- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി പാർക്ക് നടത്തിപ്പുകാർക്കും ഐടി കമ്പനികൾക്കും പുറമേ അവർ നിയോഗിക്കുന്ന ഏജൻസികൾക്കും നടത്തിപ്പ് ചുമതല; യോഗ്യതാമാനദണ്ഡങ്ങൾ ചില അബ്കാരികൾക്ക് അനുകൂലമാക്കാനുള്ള സമ്മർദ്ദം പ്രതിഷേധമായി; ഐടി പാർക്ക് സിഇഒയുടെ രാജി അംഗീകരിക്കില്ല; നിർണ്ണായകമാകുക മുഖ്യമന്ത്രിയുടെ മനസ്സ്
തിരുവനന്തപുരം : കേരള ഐ.ടി പാർക്ക് സിഇഒ ജോൺ എം.തോമസിന്റെ രാജി പിണറായി സർക്കാർ അംഗീകരിക്കില്ല. രാജിയിൽ ഉറച്ചു നിന്നാൽ മാത്രം പുതിയ ആളെ നിയോഗിക്കും. രാജിക്ക് പിന്നിൽ സി പി എമ്മുമായി അടുപ്പമുള്ള ബാർ ഉടമ ചൈന സുനിലുമായുള്ള രൂക്ഷമായ തർക്കം. ഐ.ടി പാർക്കിനുള്ളിൽ പബ്ബ് തുറക്കാൻ ലൈസൻസ് സംബന്ധിച്ച തർക്കമാണ് രാജി നൽകലിന് കാരണം. ജോണിന്റെ രാജി സംസ്ഥാനത്തിന്റെ വിവരസാങ്കേതിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് രാജി അംഗീകരിക്കില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നത്.
വ്യക്തിപരമായ കാരണങ്ങളാണ് രാജി കത്തിൽ ജോൺ ചൂണ്ടിക്കാണിച്ചതെങ്കിലും ഐടി പാർക്കിനുള്ളിൽ പബ് തുറക്കാൻ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇടത് സർക്കാരുമായി അടുപ്പമുള്ള ബാർ ഹോട്ടൽ ഉടമയുമായുള്ള തർക്കത്തെ തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യൻ എക്സ്‌പ്രസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് ചൈനാ സുനിലുമായുള്ള തർക്കമാണ് പ്രശ്നമുണ്ടാക്കിയതെന്ന് വ്യക്തമായത്. ഈ വിഷയവും മുഖ്യമന്ത്രിയുടെ മുമ്പിലുണ്ട്. ഐടി പാർക്ക് സി ഇ ഒയെ പിണക്കാതെ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും സൂചനയുണ്ട്. പബ് അനുവദിക്കുന്നതിലുള്ള ഇളവുകളെ സംബന്ധിച്ച ആവശ്യങ്ങൾ സിഇഒ നിരാകരിച്ചിരുന്നു. ഇതാണ് പ്രശ്നമായത്.
എ.ടി. പാർക്കുകളിലെ ബാർ നടത്തിപ്പ് സ്വന്തമാക്കാൻ രംഗത്തിറങ്ങിയ അബ്കാരികൾ തമ്മിലുള്ള തർക്കംകാരണം പുതിയ ലൈസൻസ് സംവിധാനത്തിന് അന്തിമരൂപമായില്ലെന്നതാണ് വസ്തുത. അബ്കാരി നയത്തിൽ മാറ്റം വന്ന് ഒരുമാസം കഴിഞ്ഞിട്ടും വ്യവസ്ഥകളായില്ല. ഐ.ടി. പാർക്കുകളിൽ നിശ്ചിതസ്ഥലത്ത് വിദേശമദ്യവും ബിയറും വിളമ്പാൻ സൗകര്യപ്രദമായ രീതിയിൽ റെസ്റ്റോറന്റുകളാണ് എക്സൈസ് നിർദ്ദേശിച്ചത്. നക്ഷത്രപദവി ഇല്ലാത്ത ബാറായി പരിഗണിക്കാം. ഇതിൽ ബാർ റൂം, റെസ്റ്റോറന്റ്, മദ്യം സൂക്ഷിക്കാനുള്ള സ്ട്രോങ് റൂം എന്നിവയുണ്ടാകും. ഓഫീസുമായി വേറിട്ടാകണം മദ്യശാലകൾ സജ്ജീകരിക്കണ്ടത്. പുറമേ നിന്നുള്ളവർക്ക് പ്രവേശനം നൽകില്ല. ഈ വ്യവസ്ഥകളിൽ ധാരണയായിരുന്നു.
ഐ.ടി. പാർക്ക് നടത്തിപ്പുകാർ, ഐ.ടി. കമ്പനികൾ എന്നിവയ്ക്ക് പുറമേ അവർ നിയോഗിക്കുന്ന ഏജൻസികൾക്കും നടത്തിപ്പ് ചുമതല നൽകുന്നത് പരിഗണിച്ചിരുന്നു. ബാർ, ഹോട്ടൽ നടത്തിപ്പിൽ ഐ.ടി. മാനേജ്മെന്റുകൾക്ക് പരിചിതമില്ലാത്തിനാലാണ് പുറമേയുള്ളവർക്ക് കരാർ നൽകാൻ സർക്കാർ തലത്തിൽ നിർദ്ദേശമുയർന്നത്. ഇത് ഐ.ടി. വകുപ്പും പിന്തുണച്ചു. യോഗ്യതാമാനദണ്ഡങ്ങൾ ചില അബ്കാരികൾക്ക് അനുകൂലാക്കാൻ സമ്മർദമുയർന്നു. ഇതാണ് ഐടി പാർക്ക് സിഇഒയുടെ രാജിക്ക് കാരണമായത്. ലൈസൻസ് ഫീസിനെക്കുറിച്ചും തീരുമാനമുണ്ടാകേണ്ടതുണ്ട്. ബാറുകൾക്ക് 30 ലക്ഷവും ക്ലബ്ബുകൾക്ക് 20 ലക്ഷം രൂപയുമാണ് വാർഷിക ഫീസ്.
ഐ.ടി. പാർക്കുകളിലെ മദ്യശാലകളിൽനിന്ന് ക്ലബ്ബ് ലൈസൻസ് ഫീ ഈടാക്കാനാണ് എക്സൈസ് ശുപാർശ ചെയിട്ടുള്ളത്. ഉപഭോക്താക്കൾ കുറവായതിനാൽ ഇതിൽ ഇളവിനും ഐ.ടി. മേഖലയിൽനിന്നു സമ്മർദമുണ്ട്. ടെക്നോപാർക്കിലെ ക്ലബ് ഹൗസിൽ ബാറിനായി നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മാനദണ്ഡങ്ങൾ തയ്യാറാക്കുന്ന ഘട്ടത്തിൽ പ്രമുഖനായ ബാറുടമ ടെക്നോപാർക്ക് സിഇഒയെ കണ്ട് സമ്മർദം ചെലുത്തിയതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് ആരോപണം.
തിരുവനന്തപുരത്തെ ടെക്‌നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർപാർക്ക് എന്നീ സംസ്ഥാനത്തെ മൂന്ന് പ്രധാന ഐടി പാർക്കുകൾക്ക് നേതൃത്വം നൽകിയത് ജോൺ ആയിരുന്നു. അദ്ദേഹത്തിന്റെ രാജി അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചാൽ, മുകളിൽ പറഞ്ഞ മൂന്ന് ഐടി പാർക്കുകൾക്കും പ്രത്യേക സിഇഒമാരെ നിയമിച്ചേക്കും. ജോൺ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സിഇഒ ആയി അധിക ചുമതല വഹിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഐടി പാർക്കുകൾ സ്ഥാപിക്കാനും നിലവിലുള്ള ഐടി, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കാനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്ന നിർണായക ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ കുടുംബം സ്ഥിരതാമസമാക്കിയ യുഎസിലേക്ക് മടങ്ങും.
കഴിഞ്ഞ വർഷം മാർച്ചിലാണ് ജോൺ കേരള ഐടി പാർക്ക്‌സ് സിഇഒ ആയി ചുമതലയേറ്റത്. ടെക്‌നോസിറ്റിയുടെ മാസ്റ്റർ പ്ലാനിന്റെ ചാർട്ടിങ് അദ്ദേഹം മേൽനോട്ടം വഹിച്ചു, പക്ഷേ പദ്ധതി ഇപ്പോഴും അതിന്റെ ആദ്യഘട്ടത്തിലാണ്. ടെക്‌നോപാർക്കിന്റെ നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി വികസിപ്പിക്കുന്ന ടെക്‌നോസിറ്റി 390 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം കെട്ടിടങ്ങളുള്ള 30 ദശലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്ഥലമാണ് ടെക്‌നോസിറ്റിക്കുള്ളത്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ജോൺ അറ്റ്ലാന്റയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റംസ്, ഓപ്പറേഷൻസ്, ഫിനാൻസ് എന്നിവയിൽ എംബിഎ നേടി.
മറുനാടന് മലയാളി ബ്യൂറോ