റ്റലിയിലെ ഫാറിൻഡോളയിലെ റിഗോപിയാനോയിൽ മഞ്ഞ് മലയിടിഞ്ഞ് മൂടിപ്പോയ ഹോട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ത്വരിത ശ്രമങ്ങൾ നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ അപകടത്തിൽ ഇതുവരെയായി നാല് പേരാണ് മരിച്ചിരിക്കുന്നത്. ഇവിടെ ജീവന്റെ സ്പർശം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് സൂചന. അപകടത്തെ തുടർന്ന് രക്ഷപ്പെടാനായി ഹോട്ടൽ മുറികളിലെ മേശക്കടിയിലും മറ്റും പതുങ്ങി ഇരുന്ന 13 പേരെ രണ്ടാം ദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇനിയും ഹോട്ടലിൽ നിന്നും ജീവനുകളെ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ രാപ്പകൽ യത്നിക്കുന്നത്. ഇത്തരത്തിൽ അപകടം വിതച്ച ഞെട്ടലിനിടയിലും ഇറ്റലിയിൽ നിന്നും കേൾക്കുന്നത് ആശ്വാസത്തിന്റെ വാക്കുകളാണ്.

ഹോട്ടലിൽ നിന്നും രക്ഷിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ബുധനാഴ്ചയായിരുന്നു ഹോട്ടലിന് മുകളിലേക്ക് അപ്രതീക്ഷിതമായി മഞ്ഞ് മലയിടിഞ്ഞ് വീണത്. ഹോട്ടലിന്റെ അടുക്കളയിൽ രക്ഷപ്പെട്ട് കഴിഞ്ഞിരുന്ന 10 പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയവരിൽ അഡ്രിയാൻ പരെട്ട് അവരുടെ പുത്രൻ ഭർത്താവ് ഗിയാൻപിറൊ പരെട്ട് എന്നിവർ ഉൾപ്പെടുന്നു. അപകടം നടന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് കാണാതായവരുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. അഞ്ച് പേരെ സുരക്ഷിതരായി രക്ഷപ്പെടുത്തിയെന്നാണ് ഇന്നലെ രാത്രി സിവിൽ പ്രൊട്ടക്ഷൻ ചീഫായ ഫാബ്രിസിയോ കാരി വെളിപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് 16 പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. മഞ്ഞിനടിയിൽ നിന്നും വലിച്ചെടുത്ത് രക്ഷപ്പെടുത്തുന്നവരെ പെസ്‌കാറ, അക്യുല എന്നീ നഗരങ്ങളിലെ ആശുപത്രികളിലേക്കാണ് കൊണ്ടു പോകുന്നത്. രക്ഷാപ്രവർത്തകർ ഇവിടെ നിന്നും എട്ട് വയസുകാരനായ ഗിയാൻഫിലിപ്പോയെ രക്ഷപ്പെടുത്തിയിരുന്നു.

പരെട്ടിന്റെ ഭാര്യയുടെയും മകന്റെ നില തൃപ്തികരമാണെന്നാണ് അവരെ ചികിത്സിച്ച ഡോക്ടർ പത്രസമ്മേളനത്തിൽവെളിപ്പെടുത്തിയിരിക്കുന്നത്. അവർക്ക് ചെറിയ തോതിൽ ഹൈപ്പോതെർമിയയും നിർജലീകരണവുമുണ്ടെങ്കിലും ജീവന് ഭീഷണിയൊന്നുമില്ല. പരെട്ടിനെ ഡിസ്ചാർജ് ചെയ്തിട്ടുണ്ടെങ്കിലും ഭാര്യയ്ക്കും മകനുമൊപ്പം കഴിയാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. വളരെ ഭയാനകായ സന്ദർഭം താണ്ടിയിരിക്കുന്നതിനാൽ ഇവർക്ക് സൈക്കോളജിക്കൽ സഹായം നൽകി വരുന്നുണ്ടെന്നും ഡോക്ടർ പറയുന്നു. ഇവരുടെ പുത്രിയായ ആറ് വയസുകാരി ലുഡോവിക രക്ഷാപ്രവർത്തകർ രക്ഷിച്ച കുട്ടികളിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന. ഹോട്ടലിൽ അകപ്പെട്ട നാല് കുട്ടികളെയും നിലവിൽ രക്ഷിക്കാൻ സാധിച്ചിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിലൊരു കുട്ടി രക്ഷപ്പെടുത്തിയ ഉടൻ ബിസ്‌കറ്റിന് ആവശ്യപ്പെട്ടിരുന്നു.

അടുക്കളയിൽ രക്ഷപ്പെട്ട് കഴിഞ്ഞിരുന്ന സംഘം ചൂട് നിലനിർത്താനായി അവിടെ തീ കത്തിക്കുകയും അടുക്കളയിലെ കപ്ബോർഡിൽ നിന്നും ഭക്ഷണം കണ്ടെത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നാല് നിലകളുള്ള ഹോട്ടലിന്റെ ബാർ, ബില്യാർഡ്സ് ഏരിയകളിലും ചിലർ രക്ഷപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു. എഡ്വാർഡോ ഡി കാർലോ എന്ന എട്ട് വയസുകാരനും അവന്റെ മാതാപിതാക്കളായ സെബാസ്റ്റിനോയും നദിയയും ഉൾപ്പെടുന്നു. ഇവർ രക്ഷപ്പെട്ടത് അത്യൂഭ്തമാണെന്നാണ് കുട്ടിയുടെ അപ്പൂപ്പനായ ഗിയോവാന്നി ഡി കാർലോ കഴിഞ്ഞ രാത്രി പ്രതികരിച്ചിരിക്കുന്നത്. ചിലരെ രക്ഷപ്പെടുത്തിയപ്പോൾ അവർക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്.

അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ചിലയിടങ്ങളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടിരുന്നുവെന്നാണ് ജിഡിഎഫ് ഫിനാൻഷ്യൻ പൊലീസിന്റെ മൗണ്ടയിൻ റെസ്‌ക്യൂ വിംഗിലെ ഓഫീസറായ മാർകോ ബിനി വെളിപ്പെടുത്തുന്നത്. ഇത്തരം ഇടങ്ങളിൽ തങ്ങൾ കുഴിച്ച് പരിശോധിക്കുകയും ചിലയിടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആളുകളെ ജീവനോടെ കണ്ടെത്തുമ്പോൾ അത്യധികമായ തൃപ്തിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അപകടം നടന്നതിനെ തുടർന്ന് കാണാതായവരിൽ ഹോട്ടൽ തൊഴിലാളിയായ ഇമാനുവലെ ബോനിഫാസിയും ദമ്പതികളായ ജെസീക്ക തിനാരിയും മാർകോ ടാൻഡയും ഉൾപ്പെടുന്നു.