- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിലെ 62 പഞ്ചായത്തുകളിൽ എസ്ഡിപിഐ- എൽഡിഎഫ് ധാരണയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്; മമ്പാട് ആർ എസ് എസുകാരന് ലീഗ് സീറ്റ് കൊടുത്തതും, കാസർഗോട്ടെ ലീഗ്-ബിജെപി ബാന്ധവവും ചർച്ചയാകുന്നത് തടയാനുള്ള നീക്കമെന്ന് പറഞ്ഞ് തിരിച്ചടിച്ചു എസ്ഡിപിഐയും
മലപ്പുറം: മലബാറിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ലീഗ്-എസ്.ഡി.പി.ഐ പോര്. മലബാറിൽ 62 തദ്ദേശ സ്ഥാപനങ്ങളിൽ സിപിഎം-എസ്ഡിപിഐ ധാരണയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവന പുറത്തുവന്നതോടെ ലീഗ് ആർ.എസ്.എസ് കൂട്ടുകെട്ടാണെന്ന ആരോപണവുമായി എസ്.ഡി.പി.ഐയും രംഗത്തുവന്നതു.
62 തദ്ദേശ സ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐ-എൽ.ഡി.എഫ് പരസ്പര സഹായമുണ്ട്. അവസാന ഘട്ടത്തിൽ യാഥാർഥ്യമായ പ്രാദേശിക രഹസ്യധാരണക്ക് പിന്നിൽ കണ്ണൂരിലെ സിപിഎം നേതാക്കളുടെ ഇടപെടലാണെന്നും കെ പി എ മജീദ് ആരോപിച്ചു. നാല് ജില്ലകൾ പോളിങ് ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോഴാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയത്.
മുസ്ലിം ലീഗിന് വെൽഫെയർ പാർട്ടിയുമായി സ്വകാര്യ ബന്ധമില്ല. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റുകൾ ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിക്കും. പാർട്ടിക്ക് എത്ര വലിയ ശക്തി ഉണ്ടെങ്കിലും സ്വന്തം ചിഹ്നത്തിൽ മത്സരിക്കാതെ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സിപിഎം നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി എൽഡിഎഫിന് ബന്ധം ഉണ്ടായിരുന്നു. അത് ആരെങ്കിലും അറിഞ്ഞോ. മുസ്ലിം ലീഗ് ചെയ്യുന്നതെല്ലാം പരസ്യമായിരിക്കും. അത് തങ്ങൾ ഒളിച്ചുവെക്കാറില്ലെന്നും എല്ലാം വോട്ടർമാരോടു പറയാറുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.
കണ്ണൂരിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളാണ് എസ്ഡിപിഐ-സിപിഎം ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ ആരോപണത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി മലപ്പുറത്ത് പറഞ്ഞു. മമ്പാട് ആർ എസ് എസുകാരന് സീറ്റ് കൊടുത്തതും
കാസർഗോഡ് ജില്ലയിലെ ബിജെപി ബാന്ധവവും സജീവ ചർച്ചയാകുന്നത് തടയാനാണ് മറ്റൊരു വിവാദം സൃഷ്ടിക്കാൻ ലീഗ് നേതാവ് വൃഥാ ശ്രമം നടത്തിയത്.
കെപിഎ മജീദ് എടുത്ത് പറഞ്ഞ കണ്ണൂർ ജില്ലയിലെ രണ്ട് വാർഡുകളിലും എസ്ഡിപിഐ സ്ഥാനാർത്ഥികൾ ശക്തമായി മൽസര രംഗത്തുണ്ട്. നാദാപുരത്തെ ഒരു വാർഡിൽ എൽഡിഎഫ് പിന്തുണക്കുന്ന പൂർണ്ണ സ്വതന്ത്രയായ ഒരു സ്ഥാനാർത്ഥിക്ക് എസ്ഡിപിഐ പിന്തുണ നൽകുന്നുവെന്നത് യാദാർഥ്യമാണെന്നും മജീദ് ഫൈസി വ്യക്തമാക്കി.
എല്ലായിടത്തും തനിച്ച് മൽസരിക്കുന്ന എസ്ഡിപിഐക്ക് ഈ തെരഞ്ഞെടുപ്പിലുണ്ടാകാൻ പോകുന്ന മുന്നേറ്റത്തിന്റെ തെളിച്ചം കുറക്കുകയെന്ന ദുരുദ്ദേശവും പുതിയ ആരോപണങ്ങളുടെ പിന്നിലുണ്ട്. സിപിഎമ്മിനെയും കോൺഗ്രസിനെയും ബിജെപിയെ പോലെ കാണുന്നില്ലെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.