായിരിക്കെയാണ് ചാരക്കേസിൽപ്പെടുത്തി ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്യുന്നത്. എച്ച്എംടിയിൽ ജനറൽ മാനേജറായിരുന്ന കെജെ വിജയമ്മയാണ് ഭാര്യ. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പൊലീസ് മർദ്ദനത്തിൽ തളർന്ന ചന്ദ്രശേഖരൻ മരണത്തിന് കീഴടങ്ങുമ്പോൾ നീതിയുറക്കാനായി നിയമപോരാട്ടം നടത്തിയ നമ്പി നാരായണന് ചന്ദ്രശേഖരനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ.

ദയയും മനുഷ്യസ്നേഹവുമുള്ള നല്ല മനുഷ്യനായിരുന്നു ചന്ദ്രശേഖരൻ. എന്ന പോലെ ഒരു പാട് പീഡനങ്ങൾ ചന്ദ്രശേഖരനും ഏൽക്കേണ്ടി വന്നു. കസ്റ്റഡിയിലെ മർദ്ദനവും മറ്റും തളർത്തിയെന്നും നമ്പി നാരയണൻ പറയുന്നു. പരസ്പരം അറിയമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ വലിയൊരു വ്യക്തിബന്ധം കേസിൽ പെടുന്നതിന് മുമ്പില്ലായിരുന്നുവെന്നും നമ്പി നാരായണൻ മറുനാടനോട് പറഞ്ഞു. വളരെ നല്ല മനുഷ്യനും മറ്റുള്ളവരോട് ദയയും സ്നേഹവും ഉള്ളവനായിരുന്നു. മരണം സ്വാഭാവികമായും വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും നമ്പി നാരയാണൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ മിസെയിൽ നിർമ്മാണ രഹസ്യങ്ങൾ പാക്കിസ്ഥാന് കൈമാറി എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. ഇതിന് നമ്പിനാരായണൻ, ശശികുമാർ തുടങ്ങിയ മലയാളി ശാസ്ത്രജ്ഞന്മാരും ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ വിഷയത്തിൽ സഹകരണം പുലർത്തിയിരുന്ന റഷ്യയിലെ ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി അലക്സി വി.വാസിൻ, ബാംഗ്ലൂരിലെ വ്യവസായി ചന്ദ്രശേഖരൻ തുടങ്ങിയവരും ചേർന്ന് മറിയം റഷീദ, ഫൗസിയ എന്നീ മാലി ദ്വീപിൽ നിന്നുള്ള വനിതകളിലൂടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങൾ രാജ്യത്തുനിന്ന് പുറത്തു കടത്തി എന്നതായിരുന്നു ലോക്കൽ പൊലീസും ഇന്റലിജൻസ് ബ്യൂറോയും റോയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ വ്യവസായി എന്ന് പൊലീസ് വിളിച്ച ചന്ദ്രശേഖരൻ ഗ്ലാവ്കോസ്മോസിന്റെ ലെയ്സ്ൺ ഓഫീസർ മാത്രമായിരുന്നു. ഇദ്ദേഹത്തെയാണ് വ്യവസായ പ്രമുഖനായി മുദ്രകുത്തി ജയിലിൽ അടച്ചത്. റഷ്യൻ സഹകരണത്തോടെയായിരുന്നു നമ്പി നാരായൺ തദ്ദേശിയമായി ബഹരികാശ സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗ്ലാവ്കോസ്മോസിന്റെ പ്രതിനിധികളുമായുള്ള ഫോൺ സംഭാഷണം പതിവുമായിരുന്നു. ഇതെല്ലാം ഒരു നൂലിൽ കോർത്ത് ചാരക്കേസിനെ സുഭദ്രമാക്കാനുള്ള പൊലീസ് ബുദ്ധിയിലാണ് ചന്ദ്രശേഖരനും വീണത്.

മറിയം റഷീദ, ഫൗസിയ ഹസൻ, നമ്പി നാരായണൻ, ശശികുമാർ, ചന്ദ്രശേഖരൻ തുടങ്ങിയവരെ പ്രതികളാക്കിയെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പിന്നീട് വന്ന ഇ കെ നായനാർ സർക്കാർ ചാരക്കേസ് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും പ്രതികൾ സുപ്രീംകോടതിയിൽ പോവുകയും അന്വേഷണ തീരുമാനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഇതിന് ശേഷവും ചന്ദ്രശേഖരൻ കടുത്ത മ്ലാനതയിലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ അതിക്രുരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നത്. തിരുവനന്തപുരം: 1966 സപ്തംബർ 12ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ നമ്പി നാരായണൻ എന്ന യുവാവ് ഐഎസ്ആർഒയിൽ ജോലിക്ക് പ്രവേശിക്കുന്നു. 28 വർഷങ്ങൾക്കുശേഷം ഒക്ടോബർ 15ന് പിഎസ്എൽവിയുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം. നമ്പിനാരായണൻ എന്ന സീനിയർ സയന്റിസ്റ്റടക്കമുള്ളവർക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ.

അഞ്ചുദിവസം കഴിഞ്ഞ് മാലിദ്വീപുകാരിയായ മറിയം റഷീദ എന്ന യുവതിക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. മറിയം റഷീദയുടെ ഇന്ത്യയിലെ നിയമപരമല്ലാത്ത താമസത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ എസ്.വി.വിജയൻ എഴുതിക്കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനിടയിൽ മറിയം റഷീദയിൽ നിന്നും ഒരു ഡയറി കണ്ടെടെത്തു. 1994 സപ്തംബർ 17 മുതൽ ഒക്ടോബർ 20 വരെ മറിയം റഷീദയും സുഹൃത്തായ ഫൗസിയ ഹസ്സനും തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലിൽ റൂം നമ്പർ 205 ൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഈ സമയത്ത് വലിയമലയിലെ ഐഎസ്ആർഒയിലെ സീനിയർ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിന്റെ ഫോണിലേക്ക് ഹോട്ടൽ മുറിയിൽ നിന്ന് കോളുകൾ പോയിരുന്നതായി കണ്ടെത്തുന്നു. ഇതോടെ ഐബിയും മറിയം റഷീദയെ ചോദ്യം ചെയ്യുന്നു.

1994 നവംബർ 13ന് മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനുമെതിരെ 1923 ലെ ഒഫീഷ്യൽ സീരീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നു. നവംബർ 15ന് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തെത്തുടർന്ന് ഫൗസിയ ഹസ്സൻ, മറിയം റഷീദ, ഐഎസ്ആർഒ ക്രയോജനിക് പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡി.ശശികുമാർ, ബാംഗ്ലൂർ കേന്ദ്രീകരിച്ച റഷ്യൻ സ്‌പേസ് ഏജൻസി ഗ്ലവ്‌കോസ്‌മോസിലെ ഇന്ത്യൻ പ്രതിനിധി കെ.ചന്ദ്രശേഖരൻ, ഐഎസ്ആർഒ ലേബർ കോൺട്രാക്ടർ എസ്.കെ.ശർമ എന്നിവരും ഐഎസ്ആർഒ ക്രയോജനിക് പ്രോജക്ടിന്റെ ഡയറക്ടറായ നമ്പി നാരായണനും അറസ്റ്റ് ചെയ്യപ്പെടുന്നു.

1994 നവംബർ 30 നാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. 50 ദിവസം നമ്പിനാരായണൻ അന്വേഷണഏജൻസികളുടെ കസ്റ്റഡിയിൽ കഴിഞ്ഞു. ശാസ്ത്രജ്ഞരിൽനിന്ന് ഹണിട്രാപ്പിലൂടെ മറിയം റഷീദ ഐഎസ്ആർഒയിലെ ക്രയോജനിക് എൻജിന്റെ ചിത്രങ്ങളും രേഖകളും പാക്കിസ്ഥാനിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം.