റോം: പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബർട്ടോ എക്കോ(84) അന്തരിച്ചു. നാളുകളായി കാൻസർ രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ മരണം ബി.ബി.സിയാണ് പുറത്തുവിട്ടത്. വടക്കൻ ഇറ്റലിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. നെയിം ഓഫ് ദ റോസ്, ഫുക്കോയുടെ പെൻഡുലം, ദി ഐലൻഡ് ഓഫ് ദ ഡേ ബിഫോർ എന്നിവയാണ് എക്കോയുടെ പ്രധാന കൃതികൾ. ഏതാനും നാളുകൾക്കുമുമ്പ് വരെ സാഹിത്യരംഗത്ത് സജീവമായിരുന്ന എക്കോ, ബാലസാഹിത്യത്തിലും നിരൂപണത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഇറ്റലിയിലെ അലസ്സാന്ദ്രാ എന്ന ചെറുപട്ടണത്തിൽ 1932ലാണ് ജനിച്ചത്. തന്റെ ഭാവനാലോകം വികസിപ്പിക്കുന്നതിൽ മുത്തശ്ശി ഏറെ സ്വാധീനം ചെലുത്തിയിരുന്നതായി എക്കോ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമം പഠിക്കാനായി ടൂറിൻ സർവകലാശാലയിൽ ചേർന്നെങ്കിലും അതുപേക്ഷിച്ച് മധ്യകാല തത്വചിന്തയും സാഹിത്യവും പഠിച്ചു. 1954ൽ തത്വചിന്തയിൽ ഡോക്ടറേറ്റ് നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തീക്ഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായി അറിയപ്പെട്ടിരുന്നു എക്കോ. എന്നാൽ പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വിദ്യാഭ്യാസം പൂർത്തിയാക്കിയ എക്കോ ആദ്യം തെരഞ്ഞെടുത്തത് പത്രപ്രവർത്തനമായിരുന്നു. ഇറ്റാലിയൻ സർക്കാർ ടെലിവിഷനിൽ ജോലിയാരംഭിച്ച ഇദ്ദേഹം കോളമിസ്റ്റ് എന്ന നിലയിലും പ്രസിദ്ധനായിരുന്നു. പിന്നീട് അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായി. ചിഹ്നശാസ്ത്രത്തിൽ ശ്രദ്ധയൂന്നുന്നതും ഇക്കാലത്താണ്. ഈ വിഷയത്തിൽ 1968ൽ എഴുതിയ പുസ്തകം പിന്നീട് 1976ൽ, എ തിയറി ഓഫ് സെമിയോട്ടിക്‌സ് എന്ന പേരിൽ പേരിൽ പ്രസിദ്ധീകരിച്ചു. 1971ൽ യൂറോപ്പിലെ ബൊളോഞ്ഞാ യൂണിവേഴ്‌സിറ്റിയിൽ പ്രതീകശാസ്ത്രത്തിന്റെ ആദ്യത്തെ പ്രഫസർ ആയി നിയമിതനായി.

1970കളുടെ അവസാനത്തിലാണ് 'ഇൻ ദ നെയിംഓഫ് റോസ്' എന്ന നോവൽ പുറത്തുവന്നത്. പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവൽ എന്ന വിശേഷണത്തിനും അർഹമായിരുന്ന നോവൽ വലിയ വിജയമാണ് നേടിയത്. മദ്ധ്യകാലങ്ങളുടെ അവസാനത്തിൽ ഇറ്റലിയിലെ ബെനഡിക്റ്റൻ സന്യാസാശ്രമങ്ങളിലൊന്നിൽ നടന്നതായി കരുതുന്ന കൊലപാതകപരമ്പരയുടെ അന്വേഷണമാണ് ഈ കൃതിയുടെ പ്രമേയം. നോവലിന്റെ ഒരുകോടിയിലേറെ പ്രതികളാണ് ലോകത്താകമാനം വിറ്റഴിഞ്ഞത്. പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരവും ജനപ്രീതി നേടി. എങ്കിലും പിന്നീടെഴുതിയ നോവലുകളൊന്നും ചലച്ചിത്രമാക്കാൻ എക്കോ അനുമതി നൽകിയില്ല.

1988ലാണ് രണ്ടാമത്തെ നോവലായ 'ഫുക്കോയുടെ പെൻഡുലം' പ്രസിദ്ധീകരിച്ചത്. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പരീക്ഷണത്തിലൂടെ കാണിക്കാൻ ഫ്രഞ്ച് ഊർജ്ജതന്ത്രജ്ഞൻ ലിയോൺ ഫുക്കോ രൂപകല്പന ചെയ്ത ഉപകരണത്തിന്റെ പേരായിരുന്നു എക്കോ നോവലിന് നൽകിയത്. സാഹിത്യലോകത്ത് ആ നോവലിനും ഒരു വൻ സ്വീകാര്യതയാണ് ലഭിച്ചത്. 1995ൽ 'ഐലന്റ് ഓഫ് ദ ഡേ ബിഫോർ' എന്ന മൂന്നാമത്തെ നോവലും 2000ൽ നാലാമത്തെ നോവലായ 'ബൗഡോളിനോ'യും പ്രസിദ്ധീകരിച്ചു.