തിരുവനന്തപുരം: ഇപ്പോൾ പ്രധാനമന്ത്രിയായില്ലെങ്കിൽ പിന്നീടൊരിക്കലും നരേന്ദ്രമോദിക്ക് അതിനൊരു ചാൻസ് കിട്ടില്ലെന്ന് കേരളത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി ആർ പി ഭാസ്‌കർ. രാഹുൽഗാന്ധി ഇക്കുറി പരാജയപ്പെട്ടാലും അത് അദ്ദേഹത്തിന്റെ പരാജയമാവില്ലെന്നും രാഹുലിന് മുന്നിൽ ഇനിയും അവസരങ്ങൾ തുറന്നുവരുമെന്നും ബി ആർ പി ഭാസ്‌കർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

  • മോദിയും രാഹുലും

കുറേക്കാലമായി ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയെങ്കിലും പ്രഖ്യാപിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 1998ലും 1999ലും വാജ്‌പേയിയെന്ന നേതാവിനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ബിജെപി ജനവിധി തേടിയത്. ആദ്യത്തെ തവണ എഐഎഡിഎംകെ പിന്തുണ പിൻവലിച്ചപ്പോൾ ഒറ്റ സീറ്റിന്റെ കുറവിൽ സർക്കാർ താഴെവീണെങ്കിലും 99ൽ അധികാരത്തിലേറിയ വാജ്‌പേയി അഞ്ചുകൊല്ലം തികച്ചുഭരിച്ചു. 2004ലും വാജ്‌പേയിയുടെ പേരുപറഞ്ഞായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തവണ വാജ്‌പേയിക്ക് ജയിക്കാനാവാതിരുന്നതോടെ വാജ്‌പേയിക്കുപകരം 2009ലെ തിരഞ്ഞെടുപ്പിൽ എൽ കെ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചായിരുന്നു അങ്കത്തിനിറങ്ങിയത്. അതു പാളിയതോടെയാണ് ഇത്തവണ മോദിക്ക് നറുക്കുവീണത്. അതിനാൽത്തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച് മോദി ഇക്കുറി പരാജയപ്പെട്ടാൽ പിന്നെ പാർട്ടിയും ആർഎസ്എസും അദ്ദേഹത്തെ പരിഗണിക്കില്ലെന്നുറപ്പാണ്. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴുമില്ല എന്നതാണ് മോദിയുടെ സ്ഥിതി.

രാഹുൽഗാന്ധിയുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരിലൂടെ കൈമാറിവന്ന കുടുംബപാരമ്പര്യത്തിന്റെ പേരിലാണ് രാഹുൽഗാന്ധിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ കുടുംബ പ്രതിനിധി എന്ന നിലയിൽ രാഹുലിന് ഇനിയും അവസരങ്ങൾ വരുമെന്ന് ഉറപ്പാണ്.

  • എതിർത്തവരെ ഒതുക്കി മോദി; തനിച്ച് 272 സീറ്റ് നേടാൻ ബിജെപി

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവണോ വേണ്ടയോ എന്ന വിഷയത്തിലൂന്നിയാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചകൾ നടക്കുന്നത്. ഇത് സൃഷ്ടിച്ചതും മോദി തന്നെയാണ്. പ്രധാനമന്ത്രിപദത്തിൽ കണ്ണുവച്ച് മോദി വളരെ നേരത്തേതന്നെ നീക്കങ്ങൾ തുടങ്ങിയെന്നത് നിരീക്ഷിച്ചാൽ അത് വ്യക്തമാകും. മോദിയെ ഉയർത്തിക്കാട്ടുന്നതിൽ ബിജെപിയിൽ ഒരുവിഭാഗം എതിർത്തിരുന്നു. പക്ഷ, മോദിയുടെ ചരടുവലികൾക്കൊടുവിൽ ആർഎസ്എസ് ഇടപെട്ട് മോദിതന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ചു. അതിനെതിരെ ശബ്ദിച്ചവരെയെല്ലാം നിശബ്ദരാക്കിയായിരുന്നു പ്രഖ്യാപനം. എതിർക്കുന്നവരെയെല്ലാം ആസൂത്രിതമായി ഒഴിവാക്കുന്നതും ഒതുക്കുന്നതും വ്യക്തമാണ്.


ഗുജറാത്ത് കലാപ പരിവേഷം ചൂണ്ടിക്കാട്ടി മോദി വരുന്നതിൽ പ്രതിഷേധിച്ച് ജെഡിയു മുന്നണിവിട്ടു. അതോടെ ബിജെപിക്കൊപ്പം ഹിന്ദു കക്ഷിയായ ശിവസേനയും സിഖ് പാർട്ടിയായ അകാലിദളും മാത്രമായി. ഈ ദുർബലാവസ്ഥയിൽ നിന്ന് കരകയറുന്നതിന് രണ്ടു തന്ത്രങ്ങളാണ് മോദി പയറ്റുന്നത്. 272 സീറ്റുനേടി തനിച്ച് ഭൂരിപക്ഷം പിടിച്ചെടുക്കാനാണ് ആദ്യത്തെ ശ്രമം. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ മറ്റു കക്ഷികൾ സ്വീകരിച്ചേക്കില്ലെന്ന ഭയമാണ് ഇതിനു പിന്നിൽ. മറ്റൊന്ന് പാർട്ടിക്കുള്ളിൽ ഭീഷണിയായേക്കാവുന്നവരെ ഒതുക്കാനുള്ള ശ്രമമാണ്. അദ്വാനിയുടെ സീറ്റിന്റെ കാര്യത്തിൽ സംശയമുണ്ടായതും ജസ്വന്തിന് സീറ്റ് നിഷേധിച്ചതും മുരളീമനോഹർ ജോഷിയെ ആവശ്യപ്പെട്ട മണ്ഡലത്തിൽ നിന്ന് മാറ്റിയതുമെല്ലാം ഈ നീക്കത്തിന്റെ ഭാഗമായാണ്. പഴയ താപ്പാനകളെ ഒതുക്കുന്നുവെന്ന് ചുരുക്കം.

272 സീറ്റ് കിട്ടാൻ സാധ്യതയില്ലെങ്കിലും അതിൽ വലിയ കമ്മി ഉണ്ടാവില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. മോദിയെ പ്രാദേശിക കക്ഷികൾ പിന്തുണച്ചേക്കില്ലെന്ന തുടക്കത്തിലെ സ്ഥിതിക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. അതിനാൽ ഇക്കറി ഭരണം നേടാൻ മോദിക്കും ബിജെപിക്കും തടസ്സങ്ങളുണ്ടാവില്ല എന്ന സ്ഥിതി വന്നിട്ടുണ്ട്. മുപ്പതോ നാൽപതോ സീറ്റ് ഭരിക്കാൻ കുറവുവന്നാലും മുമ്പ് കൂടെ നിന്നിരുന്ന തൃണമൂലിനേയോ എഐഎഡിഎംകെയേയോ കൂടെ കൂട്ടി ഭരിക്കാനാവും. രാംവിലാസ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി ഇപ്പോൾത്തന്നെ മോദിക്ക് പിന്തുണയുമായി കൂടെയുണ്ട്. തെലുഗുദേശവുമായും തമിഴ്‌നാട്ടിലെ ചില കക്ഷികളുമായും ചർച്ചകൾ നടന്നുവരികയാണ്. മോദിക്ക് തൊട്ടുകൂടായ്മ കൽപിച്ച് ജെഡിയു പിൻവാങ്ങിയ സാഹചര്യം ഇപ്പോഴില്ല.

അതേസമയം, മോദി സൃഷ്ടിച്ചെടുത്ത അനുകൂല സാഹചര്യം അതേ തീവ്രതയിൽ ഇപ്പോഴുമുണ്ടെന്ന് പറയാനാവില്ല. വളരെ നേരത്തേതന്നെ മോദി പ്രചരണം തുടങ്ങിയെങ്കിലും ഇപ്പോൾ ക്ഷീണിച്ച അവസ്ഥയിലാണ്. എതിർകക്ഷികൾ പ്രചരണം ശക്തമാക്കിയാൽ മോദിക്ക് അനുകൂലമായ സ്ഥിതി മാറാം. പക്ഷേ, മോദിയെ എഴുതിത്തള്ളാനാവില്ല.

  • കേരളത്തിലേക്കുള്ള മോദിയുടെ വരവ്

കേരളത്തിൽ മോദി വന്നത് വളരെ നേരത്തേയായിപ്പോയി. അത് അന്ന് ബിജെപിക്കാർക്കിടയിൽ വലിയ ഉത്സാഹമുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ടായി പ്രതിഫലിക്കുന്ന കാര്യത്തിൽ സംശയമുണ്ട്. അന്ന് രാഷ്ട്രീയ രംഗത്ത് ഇപ്പോഴത്തേതുപോലെ തിരഞ്ഞെടുപ്പു ചൂടില്ലായിരുന്നു എന്നതുതന്നെ കാരണം. എല്ലാക്കാലത്തും കേരള തിരഞ്ഞെടുപ്പിൽ നടക്കുന്നതുപോലെ ചർച്ച എൽഡിഎഫോ യുഡിഎഫോ എന്ന നിലയിലേക്ക് മാത്രമായി ഇപ്പോൾ മാറി. മാദ്ധ്യമങ്ങളും ഈ രീതിയിൽ പക്ഷംപിടിച്ച് ഈ വിഷയത്തിൽ മാത്രം നിന്നാണ് വാർത്തകൾ നൽകുന്നതും. ഇടതും വലതുമല്ലാതെ മൂന്നാമതൊന്ന് എന്ന് ചിന്തിക്കുന്ന സാഹചര്യമില്ല. ഇതു നിലനിർത്തുന്നത് ഇരുമുന്നണികളുടെ മാത്രമല്ല, മാദ്ധ്യമങ്ങളുടേയും ആവശ്യമാണെന്നുവേണം കാണാൻ.

  • കോൺഗ്രസിന് തിരിച്ചടിയാവുന്നത് അഴിമതി


ദേശീയതലത്തിൽ ഇപ്പോൾ ഏറെ ക്ഷീണത്തിലാണ് കോൺഗ്രസ്. രണ്ടുതവണ തുടർച്ചയായി അധികാരത്തിൽ വന്ന് പത്തുവർഷം ഭരിച്ചു. ആദ്യ സർക്കാരിന് കിട്ടിയ പിന്തുണ രണ്ടാമത്തെ മന്മോഹൻസിങ് സർക്കാരിന് ഇപ്പോഴില്ല. ഈ പ്രതിസന്ധി മറികടക്കാൻ രാഹുൽഗാന്ധിയെ ഉയർത്തിക്കാട്ടി കോൺഗ്രസ് പ്രചരണത്തിനിറങ്ങിയത് വൈകുകയും ചെയ്തു. അപ്പോഴേക്കും മോദി ബഹുദൂരം മുന്നിലെത്തിയിരുന്നു. പ്രധാനമന്ത്രിയാകാനില്ല എന്ന് അടുത്തകാലംവരെ പറഞ്ഞ രാഹുലിനെ ഇപ്പോൾ അങ്ങനെ ഉയർത്തിക്കാട്ടിയത് ജനങ്ങൾ സ്വീകരിക്കില്ല.

ഇന്ദിരാഗാന്ധിക്കുശേഷം രാജീവ്ഗാന്ധി വന്നപ്പോൾ ജനങ്ങൾ സ്വീകരിച്ചത് നെഹ്‌റു കുടുംബത്തിന്റെ പിൻതുടർച്ച ആഗ്രഹിച്ച് മാത്രമായിരുന്നില്ല. മാറ്റങ്ങൾ പ്രതീക്ഷിച്ചവരും രാജീവിനെ പിന്തുണച്ചു. രാഹുലിന് അതുപോലെ മാറ്റത്തിന്റെ പ്രതീകമായി മാറാനായില്ല. അതിനു ശ്രമിച്ചെങ്കിലും മാറ്റത്തിന്റെ പ്രതിച്ഛായ നിലനിർത്താൻ കഴിഞ്ഞില്ല. രണ്ടാം മന്മോഹൻ സർക്കാരിന്റെ കാലത്തുണ്ടായ അഴിമതികളും മറ്റു പ്രശ്‌നങ്ങളും കാരണം ഏറെ ദുർബലമാണ് കോൺഗ്രസ്സിന്റെ സ്ഥിതി.

  • കേരളത്തിൽ ഇരുമുന്നണികളും ദുർബലം; പക്ഷേ, മൂന്നാമതൊന്നിനെ പറ്റി ജനം ചിന്തിക്കില്ല

കേരളത്തിൽ ഇരുമുന്നണികളും ക്ഷീണത്തിലാണ്. നിരവധി ആക്ഷേപങ്ങൾ രണ്ടുകൂട്ടരും ക്ഷണിച്ചുവരുത്തുന്നു. പക്ഷേ, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനം മൂന്നാമതൊന്നിനെ പരീക്ഷിക്കാൻ തയ്യാറല്ല. കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് ഇക്കാര്യത്തിൽ. ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. 77ൽ നടന്ന തിരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ രാജ്യം വിധിയെഴുതിയപ്പോൾ കേരളത്തിൽ സ്ഥിതി മറിച്ചായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യ ജനതയെ പുറത്താക്കിയപ്പോഴും ഇതായിരുന്നു സ്ഥിതി. അങ്ങനെ ഇരുമുന്നണി സമ്പ്രദായത്തിൽ തളച്ചിടപ്പെട്ടിരിക്കുകയാണ് കേരളം. പക്ഷേ, രണ്ടുമുന്നണികളും ദുർബലമായിക്കൊണ്ടിരിക്കുകയാണ്.


ഇരുമുന്നണികളേയും നയിക്കുന്ന പാർട്ടികൾ പരിശോധിച്ചാൽ അത് വ്യക്തമാകും. 1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി 35% വോട്ടുനേടിയാണ് അധികാരത്തിൽ വന്നത്. സ്വതന്ത്രന്മാരെ നിർത്തിയെങ്കിലും പാർട്ടി തനിച്ചായിരുന്നു മത്സരിച്ചത്. പിന്നീട് പാർട്ടി പിളർന്ന് സിപിഎമ്മും സിപിഐയും ആയെങ്കിലും ഇരുപാർട്ടികൾക്കും ഒരിക്കലും അത്രയും വോട്ട് നേടാൻ കഴിഞ്ഞിട്ടില്ല. പിന്നീട് ഒരുമിച്ചു നിന്നപ്പോഴും അതുതന്നെയാണ് സ്ഥിതി.

കോൺഗ്രസ്സിന്റെ കാര്യവും അങ്ങനെതന്നെ. അവരും ക്ഷീണിക്കുന്നു, കൂടെ നിൽക്കുന്നവരും ക്ഷയിക്കുന്നു. മുസ്‌ളീംലീഗിന്റെ വോട്ട് ഷെയറിൽ കഴിഞ്ഞ മുപ്പതുവർഷമായി ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കേരളാ കോൺഗ്രസ്സിനാണെങ്കിൽ എല്ലാത്തവണയും വോട്ട് കുറയുകയുമാണ്. പല ചെറുകക്ഷികളും പൂർണമായും ഇല്ലാതായി. മറ്റുചിലവ മരണംകാത്തുകിടക്കുന്നു. രണ്ടു മുന്നണിയുടേയും സ്ഥിതി ഇതുതന്നെ.

  • തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടുന്നത് വിവാദങ്ങൾ മാത്രം

ജനങ്ങളുമായി ബന്ധപ്പെട്ട കാര്യമായ ഒരു വിഷയവും ഇവിടെ ചർച്ചചെയ്യപ്പെടുന്നില്ല. ആരോപണങ്ങളും വിവാദങ്ങളും മുൻനിർത്തിയാണ് രാഷ്ട്രീയ, മാദ്ധ്യമ ചർച്ചകൾ നടക്കുന്നത്. ടിപി വധക്കേസ് സിപിഎമ്മിനെതിരെ ആയുധമാകുമ്പോൾ തിരിച്ച് സരിത കേസാണ് പ്രയോഗിക്കപ്പെടുന്നത്. ഇരുമുന്നണികളേയും ഇഷ്ടമില്ലാത്തവരും വോട്ടുചെയ്യുമ്പോൾ ഇതിലേതെങ്കിലുമൊന്നിന്റെ പക്ഷംപിടിക്കാൻ നിർബന്ധിതരാകുന്നു. അവരുടെ ചോയ്‌സും ഇത്രയേയുള്ളൂ. അതുകൊണ്ടാണ് ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന നിലയിൽ രണ്ടുമുന്നണികളും മാറിമാറി കേരളം ഭരിക്കുന്നത്.

പിന്നെ മൂന്നാം സാധ്യതയെന്നു പറയുന്നത് ബിജെപിയാണ്. പക്ഷേ, അവർ പ്രതിനിധാനം ചെയ്യുന്ന സമീപനം കേരളത്തിന് സ്വീകാര്യമല്ല. ഹിന്ദുത്വ സമീപനം ഇവിടെ വിലപ്പോവില്ലെന്നതിനാലാണ് അവർക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തത്. അതുപോലെതന്നെ ആം ആദ്മി, ജമാ അത്തെ ഇസ്‌ളാമിയുടെ വെൽഫെയർപാർട്ടി, എസ്ഡിപിഐ എന്നിവയുടെ കാര്യവും. ആം ആദ്മിക്ക് കേരളത്തിൽ ഡൽഹിയിൽ കിട്ടിയതുപോലെ ഒരു സ്വീകാര്യത കിട്ടിയിട്ടില്ല. അവർക്ക് ആശയപരമായി കൃത്യതയില്ലാത്തതാണ് ഇതിന് കാരണം. അഴിമതിക്കെതിരെ പൊരുതുന്നു എന്നു പറയുമ്പോഴും പാർട്ടി എന്തിനുവേണ്ടിയാണ് എന്ന് വ്യക്തമായി പറയാനാവുന്നില്ല. മൂന്നാമത്തെ ഇടംനേടാൻ അവർക്കും ആവില്ല. പിന്നെ കേരളത്തിന്റെ സ്വഭാവംവച്ചുനോക്കിയാൽ അവർ ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ മറ്റു സ്ഥലങ്ങളിൽ എന്തു നേട്ടമുണ്ടാക്കും എന്നു നോക്കിയാവും അവരെ വിലയിരുത്തുന്നത്.

പിഡിപിയുടെ വേർഷൻ ആവാൻ ശ്രമിക്കുന്ന വെൽഫെയർ, എസ്ഡിപിഐ എന്നീ പാർട്ടികൾക്ക് പക്ഷേ മുന്നേറാനാവില്ല. മറ്റു പിന്നോക്ക, ദളിത്, മുസ്‌ളീം വിഭാഗങ്ങളെ കൂട്ടുപിടിച്ച് മദനി പിഡിപിക്കായി ഉണ്ടാക്കിയെടുത്ത സ്വീകാര്യത ഇവർക്ക് കിട്ടില്ല.