അഹമ്മദാബാദ്; രണ്ടക്കം തികയ്ക്കാനാകാതെ വിഷമിച്ച് ഭരണം പിടിച്ച ബിജെപിക്ക് ഗുജറാത്തിൽ സർക്കാർ രൂപീകരണത്തിന് ശേഷം മന്ത്രിസഭയിലെ വകുപ്പു വിഭജനം കീറാമുട്ടിയാകുന്നു. തുടക്കത്തിലേ കല്ലുകടിയായിരിക്കുകയാണ് കാര്യങ്ങൾ. മോദി-അമിത്ഷാ പ്രഭാവത്തിന് മങ്ങലേറ്റുവെന്നും രാജ്യമാകെ ശക്തമായി സ്വാധീനം ചെലുത്തുന്ന നേതാക്കൾക്ക് സ്വന്തം തട്ടകത്തിൽ കാലിടറിയെന്നുമുള്ള വിമർശനങ്ങളും ഇതോടൊപ്പം ഉയരുന്നു.

തിരഞ്ഞെടുപ്പുഫലം വരുമ്പോൾ തന്നെ ആദ്യം പിന്നിൽ നിൽക്കുകയും പിന്നീട് കുറച്ചുസീറ്റുകളുടെ ആധിപത്യം നേടി കേവലഭൂരിപക്ഷം ഉറപ്പിക്കുകയും ആയിരുന്നു ബിജെപി. എതിരാളികളായ കോൺഗ്രസ് നില മെച്ചപ്പെടുത്തിയതും ക്ഷീണമായി. എന്നാൽ അതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിൽ കല്ലുകടി തുടങ്ങി.

അതിന് പിന്നാലെ ഇപ്പോൾ വകുപ്പുവിഭജനത്തിലും. വകുപ്പു വിഭജനത്തെച്ചൊല്ലി ഉടലെടുത്ത തർക്കം സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവ ശ്രദ്ധയിലാണ് ബിജെപി. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഉൾപ്പെടെയുള്ളവരാണ് തർക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യപ്പെട്ട വകുപ്പ് കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേലിന്റെ ഭീഷണി.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും നിതിൻ പട്ടേൽ കത്തയച്ചു. ഇത് വലിയ തലവേദനയായിരിക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്. പ്രത്യേകിച്ചും മോദിയുടേയും ഷായുടേയും തട്ടകത്തിൽ തന്നെ ഉണ്ടായ പ്രശ്‌നം പരിഹരിക്കാൻ ആയില്ലെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ വലിയ ക്ഷീണമാകും.

പ്രശ്‌നം രൂക്ഷമാക്കിക്കൊണ്ട് ഹാർദിക് പട്ടേലും രംഗത്തെത്തി. പല സീറ്റുകളിലും കഷ്ടിച്ചാണ് ബിജെപി ജയിച്ചുകയറിയത്. ഇതിന് പിന്നാലെ ഉണ്ടായ പ്രശ്‌നം മുതലെടുത്ത് ബിജെപിയിൽ പിളർപ്പുണ്ടാക്കാൻ കഴിയുമോ എന്ന നോട്ടത്തിലാണ് ഹാർദിക് പട്ടേലും കോൺഗ്രസ്സുമെന്നാണ് സൂചനകൾ. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിനെ പട്ടിദാർ അനാമത്ത് ആന്തോളൻ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാർദിക് പട്ടേൽ രംഗത്തെത്തിക്കഴിഞ്ഞു. മുതിർന്ന നേതാവായ നിധിൻ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ ഹാർദിക് പട്ടേൽ, അദ്ദേഹത്തിന് എല്ലാവരും പിന്തുണ നൽകണമെന്നും പറഞ്ഞിട്ടുണ്ട്.

ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളിൽ നിന്ന് നിധിൻ പട്ടേലിനെ മാറ്റിയിരുന്നു. മറ്റ് മന്ത്രിമാർക്ക് ഓഫീസ് അനുവദിച്ചിട്ടും ഗാന്ധിനഗറിൽ നിധിൻ പട്ടേലിന് ഓഫീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. ഇതേത്തുടർന്ന് നിധിൻ പട്ടേൽ പാർട്ടിയുമായി ഉടക്കിലാവുകയായിരുന്നു.

'പാർട്ടിക്കായി കഠിനമായി പ്രയത്‌നിച്ചിട്ടും ബിജെപി പരിഗണന നൽകുന്നില്ലെങ്കിൽ നിധിൻ പട്ടേലിന് ഞങ്ങൾക്കൊപ്പം ചേരാവുന്നതാണ്. '- ഹാർദിക് മാധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം 10 എംഎ‍ൽഎമാർ പാർട്ടി വിടാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹാർദിക് പറയുന്നു. അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണ്.

അവരെ സ്വാഗതെ ചെയ്യാനും ഉചിതമായ സ്ഥാനങ്ങൾ നൽകാനും കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹാർദിക് കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഭരത് സിൻഹ് സോളങ്കി പറഞ്ഞു. നിധിൻ പട്ടേലിന്റെയും കുറച്ച് എം.എം.എമാരുടെയും പിന്തുണയുണ്ടെങ്കിൽ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും സോളങ്കി കൂട്ടിച്ചേർത്തു.