തിരുവനന്തപുരം: ആക്കുളം കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐടി മിഷൻ ജീവനക്കാരൻ മുരുകന്റേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ്. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന മുരുകൻ കഴിഞ്ഞ കുറച്ച് കാലമായി മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നുവെന്നും ശ്രീകാര്യം പൊലീസ് പറയുന്നു.  രണ്ട് വർഷമായി ഇയാൾ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇവരുടെ മകൾ ആർക്കൊപ്പം നിൽക്കണം എന്നത് സംബന്ധിച്ച് കുടുംബ കോടതിയിൽ കേസ് നടക്കുന്നുണ്ടായിരുന്നു. കടുത്ത മാനസിക സംഘർഷം തന്നെയാണ് ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആക്കുളം പാലത്തിന് സമീപം ഒരു ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചിരുന്നു. ബൈക്ക് ഉടമ കായലിലേക്ക് ചാടിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ ഈ വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലതെത്തിയ പൊലീസ് സംഘം ബൈക്ക് നമ്പർ പരിശോധിച്ച് മേൽ വിലാസം കണ്ടെത്തിയിരുന്നു. ഐടി മിഷൻ ജീവനക്കാരനായമുരുകൻ രാവിലെ 10.30 കഴിഞ്ഞിട്ടും ഓഫീസിലെത്താതിരുന്നതിനെ തുടർന്ന് ഇയാളുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മൊബൈൽ ഫോൺ ഓഫായിരുന്നു. പിന്നീട് വീട്ടിലേക്ക് വിളിച്ചെങ്കിലും രാവിലെ പുറപ്പെട്ടെന്നുമാണ് വിവരം ലഭിച്ചിരുന്നു.

നഗരത്തിലെ തമ്പാനൂരിനടുത്താണ് മുരുകനും ഭാര്യയും മകളും താമസിച്ചിരുന്നത്. ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ഇരുവരും തമ്മിൽ അകന്ന് കഴിയുകയായിരുന്നു. പിന്നീട് ബന്ധം വേർപെടുത്തിയിരുന്നു. ഇരുവരുടേയും മകളെ ആർക്കൊപ്പം നിർത്തണം എന്നത് സംബന്ധിച്ച് കേസും നടക്കുന്നുണ്ടായിരുന്നു. കേസ് നടക്കുന്നതിനാൽ തന്നെ മുരുകൻ ഇപ്പോൾ താമസിച്ചിരുന്നത് അമ്മയുടേയും സഹോദരിയുടേയും ഒപ്പം കഴക്കൂട്ടം കാര്യവട്ടെത്തെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം.

കോടതിയുടെ നിർദ്ദേശമനുസരിച്ച് ആഴ്ചയിൽ ഇത്ര ദിവസം മകൾ ഭൂമിക അമ്മ പ്രിയക്ക് ഒപ്പവും ബാക്കി ദിവസങ്ങളിൽ അച്ഛൻ മുരുകന് ഒപ്പവും എന്ന രീതിയിലായിരുന്നു മുന്നോട്ട് പോയത്. ഇതിനിടയിൽ കുട്ടിയുടെ അവകാശം പൂർണമായും അമ്മയ്ക്ക് ലഭിക്കണമെന്ന കേസ് കോടതിയിൽ പരിഗണനയിലായിരുന്നു. രാവിലെ ആക്കുളം പാലത്തിൽ ബൈക്ക് കാണുകയും പിന്നീട് മുരുകനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലതെത്തി പരിശോധന നടത്തിയത്.

മകളെ നഷ്ടപ്പെടുമോ എന്ന ആശങ്ക കുറച്ച് കാലമായി മുരുകനെ വല്ലാതെ ബാധിച്ചിരുന്നുെവന്നാണ് ബന്ധുക്കൾ പറയുന്നത്. വളരെ ഊർജസ്വലനായിരുന്ന മുരുകൻ പിന്നീട് മകളുടെ വിഷയത്തിലും കുടുംബ പ്രശ്നങ്ങളിലും മാനസികമായി തളർന്നിരുന്നുെവന്നും തന്നെയാണ് ബന്ധുക്കൾ പറയുന്നത്. ഓഫീസിലും വലിയ സൗഹൃദങ്ങളുണ്ടായിരുന്ന മുരുകൻ കുറച്ച് കാലമായി ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.