ടി രംഗത്ത് ഇന്ത്യൻ കമ്പനികൾക്ക് 2018 ശുഭകരമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. 51 ബില്യൺ ഡോളറിന്റെ ഔട്ട്‌സോഴ്‌സിങ് കരാറുകളാണ് ഇതുവരെ ഇന്ത്യൻ കമ്പനികൾ ഒപ്പുവെച്ചത്. ഇതിൽ 196 എണ്ണവും 100 മില്യണിലേറെ മൂല്യമുള്ളതാണ്. 12 കരാറുകൾ നൂറുകോടി ഡോളറിനുമേലെയുള്ളവയും.

ഫ്രഞ്ച് ഐടി ഭീമന്മാരായ അറ്റോസുമായി സീമെൻസ് ഒപ്പുവെച്ച 7.2 ബില്യൺ ഡോളറിന്റെ കരാറാണ് ഇന്ത്യൻ കമ്പനികൾക്ക് ഇക്കൊല്ലം ലഭിച്ചവയിൽ വെച്ചേറ്റവും വലുതെന്ന് ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. മുൻവർഷങ്ങളിലേതുപോലെ, ഔട്ട്‌സോഴ്‌സിങ് രംഗത്താണ് ഇന്ത്യൻ കമ്പനികൾ കാര്യമായ പുരോഗതി ഉണ്ടാക്കിയിരിക്കുന്നത്. 196 ഔട്ട്‌സോഴ്‌സിങ് കരാറുകളിൽ നാലെണ്ണത്തിൽ മാത്രമാണ് ഇന്ത്യൻ കമ്പനികൾക്ക് പൂർണ ചുമതലയുള്ളത്.

വലിയ കരാറുകൾ ഭിന്നിപ്പിച്ച് ചെറിയ കരാറുകളാക്കി വ്യത്യസ്ത കമ്പനികളെ ഏൽപ്പിക്കുകയെന്ന നയമാണ് ആഗോളതലത്തിലുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ കരാറുകൾ ഇന്ത്യൻ കമ്പനികളെ തേടിയെത്തിയത്. അറ്റോസ് ഒറിജിനുമായി സീമെൻസ് ഒപ്പുവെച്ച കരാർ മാത്രമാണ് വമ്പൻ കരാറെന്ന് ചൂണ്ടിക്കാട്ടാവുന്നത്. മറ്റുള്ളവയൊക്കെ, ഇടത്തരം കരാറുകളാണ്. സിറ്റി ഗ്രൂപ്പും ടിസിഎസുമായുള്ള ബാങ്കിങ് രംഗത്തെ കരാർ 2.5 ബില്യൺ ഡോളറിന്റേതാണ്. റോയൽ ഡച്ച്/ഷെൽ കമ്പനിയുമായി എടി ആൻഡ് ടി 1.6 ബില്യൺ ഡോളറിന്റെയും കരാറിൽ ഒപ്പുവെച്ചു.

കരാറുകൾ പുതുക്കുന്ന ഘട്ടമാകുമ്പോൾ കമ്പനികൾ പുതിയ ഐടി കമ്പനികളെ തേടുന്നത് സ്വാഭാവികമാണ്. 2016-ൽ 180 കരാറുകളിൽ 47 ശതമാനത്തോളം മുൻവർഷത്തെ സ്ഥാപനങ്ങൾക്ക് നഷ്ടമായതായി കണ്ടെത്തിയിരുന്നു. 32 ശതമാനം എണ്ണത്തിൽ കരാറുകൾ വിഭജിച്ച് പുതിയ സ്ഥാപനങ്ങൾക്ക് നൽകുന്ന രീതിയുണ്ടെന്നും കണ്ടെത്തിയിരുന്നു. വലിയ മൾട്ടി നാഷണൽ കമ്പനികൾ ഏറ്റെടുക്കുന്ന കരാറുകളുടെ ചില മേഖലകളും ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കാറുണ്ട്.

ഇക്കുറി വലിയ തോതിൽ കരാറുകൾ ലഭിച്ചെങ്കിലും ഇന്ത്യയിലെ സർവീസ് പ്രൊവൈഡർമാർ നേരിടുന്ന ചില വെല്ലുവിളികളുണ്ട്. ഐടി മേഖലയിലെ കരാറുകളുടെ സ്വഭാവത്തിൽ വരുന്ന വ്യത്യാസമാണിത്. പുതിയ ഡിജിറ്റൽ മേഖലകളിലേക്ക് കമ്പനികൾ നീങ്ങുന്നതനുസരിച്ച് പുതിയ മേഖലകൾ കണ്ടെത്തുകയെന്നതാണ് വെല്ലുവിളികളിലൊന്ന്. ഇന്ത്യൻ കമ്പനികളെക്കാൾ കൂടുതൽ വൈദഗ്ധ്യമുള്ള വിദേശ കമ്പനികളുടെ കടന്നുവരവും മറ്റൊരു വെല്ലുവിളിയാണ്.