ആലപ്പുഴ : ആലപ്പുഴയിൽ ബിജെപിക്ക് സമയം തെളിഞ്ഞു. കോൺഗ്രസിൽ കൂട്ടപലായനം. കൂടുമാറ്റം ഏറ്റവും അധികം ദൃശ്യമാകുന്നത് ആലപ്പുഴയിൽ. സംസ്ഥാനത്തുടനീളം കൂടുമാറ്റം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും നേതൃത്വം കണ്ടില്ലെന്നു നടിക്കുന്നു. എന്നാൽ കോൺഗ്രസ് വിട്ടവരെല്ലാം ഇടതുപാളയത്തിലെത്തിയില്ലെന്നുള്ളതും വിചിത്രമായി. മുഴുവൻ പേരും ബിജെപി അനുകൂല നിലപാടിലാണ്. ഇപ്പോൾ കോൺഗ്രസിലെ പ്രമുഖരടക്കം ബിജെപി ബാന്ധവത്തിന് ഒരുങ്ങുകയാണ്.

അഭ്യന്തരമന്ത്രിയുടെ നാട്ടിൽ ആറു കോൺഗ്രസുക്കാർ നേർക്കുനേർ പോരാടുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസിന്റെ കായംകുളം മുനിസിലപ്പൽ ചെയർപേഴ്‌സൺ രാജശ്രീ കോമളത്താണ് ഇന്നലെ രാജിവച്ച് ബിജെപി സഹായം തേടിയത്. സിപിഐ(എം) കോട്ടയായ മുരുക്കുംമൂട് പിടിച്ചടക്കിയാണ് രാജശ്രീ കോൺഗ്രസിൽ സജീവ സാന്നിധ്യമായത്. ഇക്കുറി രാജശ്രീയെ തഴഞ്ഞ് നവാഗതർക്ക് സീറ്റ് നൽകാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രാജശ്രീ സ്വതന്ത്രയായി പത്രിക സമർപ്പിച്ചത്. അവസാന സമയം വരെ കാത്തിരുന്നിട്ടും കോൺഗ്രസ് നേതൃത്വം രാജശ്രീയ സ്വീകരിക്കാതിരുന്നതാണ് ബിജെപിയിലേക്ക് പോകാൻ വഴിതുറന്നത്.

ബിജെപി ആകട്ടെ സ്വന്തം സ്ഥനാർത്ഥിയെ ഉപേക്ഷിച്ച് രാജശ്രീയെ സ്വീകരിക്കുകയും ചെയ്തു. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിച്ചില്ലെങ്കിലും രാജശ്രീയുടെ ലാപ്‌ടോപ്പിനാണ് ഇനി താമര വോട്ടുകൾ വീഴുക. ജില്ലയിലെ ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് രാജശ്രീ മൽസരിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. രാജശ്രീ മൽസരിക്കുന്നത് എ ഗ്രൂപ്പിലെ നിലവിലെ വൈസ് ചെയർമാനെതിരെയാണ്. ജില്ലാ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ഷുജാ ജോഷ്വയും കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പത്രിക നൽകിയവരുടെ കൂട്ടത്തിലുണ്ട്. കോൺഗ്രസിലെ മഹിളകളെ അടക്കിനിർത്തേണ്ട ഷുജതന്നെ മറുകണ്ടം ചാടിയപ്പോൾ മറ്റ് വനിതകൾക്കും കൂടുതൽ കരുത്തോടെ ചാടാൻ പ്രേരണകിട്ടി. അഭ്യന്തര മന്ത്രിയുടെ സ്വന്തം നാട്ടിലാണ് ഷുജയുടെ ഈ പ്രകടനം നടന്നത്. ഷുജയുടെ നീക്കത്തിൽനിന്നും പ്രേരണ ഉൾക്കൊണ്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സതി എസ് നാഥ് നേതൃത്വത്തെ ധിക്കരിച്ച് പത്രിക നൽകി.

ഇപ്പോൾ ബിജെപി പിന്തുണയോടെ സതിയും ജനങ്ങളെ സമീപിച്ചു തുടങ്ങി. പാർട്ടിയുടെ പ്രഹരമേറ്റ് ബിജെപി പാളയത്തിൽ ചാടിയ മറ്റൊരു പ്രമുഖയാണ് ആശാ രാജ്. ജില്ലാ പഞ്ചായത്ത് ചെന്നിത്തല ഡിവിഷനിൽനിന്നുള്ള യു ഡി എഫ് പ്രതിനിധിയാണ് ആശ. ത്രികാസമർപ്പണവേളയിൽ ആശയും നാടകീയമായി ഒദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പത്രിക സമർപ്പിച്ചു. ഇപ്പോൾ ചെന്നിത്തലയിൽ ബിജെപി സഹായത്തോടെ മൽസര രംഗം തകർക്കുകയാണ് ആശാ രാജ്. പാർട്ടിയിലെയും യു ഡി എഫിലെയും നിലപാടുകളിൽ പ്രതിഷേധിച്ച് രാജിവച്ച മറ്റൊരു നേതാവാണ് ജോർജ് മാത്യു. ഇയ്യാൾ കേരള കോൺഗ്രസ് എമ്മിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. ജോർജും സി പി എമ്മിലോ ബിജെപിയിലോ കയറിപറ്റാനുള്ള ശ്രമത്തിലാണ്.

അമ്പലപ്പുഴയിലെ പുറക്കാട് സീറ്റ് ലഭിക്കാതിനെ തുടർന്ന് മണ്ഡലം ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബി രാധാമണി എന്നിവരും പാർട്ടി പ്രാഥമികാംഗത്വം രാജിവച്ചു. മുതുകുളത്ത് എ ഐ പോര് രൂക്ഷമായപ്പോൾ ആകെയുള്ള 15 സീറ്റിൽ 10 ലും കോൺഗ്രസുക്കാർ നേരിട്ട് പോരാട്ടത്തിലാണ്. ഇവിടെ സിറ്റിങ് അംഗം ഉഷ സീറ്റുലഭിക്കാതിരുന്നതിനെ തുടർന്ന് വിമതയായി രംഗത്തുണ്ട്. ഉഷയും ബിജെപി സംരക്ഷണത്തിലാണ്. ഇന്നലെ ഡിസിസി ഇറക്കിയ പത്രകുറിപ്പിൽ ആറോളം പേരെ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ പുറത്താക്കിയിട്ടുണ്ട്.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ