കണ്ണൂർ: ആശീർവദിക്കാനും അനുഗ്രഹിക്കാനും തോളോട് ചേർത്ത് പിടിക്കാനും അച്ഛനില്ലെങ്കിലും സൗമ്യ പൊലീസായി. കാട്ടാന ചവുട്ടിക്കൊന്ന അച്ഛന്റെ കണ്ണീരണിഞ്ഞ ഓർമ്മകൾക്കു മുൻപിൽ ഒരു നിമിഷം ബിഗ് സല്യൂട്ട് നൽകി സൗമ്യ പൊലീസ് സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു.

തൃശൂർ പാലപ്പിള്ളി ഏലിക്കോട് ആദിവാസി കോളനിയിലെ ഇ.യു സൗമ്യ ഇന്ന് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ.നായരുടെ ഓഫീസിലെത്തിയാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.

എല്ലുമുറിയെ പണിയെടുത്തും കടം വാങ്ങിയും തന്നെ പഠിപ്പിച്ച അച്ഛൻ താൻ ജോലിയിൽ പ്രവേശിക്കുന്നത് കാണാനില്ലെന്ന ദുഃഖം മുഖത്തുണ്ടെങ്കിലും ആത്മവിശ്വാസം കൈവെടിയാതെയാണ് സൗമ്യ കാക്കി അണിയുകയെന്ന ജീവിത സ്വപ്നം സാക്ഷാത്കരിക്കാനെത്തിയത്.

പാലപ്പിള്ളിയിൽ കാട്ടാനയുടെ അക്രമത്തിലാണ് സൗമ്യയുടെ പിതാവ് ഉണ്ണിച്ചെക്കൻ മരണമടയുന്നത്. ഉണ്ണിച്ചെക്കന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകളെ പൊലിസുകാരിയാക്കുകയെന്നത്.

പാർശ്വവൽക്കരിക്കപ്പെടലിന്റെയും അവഗണനയുടെയും കയ്‌പ്പുനീര് ഒട്ടേറെ കുടിച്ചാണ് ഈ ദളിത് വിഭാഗത്തിൽപ്പെട്ട യുവതി പൊലീസ് തൊപ്പിയണിയുന്നത്. തൃശൂർ ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ആദ്യ എസ്‌ഐ യായ സൗമ്യയുടെ പോസ്റ്റിങ് എവിടെയാണെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഏകമകൾ സിവിൽ സർവന്റായി കാണുകയെന്ന ആഗ്രഹത്താൽ പഠിക്കാൻ മിടുക്കിയായ മകളെ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് പിതാവ് ഉണ്ണിച്ചെക്കൻ ഉന്നത വിദ്യാഭ്യാസം നൽകിയത്. 2021 ജനുവരി 28 നാണ് ഉണ്ണിച്ചെക്കൻ കാട്ടാനയുടെ ചവിട്ടേറ്റുമരിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള സൗമ്യ പി.എസ്.സി വഴി ജോലി നേടി ആദ്യം വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട് ആദ്യം ഫോറസ്റ്റ് ഓഫിസറായിരുന്നു. തുടർന്ന് എളനാട് തൃക്കണായ യു.പി സ്‌കൂളിൽ അദ്ധ്യാപികയായും ജോലി ചെയ്തു.

എന്നാൽ പൊലീസാവുകയെന്നതായിരുന്നു ജീവിതത്തിലെ അടങ്ങാത്ത ആഗ്രഹം. ഇതിന്റെ ഭാഗമായാണ് 2020 ഒക്ടോബർ 30 ന് പൊലീസ് അക്കാദമിയിൽ പരിശീലനത്തിനായി ചേർന്നത്. കഴിഞ്ഞ പതിനൊന്നിനായിരുന്നു പൊലീസ് സബ് ഇൻസ്പെക്ടറായി സൗമ്യയുടെ പാസിങ് ഔട്ട് പരേഡ്. പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിലുള്ള പി.എസ്.സി ക്ളാസിലൂടെയാണ് പഠനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞതെന്ന് സൗമ്യ പറഞ്ഞു. ഈ ക്ളാസുകൾ ഒരു വർഷത്തേക്ക് നീട്ടിയാൽ ആദിവാസി വിഭാഗത്തിലെ മറ്റു വിദ്യാർത്ഥികൾക്കും സർക്കാർ ജോലി സ്വന്തമാക്കാൻ കഴിയുമെന്ന് സൗമ്യ പറഞ്ഞു.