തിരുവനന്തപുരം: ഇൻകംടാക്‌സ് കൈക്കൂലിക്കേസിൽ സിബിഐ ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഇടത്തറ സ്വദേശി കുമാറാണ് മരിച്ചത്. ഇൻകംടാക്‌സ് ഓഫീസർ ശരത്തിന്റെ ബിനാമിയാണ് ഇയാളെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.

ഏറ്റുമാനൂർ പവ്വത്തിൽ ജൂവലറിയുടമയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇൻകംടാക്‌സ് പ്രിൻസിപ്പൽ കമ്മീഷണർ ശൈലന്ദ്ര മമ്മടിക്ക് കോടികളുടെ ആസ്തികളുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പിലെ മറ്റൊരു ഓഫീസർ ശരത്തിനെയും ഇടനിലക്കാരൻ അലക്‌സിനെയും തിരുവനന്തപുരം സിബിഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തു്. മൂന്നു മാസങ്ങൾക്ക് മുമ്പ് മാത്രം ചെന്നൈയിൽ നിന്ന തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി കിട്ടി വന്ന ശൈലേന്ദ്ര മമ്മടി കുറഞ്ഞ സമയത്തിനുള്ളിൽ കോടികളാണ് സംസ്ഥാനത്ത് നിന്ന് ഉണ്ടാക്കിയത്. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണർ തന്നെ കൈക്കൂലി കേസിൽ അകത്തായത് വകുപ്പിന് തന്നെ നാണക്കേടായി.

ആദായനികുതി വകുപ്പിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനായ ശരത്തിനും ഈ ഇടപാടിൽ വ്യക്തമായ പങ്ക് ഉള്ളതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശരത്തിന്റെ പിടിപി നഗറിൽ വീട്ടിൽ നടത്തിയ റെയ്ഡിൽ പത്ത് വെടിയുണ്ടകളും വിദേശ മദ്യവും കണ്ടെത്തി. വെടിയുണ്ടകൾ സൂക്ഷിക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയത് ഗൗരവമായിട്ടാണ് കാണുന്നത്. സിബിഐ നിർദ്ദേശപ്രകാരം അനധികൃതമായി വെടിയുണ്ടകൾ സൂക്ഷിച്ചതിനും വിദേശമദ്യം സൂക്ഷിച്ചതിനും വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. വിലകൂടിയ പത്തിലധികം വിദേശമദ്യങ്ങളാണ് റെയ്ഡിൽ കണ്ടെത്തിയത്. എന്നാൽ ശരത്തിന്റെ വീടിന്റെ സമീപത്തുള്ള മരണപ്പെട്ട റിട്ട. കേണൽ സമ്മാനിച്ചതാണെന്നാണ് സിബിഐക്ക് നൽകിയ വിശദീകരണം. എന്നാൽ സിബിഐ ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ശരത്തിന്റെ വീട്ടിൽ നിന്നും അനധികൃത സ്വത്തുക്കളുടെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്്. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് കുമാറിലേക്ക് കാര്യങ്ങളെത്തിച്ചത്. പറയ്‌ക്കോട് സ്വദേശിയായ കുമാറിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. നിരവധി രേഖകളും പണവും ഇവിടെ നിന്നും കണ്ടെത്തി. ഇതോടെയാണ് ഇയാൾ സമ്മർദ്ദത്തിലായത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. ഏതായാലും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്ക് ബിനാമികൾ ഏറെയുണ്ടെന്ന സൂചനയാണ് അന്വേഷണത്തിൽ സിബിഐയ്ക്ക് ലഭിക്കുന്നത്. കൂടതൽ ചോദ്യം ചെയ്യലുകൾ വരും ദിവസങ്ങളിൽ നടക്കും.

അതിനിടെ ശൈലേന്ദ്ര മമ്മടിയുടെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ സിബിഐ ചെന്നൈ യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദായനികുതി ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കുടിശികയുള്ള ഏറ്റുമാനൂർ പൗവ്വത്തിൽ ജൂവലറിക്കെതിരെ ആദായനികുതി വകുപ്പ് പലതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇളവുകൾ അനുവദിക്കാനാവില്ലെന്ന് അറിയിപ്പ് വന്നതോടെയാണ് ഇടനിലക്കാരൻ അലക്‌സുമായി ജൂവലറി ഉടമകൾ ബന്ധപ്പെടുന്നത്. ഇടനിലക്കാരനായ അലക്‌സ് മുഖേനെ കോട്ടയത്തെ ഫ്‌ളാറ്റിൽ വച്ച് കമ്മീഷണർ ശൈലേന്ദ്ര മമ്മടിക്ക് കൈമാറിയത്.

ഈ ജൂവലറിയുടെ ആദായനികുതി ഇടപാടുകളും കുടിശ്ശികകളും കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്‌പി ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു മൂവരെയും അറസ്റ്റ് ചെയ്തത്.