കൊരട്ടി: കൊരട്ടി പള്ളിയിൽ സംഘർഷം ശക്തമായത് അന്വേഷണ റിപ്പോർട്ട് വായിച്ച് കേൾപ്പിക്കണമെന്ന് ഇടവകക്കാരും പറ്റില്ലെന്ന് രൂപത കമ്മീഷനും കടുംപിടിത്തം നടത്തിയതോടെ. തുടർന്ന് പള്ളിയിലുണ്ടായിരുന്നവർ കൂട്ടമണി മുഴക്കിയതിനെത്തുടർന്ന് കൂട്ടമായെത്തിയ വിശ്വാസികൾ കമ്മീഷൻ അംഗങ്ങളായ വൈദീകരെ തടഞ്ഞ് വച്ചു. എന്നിട്ടും വഴങ്ങാതായതോടെ ഇവരുടെ പക്കൽ നിന്ന് രേഖകൾ പിടിച്ചുവാങ്ങി.

രാത്രി എട്ടരയോടെ ആരംഭിച്ച സംഘർഷവസ്ഥ പുലർച്ചെ ഒന്നരയ്ക്ക് വൈദികർ സ്ഥലം വിടും വരെ നീണ്ടു. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വിശ്വാസികൾ ഇന്ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് വിശ്വാസികൾ. കൊരട്ടി പള്ളി വികാരി മാത്യൂ മണവാളനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളെക്കുറിച്ച് ഇന്നലെ നടന്ന രൂപത കമ്മീഷൻ തെളിവെടുപ്പും തുടർന്നുണ്ടായ സംഭവ പരമ്പരകളും വീണ്ടും സഭയ്ക്ക് വലിയ തലവേദനയായി മാറുകയാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പള്ളിയിലെത്തുമെന്നായിരുന്നു രൂപത കമ്മീഷൻ അംഗങ്ങളായ വൈദികർ ഇടവകക്കാരെ അറിയിച്ചിരുന്നത്. എന്നാൽ ഇവർ രണ്ടരയോടെ തന്നെ പള്ളിയിലെത്തി. തുടർന്ന് ഏതാനും പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ആറ് മണിയോടെ ഇവർ പോകാനിറങ്ങി. ഈ സമയം തെളിവെടുപ്പിൽ ഒപ്പമുണ്ടായിരുന്ന ഇടവകാംഗങ്ങൾ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് വിശ്വാസികളെ ബോദ്ധ്യപ്പെടുത്തണമെന്ന് ഇവരോട് ആവശ്യപ്പെട്ടു.

ആദ്യം ഇക്കാര്യം തത്വത്തിൽ അംഗീകരിച്ച വൈദികർ പിന്നീട് ഈ നിലപാടിൽ നിന്ന് പിൻവലിഞ്ഞു. ഇതോടെ പള്ളിലുണ്ടായിരുന്ന ഇടവക്കാരിൽ ഭൂരിപക്ഷവും രോക്ഷാകൂലരായി. രാത്രി എട്ടരയോടെ ഇവരിലൊരാൾ കൂട്ടമണി മുഴക്കി. ഇതോടെ വിശ്വാസികൾ കുടുംബ സഹിതം പള്ളിയിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. ഏതാണ്ട് ഒരുമണിക്കൂറിനുള്ളിൽത്തന്നെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. എന്തും സംഭിക്കാവുന്ന അവസ്ഥ സംജാതമായതോടെ പൊലീസും സ്ഥലത്തെത്തി. റിപ്പോർട്ട് വെളിപ്പെടുത്തണമെന്ന് പള്ളിക്കകത്ത് തടിച്ചുകൂടിയ വിശ്വാസികൾ പലവട്ടം ആവശ്യപ്പെട്ടെങ്കിലും വൈദികരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ കൂട്ടംചേർന്ന് ബലപ്രയോഗത്തിലുടെ വൈദികരുടെ കൈവശമുണ്ടായിരുന്ന രേഖകൾ പിടിച്ചെടുക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് വിശ്വാസികൾ വൈദികരെ പോകാൻ അനുവദിച്ചത്.

ഏത് പിതാവാണ് കമ്മീഷൻ അംഗങ്ങളെ നിയമിച്ചതെന്ന തങ്ങളുടെ ചോദ്യത്തിന് മറുപടി ലഭിക്കാതിരുന്നതും ഇതിനുമുമ്പ് നടന്ന തെളിവെടുപ്പിൽ കണ്ടെത്താതിരുന്ന സ്വർണം വിറ്റ ബിൽ ഇന്നലെ പൊങ്ങിവന്നതുമാണ് വിശ്വാസികളെ കൂടുതൽ ചൊടിപ്പിച്ചത്. ഇങ്ങിനെ ഒരു ബില്ല് ഇതുവരെ തങ്ങളെ കാണിച്ചിട്ടില്ലന്നും ഇത് വ്യാജമാണെന്ന് സംശയമുണ്ടെന്നും നേരത്തെ ഇടവക നിയോഗിച്ച് അന്വേഷണ കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കിയതോടെ വിശ്വാസികളിൽ ഒരു വിഭാഗം രൂപത കമ്മിഷനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു.

ആലുക്കാസ് ജ്വലറിയിൽ 48 ലക്ഷം രൂപയുടെ സ്വർണം വിൽപ്പന നടത്തിതായിട്ടാണ് രൂപത കമ്മീഷൻ ഹാജരാക്കിയ ബില്ലിൽ നിന്നും വ്യക്തമാവുന്നത് .ഈ തുക അന്വേഷണ രൂപത തെളിവെടുപ്പ് സംഘം തങ്ങൾ കണ്ടെത്തിയ വിവരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നെന്നും ഇത് വികാരി ഫാ.മാത്യൂ മണവാളനെ രക്ഷിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നെന്നുമാണ് ഇടവകാംഗങ്ങളുടെ ആരോപണം. നേരത്തെ സ്വർണം വിറ്റപ്പോൾ ആലുക്കാസിൽ നിന്നും ലഭിച്ച ബില്ലും ഇപ്പോൾ രൂപത കമ്മീഷൻ ഹാജരാക്കിയ ബില്ലും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസമുണ്ടെന്നും ഇന്നലെ രൂപത കമ്മീഷൻ ഹാജരാക്കിയ ബില്ല് ആരോ കമ്പ്യൂട്ടറിൽ തയ്യാറാക്കി നൽകിയതാണെന്ന് സംശയിക്കുന്നതായും മറ്റുമുള്ള വെളിപ്പെടുത്തലുകളും വിശ്വാസികളുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു.

രൂപത കമ്മീഷൻ അംഗങ്ങളുടെ ഒരുവിധത്തിലുള്ള ഇടപെടലുകളും ഇനി അംഗീകരിക്കേണ്ടതില്ലന്നും വികാരി മാത്യു മണവാളന്റെ കുർബ്ബാന ബഹിഷ്‌കരിക്കണമെന്നുമാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന വിശ്വാസികളുടെ യോഗം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭക്തർ കാണിക്കയായി നൽകിയ സ്വർണം വിറ്റതിൽ ക്രമക്കേടുണ്ടെന്ന് ഇടവക വിശ്വാസികളുടെ പരാതിയിലെ അന്വേഷണമാണ് പള്ളിവികാരിയെ വെട്ടിലാക്കിയത്. സ്വർണം വിറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ ഇടവക വികാരി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ പകർപ്പ് പുറത്ത് വന്നിരുന്നു.

സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യകതമാക്കി. ഇടവകയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പള്ളിയിൽ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷൻ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂൾ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യിൽ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. പള്ളിയിൽ ഇതിന് മാത്രമായി സൂക്ഷിക്കുന്ന കണക്കും വികാരി കാണിച്ചു നൽകി. ഇതിൽ 67 ലക്ഷം രൂപ മാത്രമാണ് കണക്കു വെച്ചിരിക്കുന്നത്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംശയാസ്പദമാണെന്ന വിധത്തിലേക്ക് വിരൾ ചൂണ്ടുന്നുണ്ട് അന്വേഷണ കമ്മീഷൻ.

കഴിഞ്ഞ മാസം നടന്ന പൊതുയോഗത്തിൽ സ്ഥലക്കച്ചവടം ഒന്നു നടന്നില്ലെന്നാണ് ഇടവക ജനങ്ങളോട് അറിയിച്ചത്. എന്നാൽ, അന്വേഷണത്തിൽ വ്യക്തമായത് മറ്റൊരു കാര്യമാണ്. വഴിച്ചാൽ പള്ളിയുടെ പിറകു വശത്ത് 10 സെന്റ് സ്ഥലം 3,40,000 രൂപയ്കകാ വാങ്ങാൻ തീരുമാനിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥലമിടപാടിനായി പണം വാങ്ങിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. വഴിച്ചാൽ പള്ളിയുടെ പിറകിലായി വഴിയില്ലാത്ത സ്ഥലമാണ് വാങ്ങിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം മുൻവികാരി വാങ്ങേണ്ടെന്ന് വെച്ച് സ്ഥലവും പിന്നീട് പള്ളിക്കമ്മറ്റി വാങ്ങിയെന്നും ഇതിനായാണ് കൊരട്ടി മുത്തിയുടെ പുരാതന സ്വർണം വിിൽക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിൽ ആദ്യം ഇടപാടൊന്നും നടന്നില്ലെന്ന് പറഞ്ഞ വികാരിയെ വെട്ടിലാക്കുന്ന തെളിവുകളാണ് ഓരോന്നായി അന്വേഷണത്തിൽ പുറത്തുവന്നത്.