ഇസ്താംബൂൾ: തുർക്കിയിൽ പുതുവർഷം പിറവിയെടുത്തത് രക്തത്തിൽ കുളിച്ച്. തുർക്കിയിലെ ഇസ്താംബുളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്‌പ്പിൽ 35 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഒർട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.

സംഭവ സമയത്ത് ക്ലബ്ബിൽ നൂറുകണക്കിനു പേർ ഉണ്ടായിരുന്നു. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബ്ബിലുണ്ടായിരുന്നവർക്കു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തുർക്കി തലസ്ഥാനമായ അങ്കാറയിൽ റഷ്യൻ അംബാസിഡർ ആന്ദ്രേയ് കർലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ഇസ്താംബൂളിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ഡിസംബർ 10ന് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു.