ന്യൂഡൽഹി: സിറിയയും ഇറാഖ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെ അനുകൂലിച്ച് മലയാളത്തിൽ ബ്‌ളോഗ് പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. അൻസാറുൽ ഖിലാഫ എന്ന പേരിൽ പ്രചരിക്കുന്ന ബ്‌ളോഗ് ഇവിടെ നിന്ന് നിർമ്മിച്ചതാണെന്നോ പിന്നിൽ ആരെന്നോ കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത് കണ്ടെത്താനാണ് കേന്ദ്ര ഏജൻസിയുടെ ശ്രമം. ഐടി വിദഗ്ധരുടെ സഹായം ഇതിനായി തേടിയിട്ടുണ്ട്.

ഐ.എസിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന രീതിയിലാണ് ബ്‌ളോഗ് പ്രചരിപ്പിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരായി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ തെറ്റാണെന്നും ഇവ തെളിയിക്കുന്നതിനുള്ള ചിത്രങ്ങളും മറ്റ് വിശദീകരണങ്ങളും ബ്‌ളോഗിൽ നൽകിയിട്ടുണ്ട്. ഐ.എസിനെതിരെ ശബ്ദമുയർത്തുന്ന മുസ്ലിം സംഘടനകളെ അടക്കം ബ്‌ളോഗിൽ വിമർശിക്കുന്നുമുണ്ട്. ഐഎസിന്റെ പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് മുഴുവൻ തെറ്റാണെന്ന് ബ്ലോഗിൽ വാദിക്കുന്നു. ഇത് തെളിയിക്കുന്നതിനായി ചിത്രങ്ങളും ചേർത്തിട്ടുണ്ട്. കേരളത്തിൽ നിന്ന് ബ്ലോഗ് പ്രവർത്തിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

ന്യൂസ് സീക്കേർസ് 90 എന്ന അഡ്രസിൽ രണ്ട് ദിവസം മുമ്പാണ് ബ്ലോഗ് നിലവിൽ വന്നത്. ഐ.എസിന്റെ ക്രൂരകൃത്യങ്ങളെ ന്യായീകരിക്കുന്ന ബ്ലോഗിൽ അബൂബക്കർ ബാഗ്ദാദിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുന്നു. അൻസാറുൽ ഖിലാഫ എന്ന പേരിലുള്ള ബ്ലോഗിൽ ഐ.എസ് അമേരിക്കൻ, ഇസ്രയേൽ ചാര സംഘടനകളായ സിഐഎയുടെയും മൊസാദിന്റെയും സൃഷ്ടിയാണെന്നുള്ള പ്രചാരണത്തെ തള്ളുന്നു. ശത്രുക്കൾക്കെതിരെ ഐ.എസ് വിധി നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ട് ബ്ലോഗ് വ്യക്തമാക്കുന്നു.

ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി യഹൂദ ചാരൻ(ഇസ്രയേൽ ചാരൻ) ഷിമോൺ എലിയട്ട് എന്നയാളാണ് എന്ന പ്രചാരണത്തെ ബ്ലോഗ് തള്ളുന്നു. ഷിമോണിന്റെ് ചിത്രം മോർഫ് ചെയ്താണ് ബാഗ്ദാദിയാക്കിയതെന്നാണ് വാദം. അബൂബക്കൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നതിനെ തെളിവായി പ്രചരിച്ച ചിത്രം വ്യാജമാണെന്നും ബ്ലോഗിൽ വ്യക്തമാക്കുന്നു. ഇറാനും സൗദിയും യു.എ.ഇയും അമേരിക്കക്കും ഇസ്രയേലിനും വേണ്ടി പ്രവർത്തിക്കുകയാണെന്നും മാദ്ധ്യമങ്ങൾ ഇവരുടെ പ്രചാരകരാവുകയാണെന്നും ബ്ലോഗിൽ വിമർശനമുണ്ട്.

ശവപൂജകരായ മുസ്ലിംകളും ഷിയാക്കളുമാണ് ഐ.എസിനെ എതിർക്കുന്നതെന്നും ബ്ലോഗിൽ പറയുന്നു. ഐ.എസിന് വേണ്ടി ട്വിറ്റർ അക്കൗണ്ട് തുടങ്ങിയതിന് പശ്ചിമ ബംഗാൾ സ്വദേശി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വളരെ ഗൗരവത്തോടെയാണ് മലയാളത്തിലെ ബ്ലോഗിനേയും സുരക്ഷ ഏജൻസികൾ കാണുന്നത്. കേരളാ പൊലീസിനും ഇതു സംബന്ധച്ചി നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.