ഗുജറാത്തിൽലുണ്ടായ ആക്രമണത്തിനു പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രീയക്കാരനെന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഗൗരവത്തിലെടുക്കാത്ത സ്ഥിതിക്ക് തങ്ങൾ എന്തിന് ഇത്തരമൊരു ആക്രമണം നടത്തണമെന്ന് ബിജെപി.

ഗുജറാത്തിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും കോൺഗ്രസ്-ബിജെപി വാക്‌പോര് തുടരുന്നു.

തനിക്കെതിരെ കല്ലെറിഞ്ഞത് ബിജെപി പ്രവർത്തകരാണെന്ന് രാഹുൽ വ്യക്തമാക്കി. ഈ കല്ല് തനിക്കു സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥന്റെ ദേഹത്താണ് പതിച്ചത്. മോദിയുടെയും ബിജെപിയുടെയും ആർഎസ്എസ്സിന്റെയും രാഷ്ട്രീയ പ്രവർത്തന ശൈലിയാണിത്. ഇതേക്കുറിച്ച് കൂടുതൽ എന്തു പറയാനാണ്? അവരു തന്നെ ആക്രമണം നടത്തിയ സ്ഥിതിക്ക് ഈ ആക്രമണത്തെ അപലപിക്കേണ്ട കാര്യം പോലും ബിജെപിക്കില്ല രാഹുൽ പറഞ്ഞു.

രാഹുലിനെതിരെ മുദ്രാവാക്യം വിളിക്കാൻ ശ്രമിച്ചയാളെ സുരക്ഷാസേനയും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടയുന്നു
അതേസമയം, രാഹുൽ ഗാന്ധിക്കു നേരെ ഉണ്ടായെന്നു പറയപ്പെടുന്ന കല്ലേറിന്റെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. കല്ലേറിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ രാഷ്ട്രീയ നാടകം കളിക്കുകയാണ് കോൺഗ്രസ് എന്നും ബിജെപി കുറ്റപ്പെടുത്തി.

ഗുജറാത്തിലെ തങ്ങളുടെ ജനപ്രതിനിധികളെ അവരുടെ മണ്ഡലങ്ങൾ സന്ദർശിക്കാനോ ജനങ്ങളുമായി ഇടപഴകാനോ അനുവദിക്കാതെ ഒളിപ്പിച്ചുവച്ചിരിക്കുന്നവരാണ് കോൺഗ്രസുകാരെന്നും ബിജെപി നേതാവ് ജി.എൽ.വി. നരസിംഹറാവും ചൂണ്ടിക്കാട്ടി. ഏതു രാഷ്ട്രീയ പാർട്ടിക്കുമെതിരായ ആക്രമണങ്ങൾ അപലപനീയമാണെന്ന് സമ്മതിച്ച റാവു, രാഹുലിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലവും കാരണവും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നത് ബിജെപിയുടെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാരനെന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഗൗരവത്തിലെടുക്കാത്ത ബിജെപി, അദ്ദേഹത്തെ എന്തിന് ആക്രമിക്കണമെന്നും റാവു ചോദിച്ചു. തങ്ങളുടെ എംഎൽഎമാരെ കർണാടകയിൽ ഒളിപ്പിച്ച കോൺഗ്രസിന്റെ നേതാവിനോട് ജനങ്ങൾക്കുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാകും ഈ ആക്രമണമെന്നും റാവു അഭിപ്രായപ്പെട്ടു.

വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നിമിത്തം സംസ്ഥാനത്തെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ, ജനപ്രതിനിധികൾ കർണാടകയിൽ അത്യാഢംബരത്തിൽ കഴിയുകയാണെന്നും റാവു കുറ്റപ്പെടുത്തി.

ഗുജറാത്തിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുനേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിൻഭാഗത്തെ ജനൽച്ചില്ല് കല്ലേറിൽ പൊട്ടി. മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന രാഹുൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

അംഗരക്ഷകരായ കമാൻഡോകളിൽ ചിലർക്കു പരുക്കുണ്ട്. അഹമ്മദാബാദിൽ നിന്ന് ഇരുനൂറോളം കിലോമീറ്റർ അകലെ ബനാസ്‌കാന്തയിലെ ധനേറയിലായിരുന്നു സംഭവം. രാജ്യത്തെ ഏറ്റവും ഉയർന്ന, സെഡ് പ്ലസ് സുരക്ഷയുള്ള രാഹുൽ ഗാന്ധിക്കു നേരെയാണ് ആക്രമണം നടന്നത്.