കൊച്ചി: സിറോ മലബാർ സഭയിൽ അടുത്തിടെ ഉയർന്ന ഭൂമി വിൽപന വിവാദം സംബന്ധിച്ച് പഠിച്ച സമിതിയുടെ സമ്പൂർണ റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കും. സഭയിലെ വിശ്വാസികൾക്കും വൈദികർക്കുമിടയിൽ സജീവ ചർച്ചയായ വിവാദം സംബന്ധിച്ച അന്തിമ റിപ്പോർട്ടിന്റെ ഉള്ളടക്കം സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയ്ക്ക് എതിരാണെന്നാണ് സൂചന. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തെറ്റിധരിക്കപ്പെട്ടുവെന്ന വസ്തുതയാണ് അന്വേഷണത്തിൽ തെളിയുന്നത്.

വിവിധ സംരംഭങ്ങൾ തുടങ്ങാനായി ബാങ്കുകളിൽനിന്നു വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം 25 വർഷത്തിനിടയിൽ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളർന്നു. വിവാദമുയർന്നതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മാർ ആലഞ്ചേരി അടിയന്തര ആൻജിയോപ്ലാസ്റ്റിക്കുശേഷം പൂർണവിശ്രമത്തിലാണ്. ക്രിസ്മസ് പ്രാർത്ഥനകളിൽ പോലും പങ്കെടുത്തില്ല. അതിനിടെ അടുത്ത മാസം ഏഴു മുതൽ 13 വരെ നടക്കുന്ന സിനഡിൽ ആലഞ്ചേരി സ്ഥാനം ഒഴിയുമെന്ന സൂചനയുമുണ്ട്. സിറോ മലബാർ ഉൾപ്പെടെയുള്ള കിഴക്കൻ സഭകളുടെ ചുമതലയുള്ള വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയോനാഡോ സാന്ദ്രി ഒഴിയുകയാണ്. ആ സ്ഥാനത്തേക്കു മാർ ആലഞ്ചേരി പരിഗണനയിലുണ്ടെന്നു സൂചനയുണ്ട്.

ഭൂമി വിൽപ്പന തീരുമാനിച്ച യോഗത്തിൽ മാർ ആലഞ്ചേരി പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാണ് അന്വേഷണത്തിൽ ആലഞ്ചേരി കുറ്റക്കാരനല്ലെന്ന് വ്യക്തമാകുന്നത്. എന്നാൽ തനിക്കെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നുവെന്ന് ആലഞ്ചേരി തിരിച്ചറിയുന്നു. ഈ പശ്ചാത്തലത്തിലാണ് മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആലഞ്ചേരി പ്രകടിപ്പിക്കുന്നത്. അതിനിലെ സഹായമെത്രാന്മാരുടെ യോഗത്തിലുണ്ടായ തീരുമാനത്തിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കുന്നതു ശരിയല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. വിശ്വാസികൾ ഉൾപ്പെട്ട സമിതികളിലൊന്നും ഭൂമിവിൽപ്പനയെപ്പറ്റി ചർച്ച നടന്നിട്ടില്ല. ഭൂമിയിടപാടിനെ ഭൂരിപക്ഷം വിശ്വാസികളും വൈദികരും എതിർക്കുന്നുണ്ടെങ്കിലും സഭാനേതൃത്വത്തിനെതിരായ പരസ്യപ്രതിഷേധം വേണ്ടെന്നാണ് ഭൂരിപക്ഷം വൈദികരുടെയും നിലപാട്.

ഭൂമിയിടപാട് പരിശോധിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ചേർന്ന വൈദികസമിതിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഞായറാഴ്ച പൂർണ റിപ്പോർട്ട് നൽകാനിരിക്കെ അതുവരെ സംയമനം പാലിക്കണമെന്നു ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ലംഘിക്കപ്പെട്ടു. ആധാരമെഴുതിയിട്ടും പറഞ്ഞുറപ്പിച്ച പണം നൽകാതെ ഇടപാടുകാർ സഭയെ വഞ്ചിച്ചെന്ന ആരോപണമാണ് ഉയരുന്നത്. ഫിനാൻസ് കൗൺസിലിനെ കബളിപ്പിച്ച് ചിലർ ഒരുക്കിയ കെണിയിൽ കർദിനാൾ വീണെന്നാണ് വിലയിരുത്തൽ. സിറോ മലബാർ സഭയിൽ കൽദായ രീതിക്കു മുൻതൂക്കമുള്ള ആരാധനാക്രമം ഉടൻ നടപ്പാകാനിരിക്കെയാണ് എങ്ങനെയും അതിനു തടയിടാൻ ലക്ഷ്യമിട്ട് മാർ ആലഞ്ചേരിയെ ആരോപണങ്ങളിൽ കുടുക്കിയതെന്ന് ഒരു വിഭാഗം വാദിക്കുന്നു.

സഭയിൽ പൊതുവായ ആരാധനാക്രമം ലക്ഷ്യമിട്ടാണ് ലിറ്റർജിക്കൽ കമ്മിഷൻ പുതിയ ക്രമം തയാറാക്കിയത്. കൽദായവാദത്തെ അനുകൂലിക്കുന്ന ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളും കേരളത്തിനു പുറത്തുള്ള രൂപതകളും അതു നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ, ലത്തീൻ സ്വാധീനമുള്ള ആരാധനാക്രമം പിന്തുടരുന്ന എറണാകുളം-അങ്കമാലി, തൃശൂർ തുടങ്ങിയ വടക്കൻ രൂപതകൾ പുതിയ ആരാധനക്രമത്തെ എതിർക്കുകയാണ്. സഭയുടെ പൗരസ്ത്യ കൽദായ പാരമ്പര്യത്തെ അംഗീകരിക്കുന്ന മാർ ആലഞ്ചേരി മുൻകൈയെടുത്ത് ഈ രൂപതകളിലും പുതിയ ആരാധനാക്രമം നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂമിയിടപാടു വിവാദം കത്തിപ്പിടിച്ചത്.

ചങ്ങനാശേരിക്കാരനായ മാർ ആലഞ്ചേരി സിറോ മലബാർ അതിരൂപതയെ വഴിവിട്ടാണു നയിക്കുന്നതെന്ന ആരോപണങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ ചിലർ ഉയരുന്നത്. സാധാരണക്കാർ പിടിയരിപിരിച്ചും പട്ടിണികിടന്നും വളർത്തിയെടുത്ത മഹാസൗധത്തിന്റെ അസ്ഥിവാരമാണു മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ തകർത്തതെന്ന് അവർ ആരോപിക്കുന്നു. നാനൂറോളം വൈദികരിൽ ഭൂരിപക്ഷത്തിന്റെയും മാനസികപിന്തുണ ഇവർക്കുണ്ട്.

ഈ അടുത്ത കാലത്ത് നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് ആളി കത്തിക്കുന്നത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്. എന്നാൽ ഉദ്ദേശിച്ച തുക കിട്ടിയില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. ആലഞ്ചേരിയെ എതിർക്കുന്നവരുടെ നേതൃത്വത്തിലാണ് ചരട് വലികൾ നടന്നത്. ഇതിനിടെ ആർച്ച് ബിഷപ്പിന് ഹൃദ്രോഗം പിടിപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയുടെ ഇടപെടലുകൾ വ്യക്തമായത്. ഇതോടെ നടപടി എടുക്കുകയായിരുന്നു. ആലഞ്ചേരിയുടെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്‌സിയൻ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്‌നത്തിലാക്കുന്നത്.

ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് ആലഞ്ചേരിക്കെതിരെ മറുവിഭാഗം ചർച്ചയാക്കുന്നത്. ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ചർച്ചയാക്കുകയാണ് ആലഞ്ചേരി വിരുദ്ധർ.