കാക്കനാട്: താരസംഘടനയിൽ മാത്രമല്ല പുറത്തും ശബ്ദമുയർത്തി തുറന്നടിക്കാനുള്ള ധൈര്യമുള്ളയാളാണ് നടൻ സിദ്ദീഖ് എന്ന് ഉറപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാതയോരത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡ് മാറ്റാനെത്തിയ തൃക്കാക്കര നഗരസഭയലെ ഉദ്യോഗസ്ഥരോടാണ് നടൻ സിദ്ദീഖ് കയർത്തത്. എന്നാൽ നടൻ ശബ്ദമുയർത്തി സംസാരിച്ച വേളയിലും സൗമ്യത കൈവിടാതെ നിലപാടെടുക്കുകയും നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ച നഗരസഭാ ജീവനക്കാർക്ക് മുൻപിൽ സിദ്ദീഖിന് കീഴടങ്ങേണ്ടി വന്നു. ഇതോടെ താരസംഘടനയിലെ പ്രശ്‌നങ്ങൾക്ക് പുറമേ സിദ്ദീഖ് രണ്ടാം കുരുക്കിൽ പെട്ടിരിക്കുകയാണ്.

തിരക്കേറിയ പാതയോരങ്ങളിലും വളവുകളിലും സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരോടാണ് നടൻ തട്ടിക്കയറിയത്. സീപോർട്-എയർപോർട്ട് റോഡിനു സമീപം സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള മമ്മ മിയ എന്ന ഹോട്ടലിന്റെ സൈൻ ബോർഡ് അധികൃതർ നീക്കം ചെയ്യാനെത്തിയത്.

ധൈര്യമുണ്ടെങ്കിൽ നീയൊക്കെ ഈ ബോർഡിൽ ഒന്നു തൊട്ടുനോക്ക് എന്നു വെല്ലുവിളിച്ച നടനെ തൃക്കാക്കര പൊലീസും നഗരസഭാ സെക്രട്ടറി ഷിബുവും കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഉദ്യോഗസ്ഥരും നടനുമായുള്ള വാക്കേറ്റം കാണാൻ സീപോർട് എയർപോർട് റോഡിൽ വാഹനങ്ങൾ നിർത്തി യാത്രക്കാർ പുറത്തിറങ്ങി. ആൾക്കൂട്ടം കാഴ്ചക്കാരായതോടെ വില്ലൻ വേഷം തകർത്താടി നടൻ നില ഉറപ്പിച്ചു.

സാവകാശം നൽകാൻ നഗരസഭാ അധികൃതരോട് ആവശ്യപ്പെടുന്നതിനു പകരം പൊളിച്ചുനീക്കാൻ ധൈര്യമുണ്ടോ..? തൊട്ടു നോക്ക്, വിവരം അറിയുമെന്നൊക്കെയായിരുന്നു ഭീഷണി. ബോർഡ് നീക്കം ചെയ്യാൻ രണ്ടു മണി വരെ സമയം കൊടുത്തശേഷം പൊലീസും നഗരസഭ സെക്രട്ടറിയും മടങ്ങി. പിന്നീട് മൂന്നുമണിയോടെ ബോർഡ് നീക്കാനുള്ള ശ്രമങ്ങൾ നടനും സഹപ്രവർത്തകരും തുടങ്ങി.

അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാൻ സർക്കാർ നിർദ്ദേശം ലഭിച്ചതിനെത്തുടർന്നാണു സിവിൽ ലൈൻ റോഡിൽ ചെമ്പുമുക്ക് മുതൽ വാഴക്കാല വരെയും വ്യവസായ മേഖല മുതൽ വള്ളത്തോൾ നഗർ വരെയുമുള്ള ബോർഡുകളും ഹോൾഡിങ്സുകളും നീക്കാൻ നഗരസഭ തീരുമാനിച്ചത്.

താരസംഘടനയിലെ പ്രശ്‌നങ്ങൾക്കിടെ രണ്ടാം കുരുക്കിൽ സിദ്ദീഖ്

നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ പ്രതി സ്വാധീനിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനം. സിനിമയിൽ ഏറെ സ്വാധീനമുള്ള ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും അതുകൊണ്ട് ദിലീപിന് ജാമ്യം കൊടുക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. എന്നാൽ കേസുമായി സഹകരിക്കുമെന്നും അന്വേഷണം പൂർത്തിയായെന്ന വാദമുന്നയിച്ചാണ് ദിലീപ് ജാമ്യം നേടിയത്. കേസിൽ ഇതുവരെ വിചാരണ തുടങ്ങിയതുമില്ല.

ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സിനിമയിലെ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സിദ്ദിഖിന്റെ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനം. ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇതിന് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിയെ ഉടൻ സമീപിക്കും. ദിലീപ് പുറത്തു നിന്നാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന ഭയം അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബൈജു പൗലോസിനുണ്ട്.

നടിയെ ആക്രമിച്ച കേസിലെ ഭൂരിഭാഗം സാക്ഷികളും സിനിമയിൽ നിന്നുള്ളവരാണ്. ഗൂഢാലോചനയാണ് ദിലീപിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. ഇതിലേക്ക് അന്വേഷണ സംഘം നീങ്ങിയത് സാക്ഷികളുടെ മൊഴിയും കരുത്തിലായിരുന്നു. അതിൽ ഏറ്റവും നിർണ്ണായകമായിരുന്നു സിദ്ദിഖിന്റെ മൊഴി. എന്നാൽ ഇതേ കുറിച്ച് നടിയോട് ചോദിക്കണമെന്നാണ് സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ദിലീപ് നിരപരാധിയാണെന്നും സിദ്ദിഖ് വിശദീകരിച്ചിരുന്നു. അതായത് കേസിലെ സാക്ഷി പൊതു വേദിയിൽ പരസ്യമായി മൊഴി മാറ്റി പറഞ്ഞു.

ഈ സാഹചര്യത്തിൽ ദിലീപിന്റെ ഇടപെടൽ കേസ് അട്ടിമറിക്കുമെന്ന ഭീഷണി തിരിച്ചറിയുകയാണ് പൊലീസ്. ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് സിദ്ദിഖിന് നൽകിയ മൊഴി. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു.

അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു.

ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.- സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു. അതായത് സിനിമയിൽ നടിക്ക് അവസരം കുറഞ്ഞത് അറിയാമെന്ന് സമ്മതിച്ച സിദ്ദിഖാണ് ഇപ്പോൾ വാക്ക് മാറ്റുന്നത്.