- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹപരിശോധനയെ ജീവനക്കാർ എതിർക്കുന്നത് എന്തിന്? പ്രവാസികളുടെ ലഗേജുകളുടെ മോഷണങ്ങളിൽ ആരെ സംശയിക്കണം? കരിപ്പൂരിലെ സംഘർഷങ്ങളിൽ സാധാരണക്കാരുടെ മനസ്സ് സിഐഎസ്എഫിനൊപ്പം
കരിപ്പൂർ: കഴിഞ്ഞ രാത്രി കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിനിടെ സിഐഎസ്.എഫ് ഹെഡ്‌കോൺസ്റ്റബിൾ എസ്.എസ് യാദവ് എന്ന ജവാൻ വെടിയേറ്റ് മരിക്കാനുണ്ടായ സാഹചര്യത്തിൽ എയർപോർട്ട് ജീവനക്കാർക്കെതിരേ പ്രതിഷേധം ആളിക്കത്തുന്നു. നാട്ടുകാരും യാത്രക്കാരും ഉൾപ്പടെയുള്ളവരാണ് ജീവനക്കാർക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. സോഷ്
കരിപ്പൂർ: കഴിഞ്ഞ രാത്രി കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിനിടെ സിഐഎസ്.എഫ് ഹെഡ്‌കോൺസ്റ്റബിൾ എസ്.എസ് യാദവ് എന്ന ജവാൻ വെടിയേറ്റ് മരിക്കാനുണ്ടായ സാഹചര്യത്തിൽ എയർപോർട്ട് ജീവനക്കാർക്കെതിരേ പ്രതിഷേധം ആളിക്കത്തുന്നു. നാട്ടുകാരും യാത്രക്കാരും ഉൾപ്പടെയുള്ളവരാണ് ജീവനക്കാർക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ജീവനക്കാർക്കെതിരെ രോഷമുയർന്നിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർ പരിശോധനകളെയും സുരക്ഷാ സംവിധാനങ്ങളെയും എന്തിനാണ് ഭയക്കുന്നതെന്നാണ് യാത്രക്കാരുൾപ്പടെയുള്ള സാധാരണ ജനങ്ങളുടെ ചോദ്യം. കരിപ്പൂർ വഴി ഒട്ടേറെ കിലോഗ്രാം സ്വർണം കടത്തുന്നുണ്ട്, അതിൽ ചുരുക്കം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതിലും പ്രധാനമാണ് വിദേശത്തുനിന്നു വരുന്നവരുടെ ലഗേജുകൾ കരിപ്പൂരിൽ വച്ചു പതിവായി കാണാതാവുന്ന സംഭവം. അത്തരം സംഭവങ്ങൾക്കു പിന്നിൽ വിമാനത്താവള ഉദ്യോഗസ്ഥർ തന്നെയാണെന്നുള്ളതു പരസ്യമായ രഹസ്യമാണ്.
സംഘർഷാവസ്ഥ കേട്ടറിഞ്ഞ് വിമാനത്താവളത്തിലും പരിസരത്തുമായി നൂറുകണക്കിന് ആളുകൾ മിനുട്ടുകൾക്കകം തന്നെ തടിച്ചു കൂടിയിരുന്നു. നാട്ടുകാർ തടിച്ചു കൂടിയതോടെ വിമാനത്താവളത്തിന് പുറത്തും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. പ്രവാസികളടക്കമുള്ള യാത്രക്കാരുടെ ലഗേജുകൾ മോഷണം പോകുന്നതും വിദേശത്തുനിന്ന് സ്വർണം കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും എയർപോർട്ട് ജീവനക്കാർക്കെതിരേ നിലനിർക്കുമ്പോഴാണ് പരിശോധന നടത്തിയ ജവാനെതിരേ എയർപോർട്ട്് ജീവനക്കാരുടെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായിരിക്കുന്നത്.
എന്തു സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാണെങ്കിലും തങ്ങളെ പരിശോധന നടത്താൻ പാടില്ലെന്ന മനോഭാവമാണ് ജീവനക്കാർ എന്നും വച്ചു പുലർത്തിയിരുന്നത്. അഗ്നിരക്ഷാസേനാ ജീവനക്കാരും സുരക്ഷാ ചുമതലയുള്ള സിഐഎസ്.എഫ് ജവാന്മാരും മാസങ്ങളോളമായി പരിശോധന സംബന്ധിച്ച വിഷയത്തിൽ തർക്കത്തിലാണ്. വിമാനത്താവളത്തിലെ മറ്റു ജീവനക്കാരും പരിശോധന നടത്തുന്ന ജവാന്മാർക്കെതിരെ തിരിയുന്നത് ഇവിടത്തെ പതിവുരീതിയാണ്. എല്ലാ തവണയും മലയാളിയുടെ പതിവുരീതിയായ സംഘബലം കാട്ടി ഇതിനെതിരെ നേരിടുകയാണ് ജീവനക്കാരുടെ പതിവ്. അപ്പോൾ എല്ലാ ജീവനക്കാരും ഒന്നിക്കുകയും ചെയ്യും. ഇത് പലപ്പോഴും പുറം ലോകമറിയാതെ പോകുകയാണ്. ഫോയ്‌സിന്റെ ചട്ടങ്ങൾ കർക്കശമായതിനാൽ ജവാന്മാർക്ക് പ്രതികരിക്കുന്നതിലും പരിമിതികളുണ്ട്.
വിമാനത്താവളത്തിൽ നിന്നും അജ്ഞാതമാകുന്ന അനേകം ലഗേജുകൾ എവിടെയാണെന്ന് ഇന്നും തെളിയിക്കപ്പെടാതെ കിടക്കുകയാണ്. കിലോക്കണക്കിന് സ്വർണം കടത്തുമ്പോൾ പിടിക്കപ്പെടുന്നത് വളരെ തുച്ഛമായ സ്വർണം മാത്രമാണ്. സ്വാധീനമുള്ളവർ കടത്തുമ്പോൾ കണ്ണടയ്ക്കുകയും ചെയ്യുന്നു. അന്വേഷണം കർശനമാക്കുമ്പോൾ പലപ്പോഴും കണ്ണികളാകുന്നത് വിമാനത്താവളത്തിനകത്തുള്ള കള്ള•ാർ തന്നെയാണ്. പല സ്വർണക്കടത്ത് കേസുകളിലും ക്ലീനിങ് ജീവനക്കാർ മുതൽ സ്‌കാനിങ് ജീവനക്കാർ വരെയുള്ളവർ അകപ്പെട്ട ചരിത്രവും കരിപ്പൂർ വിമാനത്താവളത്തിനുണ്ട്.
വർഷങ്ങൾ വിയർപ്പൊഴുക്കിയുണ്ടാക്കുന്ന അദ്ധ്വാനത്തിന്റെ ഫലം വേണ്ടപ്പെട്ടവർക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ സ്വരൂപിച്ചുകൊണ്ടുവരുന്ന വിലപിടിപ്പുള്ള പല സാധനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽനിന്നും നഷ്ടമാകുമ്പോൾ ഓരോ പ്രവാസിയുടെയും ഉള്ളൊന്നു പിടയും. ഈ രോദനവും കണ്ണീരും വിമാനത്താവളങ്ങളിലെ പതിവു കാഴ്ചയാണ്. ലഗ്വേജുകളും സാധന സാമഗ്രികളും നഷ്ടമായതിന്റെ പേരിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളുടെ ഇരട്ടിയാണ് 2015-ലെ കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ഇരുപത്തിയൊന്ന് കേസുകൾ ഈ ഇനത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഈ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. ജനുവരിയിൽ ദോഹയിൽ നിന്നും ദുബായി വഴി എമിറേറ്റ്‌സ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശിയായ ഒരു പ്രവാസിക്ക് നഷ്ടമായത് ഒരു കോടി രൂപയോളം വില മതിക്കുന്ന സാധനങ്ങളായിരുന്നു. മാത്രമല്ല ഇതോടൊപ്പം നിരവധി രേഖകളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്നും കേസിനു തുമ്പില്ലാതെ പൊലീസ് വലയുകയാണ്.
വിമാനത്തിൽ നിന്നും ഇറക്കിയ ലഗേജുകൾ പലപ്പോഴും സ്‌കാനിങിന് ശേഷം തിരികെ കിട്ടാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിൽ അമ്പതിലധികം പരാതികൾ ഈ വർഷം ഉള്ളതായാണ് വിവരം. രണ്ടോ നാലോ മാസത്തെ അവധിക്കെത്തുന്ന പ്രവാസികൾ കേസിനു പിന്നാലെ പോകാത്തതാണ് ഇത്തരത്തിലുള്ള കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നത്. കരിപ്പൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ തന്നെ ഇതിനായി സമയം ചെലവഴിക്കേണ്ടി വരികയും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വരികയും ചെയ്യുമ്പോൾ പ്രവാസികളെ ബന്ധപ്പെട്ടവർ ഇതിൽ നിന്നും പിന്തിരിപ്പിക്കുകയാണ് പതിവ്.
കരിപ്പൂർ വിമാനത്താവളത്തിലെ സിസി കാമറകൾ പലതും അവ്യക്തവും പ്രവർത്തനരഹിതമായതുമാണ്. ഇത് അന്വേഷണത്തെ ബാധിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ക്യാമറകൾ പുതുതായി സ്ഥാപിക്കുമെന്ന് മുമ്പ് അഥോറിറ്റി അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും പഴയ പടി തുടരുകയാണ്. ജവാൻ മരിക്കാനുണ്ടായ സാഹചര്യത്തിൽ ഇനി കർശന സുരക്ഷ നടപ്പാക്കാനാണ് സാധ്യത. സുരക്ഷാ നടപടിയിൽ നിന്നും ജീവനക്കാരെ ഒഴിവാക്കണമെന്ന് പറയുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. വിമാനത്താവളത്തിനകത്തെ പകൽ കൊള്ളക്കും ജീവനക്കാരുടെ ഏകപക്ഷീയമായ പെരുമാറ്റത്തിനുമെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകും.