തൃശൂർ: കുറേ നാളുകളായി നീറിപ്പുകയുന്ന പ്രശ്‌നങ്ങൾ മൂർധന്യത്തിൽ എത്തിയതോടെ ഒല്ലൂർ ഫൊറോന പള്ളിയിൽ സംഘർഷം. വലിയൊരു വിഭാഗം വിശ്വാസികൾ വികാരി ജോൺ അയ്യങ്കാനയ്ക്ക് എതിരെ രംഗത്തെത്തിയതോടെ ഇന്നലെ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ പിൻബലത്തിൽ ഒല്ലൂർ പള്ളി വികാരി ഫാദർ ജോൺ അയ്യങ്കാനയിലിന്റെ ഗുണ്ടാവിളയാട്ടമാണ് പള്ളിയിൽ നടക്കുന്നതെന്ന് ഒരു വിഭാഗം വിശ്വാസികൾ ആക്ഷേപിക്കുന്നു.

വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാന തനിക്ക് താൽപ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നുവെന്നും എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് വലിയൊരു വിഭാഗം വിശ്വാസികളും ഇന്നലെ വികാരിക്ക് എതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട്. വികാരി ജോൺ അയ്യങ്കാന പൊതുയോഗം വിളിക്കാതെ പ്രതിനിധി യോഗം വിളിച്ചതിനെ ചൊല്ലിയാണ് ഇന്നലെ ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തിയത്. ഇന്നലെ രാവിലെ പ്രതിനിധി യോഗം തുടങ്ങിയപ്പോൾ വികാരിയുടെ നടപടികൾക്ക് എതിരെ ഇവർ ചോദ്യമുയർത്തി. ഇതിനിടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. മുൻ കോർപ്പറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ വികാരിയെ അനുകൂലിക്കുന്ന ചിലർ മർദ്ദിക്കുകയും ചെയ്തു.

കുറച്ചു സമയത്തിനകം മുൻ കൗൺസിലറെ അനുകൂലിക്കുന്നവർ കൂട്ടമായി എത്തുകയും വികാരിക്ക് എതിരെ ശക്തമായ ആരോപണങ്ങളുയർത്തുകയുമായിരുന്നു. ഇവരും വികാരിയെ അനുകൂലിക്കുന്നവരും തമ്മിൽ ഇതേത്തുടർന്ന് സംഘർഷവുമുണ്ടായി. ഇതിനിടെ ചിലർ ബിഷപ്പ്‌സ് ഹൗസിലെത്തി വികാരിക്കെതിരെ നടപടിയുണ്ടാവണമെന്നും അടിയന്തിരമായി വികാരി ജോൺ അയ്യങ്കാനയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇതേത്തുടർന്ന് സംഘർഷം മൂർച്ഛിച്ചു.

ഫാദർ ജോൺ അയ്യങ്കാനയെ അനുകൂലിക്കുന്നവർ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്‌ത്തിയെന്നാണ് വികാരിക്ക് എതിരെ നിലകൊള്ളുന്ന വിശ്വാസികൾ ആരോപിക്കുന്നത്. ഇതേത്തുടർന്നാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്. പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആണ്ട്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കവെ വീണ്ടും പ്രശ്‌നമുണ്ടായി. അരമനയിൽ അപ്പോൾ ഫാദർ ജോൺ അയ്യങ്കാനയോടൊപ്പം സംരക്ഷകർ എന്ന മട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നു. അവർ ആരെന്നു വിശ്വാസികൾ ചോദിച്ചതോടെ മറുപടി നൽകാതെ വിശ്വാസികളെ ആക്രമിച്ചുവെന്നാണ് ആരോപണം.

വിഷയം ഉന്നയിക്കാൻ വിശ്വാസികൾ എത്തിയ വേളയിൽ ആർച്ച് ബിഷപ്പ് ആലപ്പുഴയിലേക്ക് പോകുകയാണെന്ന് പറഞ്ഞെന്നും ഇതേത്തുടർന്ന് ബിഷപ്പിന്റെ കാർ തടഞ്ഞ് പ്രശ്‌നപരിഹാരം ഉണ്ടാവണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ''തല്ലുകൊണ്ടവർ ആശുപത്രിയിൽ പോയി കിടക്കടാ. അരമനയിൽ അല്ലടാ വരേണ്ടത്.'' എന്ന് ബിഷപ്പ് ആക്രോശിച്ചുവെന്ന് വിശ്വാസികൾ പറയുന്നു. ഇതോടെ പ്രശ്‌നം കൂടുതൽ വഷളായി. ആർച്ച് ബിഷപ്പിൽ നിന്ന് നടപടി പ്രതീക്ഷിക്കേണ്ടെന്നും വികാരിയുടെ പക്ഷംപിടിക്കുകയാണ് ആർച്ച് ബിഷപ്പെന്നും ആക്ഷേപം ശക്തമായി.

പിന്നീട് രാത്രി എട്ടു മണിക്ക് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ആർച്ച് ബിഷപ് സ്ഥലം വിട്ടു. വൈകീട്ട് എഴുമണി മുതൽ അരമനയിൽ വിശ്വാസികൾ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികൾ അരമനയിൽ തടിച്ചുകൂടിയിരുന്നു. ഏറെ വൈകിയിട്ടും ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസ് അകമ്പടിയോടെയാണ് ആർച്ച് ബിഷപ്പ് സ്ഥലത്തെത്തിയത്. ചർച്ചയിൽ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാൻ തയ്യാറായില്ല. പൊലീസിനെ മധ്യവർത്തിയാക്കിയായിരുന്നു ചർച്ചകൾ. എന്നാൽ വികാരിയെ മാറ്റണമെന്ന ആവശ്യത്തിൽ വിശ്വാസികൾ ഉറച്ചുനിന്നതോടെ വിഷയം പതിനാലാം തിയതി വിശദമായി ചർച്ചചെയ്യാം എന്ന ധാരണയിൽ തൽക്കാലം പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു.

പള്ളിയുടെ ഫണ്ട് ധൂർത്തടിക്കുന്നുവെന്നും തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്നും എല്ലാമാണ് വികാരി ജോൺ അയ്യങ്കാനയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങൾ. പ്രശ്‌നമുണ്ടായാൽ അത് പരിഹരിക്കുന്നതിന് പകരം സ്വകാര്യമുറിയിൽ കടന്ന് വാതിലടയ്ക്കുന്നയാളാണ് ഫാദർ ജോൺ എന്നും എതിർക്കുന്നവർ ആരോപിക്കുന്നു. വിവാഹത്തിന് മുമ്പായി ഇടവകയിലെ പെൺകുട്ടികളുടെ വീട്ടിൽ നിന്ന് വൻ തുകകൾ കൈക്കൂലി വാങ്ങുന്നതായും ആരോപണം ഉയരുന്നുണ്ട്. ഫാദർ ജോൺ അയ്യങ്കാന  വികാരിയായ എല്ലാ പള്ളികളിലും പ്രശ്‌നക്കാരൻ ആയിരുന്നുവെന്നും വിശ്വാസികൾ പറയുന്നു. നടപടികളെ എതിർക്കുന്നവരെ ഗുണ്ടകളെ വിളിച്ച് അടിച്ചമർത്തുന്നതായും അഭിസംബോധന ചെയ്യുന്നതുപോലും എടാപോടാ വിളികളോടെ ആണെന്നുമാണ് ആക്ഷേപം.

ഇതിന് അടിസ്ഥാനമായ ഒരു സംഭവവും വിശ്വാസികൾ വിവരിക്കുന്നു. പുല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ആന്റൊ മകന്റെ വിവാഹക്കാര്യം പറയാനാണ് പണ്ട് ഫാദർ ജോൺ കുരിയച്ചിറ എന്ന സ്ഥലത്തെ വികാരിയായ സമയത്ത് ചെന്നത്. എടോ പോടോ എന്ന വിളികേട്ട ഡോ. ആന്റോ ഫാദറിനോട് പറഞ്ഞു; ''എന്നെ ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ ആന്റോ എന്ന് വിളിച്ചാൽ മതി.'' അങ്ങനെ പറഞ്ഞതിന് ഡോക്ടറോട് പ്രതികാരം ചെയ്തത് മകന്റെ വിവാഹത്തിന് അമ്പതിനായിരം രൂപ ചോദിച്ചാണെന്നാണ് ആക്ഷേപം. പിന്നീട് പലരും ഇടപ്പെട്ട് തുക അയ്യായിരമാക്കിയെങ്കിലും ഡോ. ആന്റോവിന്റെ മകന്റെ വിവാഹത്തിന് ഫാദർ ജോൺ അയ്യങ്കാനയിൽ പങ്കെടുത്തില്ല. പകരം മറ്റൊരു വൈദികനെ വച്ചുകൊണ്ട് വിവാഹ കൂദാശ നിർവഹിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഇ്ത്തരത്തിൽ വിശ്വാസികളെ വെല്ലുവിളിച്ച് തന്നിഷ്ടം നടത്തുകയും വിശ്വാസികളെ തല്ലിയൊതുക്കാൻ ആളെ ഏർപ്പാടാക്കുകയും ചെയ്യുന്ന വികാരിക്ക് ആർച്ച് ബിഷപ്പ് സംരക്ഷണം കൊടുക്കുകയാണെന്നും വിശ്വാസികൾ പറയുന്നു. ഇന്നലത്തെ സംഘർഷത്തോടെ പ്രശ്‌നം അതീവ ഗുരുതരമായിരിക്കുകയാണ് ഒല്ലൂരിൽ. 14 നടക്കുന്ന ചർച്ചയിൽ വികാരിയുടെ സ്ഥലംമാറ്റം ഉണ്ടാവണമെന്ന വാദവുമായി കൂടുതൽ പേർ എത്തുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.