കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചന കേസിൽ പെട്ട് അറസ്റ്റിലായ നടൻ ദിലീപ് ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ദിവസം 60 പിന്നിട്ടു. മൂന്ന് തവണ കോടതിയെ സമീപിച്ചിട്ടും താരത്തിന് കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. 90 ദിവസം പൂർത്തിയാകും മുമ്പ് കേസ് അന്വേഷണത്തിന്റെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതിന് മുമ്പായി താരത്തിന് ജാമ്യം ലഭിച്ചില്ലെങ്കിൽ അത് ദിലീപെന്ന നടനെ സംബന്ധിച്ചടത്തോളം അഭിനയ രംഗത്തെ ചരമക്കുറിപ്പ് തന്നെയാകും. രണ്ട് തവണ ഹൈക്കോടതി ദിലീപിന്റെ കേസ് പരിഗണിച്ചപ്പോഴും താരത്തിന് അനുകൂലമായി യാതൊരു പരാമർശവും കോടതിയിൽ നിന്നും ഉണ്ടായിരുന്നില്ല. ഇതിന് കാരണം ദിലീപിന് കേസിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്. ഇതോടൊപ്പം തന്നെ അവസാന വട്ടം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളാനുള്ള കാരണം ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ നടൻ ദിലീപിന്റെ പേര് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദിലീപിനെതിരേ ഏറ്റവും പ്രബലമായ തെളിവായി കോടതി കാണുന്നതും ഇതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ദിലീപിന്റെ ജയിൽ മോചനത്തിനു പ്രധാന തടസവും ഇതുതന്നെയാണെന്നാണു വിലയിരുത്തൽ. താൻ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നൽകിയെന്നാണു സൂചന. തന്നെ സിനിമയിൽ നിന്നും മാറ്റിനിർത്താൻ ശ്രമിച്ചത് ദിലീപാണെന്ന് അവർ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ദിലീപിന് തന്നോട് വൈരാഗ്യം ഉണ്ടാകാനുള്ള കാരണം വ്യക്തമാക്കി അവർ മൊഴിയും നൽകിയതാണ് താരത്തിന് വിനയായതെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ട് തന്നെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചാലും അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്ന് വിലയിരുത്തുന്നവരും ഏറെയാണ്.

പീഡിപ്പിക്കുന്നതിന് ക്വട്ടേഷൻ നൽകുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കാനാണു പ്രോസിക്യുഷൻ നീക്കം. ഹൈക്കോടതിയിൽ ആദ്യമായി ജാമ്യാപേക്ഷ നൽകിയ വേളയിൽ ഡൽഹിയിൽ നടന്ന നിർഭയ കേസിന് സമാനമാണ് ഈ കേസെന്ന വാദമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. ഇതിനെ ശരിവെക്കുന്ന വിധത്തിൽ കോടതിയുടെ തീരുമാനവും വന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജാമ്യം കീറാമുട്ടിയാണെന്നാണു ദിലീപിന്റെ അഭിഭാഷകർക്കും ബോധ്യമുണ്ട്.
.
കാര്യങ്ങൾ ദിലീപിലേക്കു മാത്രം നീങ്ങുന്ന രീതിയിലാണു കുറ്റപത്രവും പൊലീസ് തയ്യാറാക്കുന്നത്. നാദിർഷ, അപ്പുണ്ണി, കാവ്യാ മാധവൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ കേസ് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പൊലീസ് കരുതുന്നു. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റമാകും ഇവർക്കുനേരെ തിരിയുക. പ്രധാന പ്രതി പൾസർ സുനി മൂന്നു തവണ ജയിലിൽ നിന്നു നാദിർഷയെ ഫോൺ വിളിച്ചിട്ടുണ്ട്. എന്നാൽ, ഒരു തവണയേ വിളിച്ചുള്ളുവെന്നാണു നാദിർഷായുടെ ആദ്യമൊഴി. വീണ്ടും ചോദ്യം ചെയ്യുമ്പോൾ നാദിർഷ ഇക്കാര്യം സമ്മതിച്ചാൽ പ്രതിയാക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ജയിലിൽ നിന്നു പൾസർ സുനി പലവട്ടം ദിലീപിനെ ഫോൺ വിളിക്കാൻ ശ്രമിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ദിലീപിനെ ഫോണിൽ കിട്ടാതെ വന്നപ്പോഴാണ് നാദിർഷയെയും കാവ്യയുടെ കാക്കനാട്ടെ വസ്ത്ര സ്ഥാപനത്തിലേക്കും വിളിക്കുന്നത്. കാവ്യമാധവനു സംഭവത്തിൽ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നു കാണിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ദിലീപ് അറസ്റ്റിലായപ്പോൾ ദോഷമാകരുതെന്ന ചിന്തയിലും അഭിഭാഷകരുടെ പ്രേരണയാലും ചിലകാര്യങ്ങൾ കാവ്യ മറച്ചുവച്ചതാകാമെന്നും പൊലീസ് കരുതുന്നു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്നും മറ്റാർക്കും സൂചന നൽകാതെ നടത്തിയ നീക്കമായിരുന്നുവെന്നുമാണു പൊലീസിന്റെ നിഗമനം. സംഭവം നടന്നശേഷമാണു മറ്റുള്ളവർ ഇതേപ്പറ്റി അറിയുന്നതും ദിലീപുമായി അടുപ്പമുള്ളവർ എന്ന നിലയിൽ സംശയത്തിന്റെ നിഴലിലാവുന്നതും.

നാദിർഷയെ ചോദ്യം ചെയ്ത ശേഷം കാവ്യയേയും ചോദ്യം ചെയ്യും. പൊലീസ് ക്ലബ്ബിൽ എത്താൻ കഴിയില്ലെന്ന് കാവ്യ അറിയിച്ചതായാണു വിവരം. അങ്ങനെയെങ്കിൽ വീട്ടിലെത്തി ചോദ്യം ചെയ്യാനിടയുണ്ട്. നാദിർഷാ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ ഇരുവരെയു കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യും. കാവ്യയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കാനാണ് സാധ്യത കൂടുതൽ. ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഫയൽ ചെയ്യും. അന്വേഷണം അന്തിമഘട്ടത്തിലായതും കുറ്റപത്രം നൽകാത്തതും ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ നൽകുക.

ദിലീപിന്റെ മാനേജർ അപ്പുണ്ണിയും കേസിൽ പ്രതിയാകാനാണ് സാധ്യത. ഇവരെ മൂന്നു പേരേയും കേസിൽ അവസാന പ്രതികളാക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസിൽ മൊത്തം 16 പ്രതികളാകും ഉണ്ടാവുകയെന്നാണ് സൂചന. ഇതിൽ പൾസർ സുനിയും കുറ്റകൃത്യത്തിന് ഒപ്പമുള്ളവരും ദിലീപും ഗൂഢാലോചന അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടേണ്ടി വരും. ബാക്കിയുള്ളവർക്ക് പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനും നിയമനടപടി വരിക.

തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണെന്ന് പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ നടി ആക്രമിച്ച സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മൊഴിയിൽ പകുതി മാത്രമേ പൊലീസ് വിശ്വസിക്കുന്നുള്ളൂ. നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനി രണ്ടു മാസം കാവ്യയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. പൾസർ സുനി നൽകിയ മൊഴിയിൽ താൻ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നൽകിയ മൊഴി. ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കിൽ കാവ്യാ മാധവൻ പൾസർ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യ, പൾസർ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പൾസറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളാകും പൊലീസ് ഉന്നയിക്കുക.