ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമായി ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ ആർബിഐ ഉത്തരവില്ല എന്ന വാർത്ത ശരിയല്ലെന്നും ആർബിഐ വിശദീകരിച്ചു. 2017 ജൂൺ ഒന്നിനിറക്കിയ ഗസറ്റിൽ ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

2017ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ഭേദഗതി പ്രകാരം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് റിസർവ് ബാങ്ക് പറയുന്നു. ഭേദഗതി പ്രകാരം ബാങ്കുകൾ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉപയോക്താവിനെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേകം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും ആർബിഐ പറയുന്നു.
കഴിഞ്ഞ ജൂണിൽ ബാങ്കിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനൊ, 50,000 രൂപയ്ക്ക് മുകളിലുള്ള പണകൈമാറ്റത്തിനോ ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിസംബർ 31 മുമ്പ് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അവ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.