- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിഘോഷിച്ച് തുടങ്ങിയെങ്കിലും ആവേശം കെട്ടു; രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന വാഗ്ദാനം ഷോ മാത്രം; 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയം നൽകുമെന്ന അവകാശവാദം 85 ദിവസം പഴകി; 529 പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ എന്ന്? റവന്യു വകുപ്പിന്റെ അനാസ്ഥക്കെതിരെ കോൺഗ്രസ് സമരത്തിലേക്ക്
തിരുവനന്തപുരം: ഇടുക്കിയിലെ ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പകരം പട്ടയങ്ങൾ അനുവദിക്കുന്ന നടപടികൾ എങ്ങുമെത്താതെ കടലാസിൽ ഉറങ്ങുന്നു. കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി 45 ദിവസത്തിനുള്ളിൽ പട്ടയം കൊടുക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ 85 ദിവസം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും പട്ടയം കിട്ടിയിട്ടില്ല.
സങ്കീർണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജില്ല ഭരണ കൂടം സർക്കാരിനെ സമീപിച്ചിരിക്കയാണ്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായുള്ള റവന്യു വകുപ്പിന്റെ വൻ പ്രഖ്യാപനമായിരുന്നു ഇത്. രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം നൽകൂമെന്ന വാഗ്ദാനം വെറും വാഗ്ദാനമായി തുടരുന്നു. 23 വർഷം മുമ്പ് ദേവികുളം അഡീഷനൽ തഹസിൽ ദാറായിരിക്കെ എം.ഐ. രവീന്ദ്രൻ അധികാരപരിധി മറികടന്ന് വില്ലേജിൽ നൽകിയ 529 പട്ടയം റദ്ദാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി കഴിഞ്ഞ ജനുവരി 18നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് രവീന്ദ്രൻ പട്ടയം നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യു വകുപ്പിന്റെ നടപടി.
അർഹരായവർക്ക് പുതിയത് നൽകുന്നതിന് 40 ലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തേയും നിയോഗിച്ചു. സങ്കീർണമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നതു കൊണ്ട് കാര്യങ്ങളിൽ വേണ്ട വേഗത കൈവരുത്താനും കഴിഞ്ഞിട്ടില്ല. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് പൂർത്തിയായതെന്ന് റവന്യൂ വകുപ്പ് അവകാശപ്പെടുന്നത്. ഇനിയും അഞ്ച് വില്ലേജുകളിലെ നടപടികൾ പൂർത്തിയാക്കാനുണ്ട്. ഇതൊക്കെ എന്ന്, എപ്പോൾ പൂർത്തിയാവുമെന്ന് ആർക്കും പറയാനാവുന്നില്ല.
എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യണോ?
റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയ നടപടികൾ വൈകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണ്. നടപടി ക്രമങ്ങൾ തികച്ചും അശാസ്ത്രീയമായാണ് പോവുന്നതെന്ന് അവർ ആരോപിക്കുന്നു. അനർഹമായി കൈപ്പറ്റിയ പട്ടയങ്ങൾ കണ്ടെത്തി അവ മാത്രം റദ്ദാക്കുന്നതിന് പകരം എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യുന്നത് മൂലം കാലതാമസമുണ്ടാവും. അതിന് പകരം ക്രമവിരുദ്ധമായത് മാത്രം റദ് ചെയ്താൽ പോരെ എന്നാണ് പ്രതിപക്ഷ സംഘടനകൾ ചോദിക്കുന്നത്.
സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽതാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്.
ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്. ഇടുക്കിയിലെ പല പാർട്ടി ഓഫീസുകൾക്കും രവീന്ദ്രൻ പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്, പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമകൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇതും ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 18.6.2019 ലായിരുന്നു പട്ടയങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
1998ലാണ് വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ മൂന്നാറിൽ നൽകുന്നത്. ഇവ വ്യാജമാണെന്ന് കണ്ടെത്തുന്നത് 2007ലെ മൂന്നാർ ദൗത്യ കാലത്തും. എന്നാൽ താൻ നൽകിയത് വ്യാജ പട്ടയങ്ങളല്ലെന്ന നിലപാടിലാണ് രവീന്ദ്രൻ. രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമെന്ന് പറഞ്ഞ സർക്കാർ പിന്നീട് കോടതികളിൽ നിലപാട് മാറ്റി.
രവീന്ദ്രൻ പട്ടയങ്ങൾ എങ്ങനെ നിയമ വിരുദ്ധമായി?
അന്നത്തെ മാനദണ്ഡ പ്രകാരം പല സ്ഥലങ്ങളിൽ പതിനായിരത്തോളം ഏക്കർ ഭൂമിക്ക്529 പേർക്കാണ് 1999 ൽ പട്ടയം നൽകിയത്. എന്നാൽ, സർക്കാർ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. സംസ്ഥാനത്ത് പട്ടയം നൽകാൻ തഹസിൽ ദാർക്കാണ് ചുമതല. അല്ലെങ്കിൽ അതിനായി പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗസറ്റ് വിജ്ഞാപനം വരണം. ദേവികുളം താലൂക്കിലെ കെഡിഎച്ച് (Kannan Devan Hills) വില്ലേജിൽ Kannan Devan Hills Resumption Act 1971 പ്രകാരം ഇതിന് ഇടുക്കി ജില്ലാ കലക്ടർക്കാണ് അധികാരം. അഡിഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ പട്ടയം നൽകാൻ ചുമതലപ്പെ ടുത്തിക്കൊണ്ടുള്ള ഉത്തരവും തുടർന്ന് നൽകിയ പട്ടയങ്ങളും ഗസറ്റിൽ വിജ്ഞാപനം ചെയ്ത് നിയമവിധേ യമാക്കാൻ റവന്യൂ വകുപ്പ് വിട്ടു പോയി. നടപടി ക്രമത്തിലെ ഈ വീഴ്ച മൂലം പട്ടയങ്ങൾ നിയമവിരുദ്ധമായി. അന്ന് നൽകിയ പട്ടയങ്ങൾ പിന്നീട് രവീന്ദ്രൻ പട്ടയം എന്ന പേരിൽ അറിയപ്പെട്ടു. വി എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോഴാണ് ഇതുനിയമവിരുദ്ധമായി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 529 പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചു.
പട്ടയങ്ങൾ റദ്ദാക്കുന്ന നടപടി പല കാരണങ്ങളാൽ വൈകി. നടപടിക്രമങ്ങൾ പാലിക്കാതെ അനുവദിച്ച പട്ടയം റദ്ദാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാരിനു 2019 ൽ ലഭിച്ച നിയമോപദേശം. പട്ടയ നടപടികളിൽ ക്രമക്കേടോ ക്രമവിരുദ്ധതയോ ഉണ്ടെങ്കിലും റദ്ദാക്കണം.1964ലെ കേരള ഭൂപതിവു ചട്ടം 893 പ്രകാരവും 1971 ലെ കണ്ണൻദേവൻ ഹിൽസ് ചട്ടം 21(1) പ്രകാരവും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലോ തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലോ അനുവദിച്ച പട്ടയമാണെങ്കിൽ റദ്ദാക്കണമെന്നാണ് റവന്യു വകുപ്പ് ഇടുക്കി കലക്ടർക്ക് നിർദ്ദേശം നൽകി(ജനുവരി 18) ഉത്തരവിറക്കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് കസ്റ്റഡിയിലെടുത്ത എല്ലാ പട്ടയ ഫയലുകളുടെയും അനുബന്ധ രേഖകളുടെയും പകർപ്പുകൾ രണ്ടാഴ്ചയ്ക്കകം കലക്ടർ ഇടപെട്ടു ലഭ്യമാക്കണമെന്നും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നത്.
രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകേണ്ടതില്ലെന്നു നിലപാടിലാണ് സർക്കാരും എൽഡിഎഫും. എം.എം .മണി (CPM) എംഎൽഎയും സിപിഐ (CPI) ഇടുക്കി ജില്ലാ നേതൃത്വവും എതിരാണെങ്കിലും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങൾ റവന്യു വകുപ്പിന്റെ തീരുമാനത്തിന് ഒപ്പമാണ്. 2019 ൽ മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നുമാണു റവന്യു വകുപ്പും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങളും വ്യക്തമാക്കുന്നത്. പട്ടയവിതരണം അനിശ്ചിതമായി നീളുന്നതിനെതിരെ ഭരണകക്ഷിയായ സി പി എമ്മിന്റെ പ്രാദേശിക ഘടകങ്ങൾ റവന്യൂ വകുപ്പിനെതിരെ തിരിഞ്ഞിരിക്കയാണ്