പത്തനംതിട്ട: പണ്ടേ തമ്മിൽ കണ്ടുകൂടാത്ത ശിവദാസൻ നായർ എംഎ‍ൽഎയും റവന്യൂമന്ത്രി അടൂർ പ്രകാശും തമ്മിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോര് മുറുകുന്നു. നേരത്തേ കോന്നി മെഡിക്കൽ കോളജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽകാലികമായി തുടങ്ങാനുള്ള നീക്കം അട്ടിമറിച്ച ശിവദാസൻ നായർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത് ഇന്നലെ ഉദ്ഘാടനം ചെയ്ത മലയാലപ്പുഴ പൊലീസ് സ്റ്റേഷന്റെ അതിര് നിർണയത്തെച്ചൊല്ലിയാണ്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി കോന്നി മണ്ഡലത്തിൽ പൂർത്തിയാകുന്ന പദ്ധതികളൊക്കെ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലാണ് മന്ത്രി അടൂർ പ്രകാശ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നലെ മന്ത്രി രമേശ് ചെന്നിത്തല മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. മൈലപ്ര, മലയാലപ്പുഴ, വടശേരിക്കര പഞ്ചായത്തുകൾ പൂർണമായും പത്തനംതിട്ട നഗരസഭ, കോന്നി പഞ്ചായത്ത് എന്നിവ ഭാഗികമായും ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷൻ പത്തനംതിട്ട ഡിവൈ.എസ്‌പിക്ക് കീഴിലാണ് വരുന്നത്.

പത്തനംതിട്ട നഗരസഭയിലെ ഏതാനും വാർഡുകൾ മലയാലപ്പുഴ സ്റ്റേഷൻ പരിധിയിലാക്കാനുള്ള നീക്കത്തിനെതിരേയാണ് ശിവദാസൻ നായർ എംഎ‍ൽഎ രംഗത്തു വന്നിരിക്കുന്നത്. തന്റെ മണ്ഡലമായ ആറന്മുളയിലുള്ള പ്രദേശം ഒരു കാരണവശാലും കോന്നി മണ്ഡലത്തിന്റെ പരിധിയിലുള്ള മലയാലപ്പുഴ സ്റ്റേഷൻ അതിർത്തിക്കു കീഴിൽ കൊണ്ടുവരാൻ സമ്മതിക്കില്ലെന്നാണ് എംഎ‍ൽഎ പറയുന്നത്. അതിനുള്ള നീക്കം എതിർക്കാൻ താൻ എൽ.ഡി.എഫിനെയും ബിജെപിയെയും വരെ കൂട്ടുപിടിക്കുമെന്നും എംഎ‍ൽഎ മുന്നറിയിപ്പു നൽകുന്നു. ജില്ലയിൽ ആകെ അഞ്ചു മണ്ഡലങ്ങളുള്ളതിൽ രണ്ട് എംഎ‍ൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. അവരാണ് തമ്മിലടിക്കുന്നത്.

കോന്നി മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുമായി ശിവദാസൻ നായരുടെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്യുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് പത്തനംതിട്ട മണ്ഡലമായിരുന്നു ശിവദാസൻ നായരുടേത്. പിന്നീടത് ആറന്മുളയിൽ ലയിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വോട്ട് ചോദിക്കാനെത്തിയ ശിവദാസൻ നായരോട് എന്തു വികസന പ്രവർത്തനമാണ് സ്വന്തം മണ്ഡലത്തിൽ നടത്തിയതെന്ന ചോദ്യമുണ്ടായി. ഭരിക്കുന്നത് എൽ.ഡി.എഫ് സർക്കാർ ആയതു കൊണ്ട് തനിക്ക് പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി.

അപ്പോൾ കോന്നിയിൽ എങ്ങനെ വികസനപ്രവർത്തനം നടന്നുവെന്നും അവിടെ ജയിച്ച അടൂർ പ്രകാശും ഇതേ എൽ.ഡി.എഫ് സർക്കാരിന്റെ കീഴിലെ എംഎ‍ൽഎ അല്ലേ എന്നുമുള്ള മറുചോദ്യത്തിന് മുന്നിൽ ശിവദാസൻ നായർക്ക് മറുപടിയില്ലായിരുന്നു. ഐ ഗ്രൂപ്പുകാരനായ അടൂർ പ്രകാശിനോട് അന്നു തുടങ്ങിയതാണ് എ ഗ്രൂപ്പിൽപ്പെട്ട ശിവദാസൻ നായർക്കുള്ള എതിർപ്പ്. അവസരം കിട്ടുന്നിടത്തെല്ലാം പരോക്ഷമായി ഇക്കാര്യം ഉന്നയിക്കാനും എംഎ‍ൽഎ മടിച്ചിരുന്നില്ല. അങ്ങനെയിരിക്കേയാണ് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളജ് അടൂർ പ്രകാശ് കോന്നിക്ക് കൊണ്ടുപോയത്. തെരഞ്ഞെടുപ്പിന് മുൻപ് ഇത് പ്രവർത്തനക്ഷമമാക്കാൻ മന്ത്രി കണ്ട മാർഗം മെഡിക്കൽ കോളജ് താൽകാലികമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആരംഭിക്കുക എന്നതായിരുന്നു.

ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ എംഎ‍ൽഎ രംഗത്തുവന്നു. തന്റെ മണ്ഡലത്തിലുള്ള ആശുപത്രിയിൽ ഇതു സമ്മതിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പിടിവാശി. ഇതോടെ മെഡിക്കൽ കോളജ് ജനറൽ ആശുപത്രിയിൽ തുറക്കാനുള്ള നീക്കം പാളി. ഇതിലൊക്കെ രസകരമായ കാര്യം ശിവദാസൻ നായരുടെ മണ്ഡലത്തിൽ 9 വർഷം മുൻപ് അനുവദിച്ച പൊലീസ് സ്റ്റേഷൻ ഇതുവരെ ആരംഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ്. മലയാലപ്പുഴ, ഇലവുംതിട്ട എന്നീ പൊലീസ് സ്റ്റേഷനുകൾ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ചതാണ്. അതിൽ മലയാലപ്പുഴ യാഥാർഥ്യമായി.

ആറന്മുള മണ്ഡലത്തിലെ ഇലവുംതിട്ട സ്റ്റേഷന്റെ കാര്യത്തിൽ എംഎ‍ൽഎ മൗനം പാലിക്കുകയാണ്. ഇവിടെയാണെങ്കിൽ അക്രമവും രാഷ്ട്രീയ സംഘട്ടനങ്ങളും പതിവാണ് താനും. സ്വന്തം മണ്ഡലത്തിലെ വികസനകാര്യങ്ങൾ നോക്കാൻ കഴിയാതെയാണ് അയൽമണ്ഡലത്തിൽ പാര വയ്ക്കാൻ ശിവദാസൻ നായർ ശ്രമിക്കുന്നത് എന്നാണ് മറുപക്ഷത്തിന്റെ ആരോപണം.