- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പിൽ മജീദിന് സീറ്റ് നൽകിയാൽ തനിക്കും വേണം; പഴയ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ലക്ഷ്യംവെക്കുന്നത് സ്വന്തംതട്ടകമായ പെരിന്തൽമണ്ണ തന്നെ; ലീഗിന്റ പഴയ പടക്കുതിരികൾക്കെല്ലാം മത്സരിക്കാൻ മോഹം
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന് സീറ്റ് നൽകുകയാണെങ്കിൽ പഴയ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിക്കും അങ്കത്തിനിറങ്ങാൻ ആഗ്രഹം. പഴയ വിദ്യാഭ്യാസ മന്ത്രികൂടിയായ സൂപ്പി ലക്ഷ്യംവെക്കുന്നത് സ്വന്തംതട്ടകമായ പെരിന്തൽമണ്ണയിൽ തന്നെ. നിലവിലെ പെരിന്തൽമണ്ണ എംഎൽഎ മഞ്ഞളാംകുഴി അലി മണ്ഡലം മാറാനോ, മത്സരിക്കാതിരിക്കാനോയുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് സൂപ്പിയും സൂപ്പിയെ അനുകൂലിക്കുന്നവരും ഇക്കാര്യം പാണക്കാട് അറിയച്ചതെന്നാണ് വിവരം. പെരിന്തൽമണ്ണയിൽ അലി മാറുന്നതോടെ മണ്ഡലത്തിന് പുറത്തു നിന്ന് മറ്റാരെയും സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പെരിന്തൽമണ്ണ യിലെ ലീഗ് പ്രവർത്തകർക്കുള്ളത്.
അതോടൊപ്പം നേരത്തെ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ പരാജയം അറിഞ്ഞ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് മത്സരിക്കുകയാണെങ്കിൽ സൂപ്പിയെയും പരിഗണിക്കണം എന്നാണ് സൂപ്പിയെ അനുകൂലിക്കുന്നവർ പറയുന്നത്. അലിയില്ലെങ്കിൽ സൂപ്പി യല്ലാത്തവർക്കു മണ്ഡലത്തിലെ വിജയം എളുപ്പമാവില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഷ്‌റഫലിയുടെ പേരും മണ്ഡലത്തിൽ പറഞ്ഞുകേട്ടിരുന്നെങ്കിലും മണ്ഡലത്തിനു പുറത്തുനിന്നായതും സൂപ്പിവിഭാഗം ചൂണ്ടിക്കാട്ടുന്നു.
1957-ൽ മണ്ഡലം രൂപീകരിച്ചതുമുതൽ പെരിന്തൽമണ്ണ ഇടതുപക്ഷത്തായിരുന്നു. സിപിഐയിലെ പി ഗോവിന്ദൻ നമ്പ്യാർ, ഇ പി ഗോപാലൻ, സിപിഐഎം സ്ഥാനാർത്ഥിയായി പാലോളി മുഹമ്മദ്കുട്ടി എന്നിവർ മത്സരിച്ച് തുടർച്ചയായി നിയമസഭയിലെത്തി. 1977-ലെ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെകെഎസ് തങ്ങളാണ് പെരിന്തൽമണ്ണ പിടിച്ചത്. പത്തുവർഷം കെകെഎസ് തങ്ങളും തുടർന്ന് 26 വർഷം നാലകത്ത് സൂപ്പിയും വിജയിച്ചു. ലീഗിലെ പ്രാദേശിക വിഭാഗീയത മുതലെടുത്ത് 2006ൽ വി ശശികുമാറിലൂടെ ഇടതുപക്ഷം അട്ടിമറി വിജയം നേടി. 1980-മുതൽ പെരിന്തൽമണ്ണയിൽ മത്സരിച്ചിരുന്ന നാലകത്ത് സൂപ്പിയെ മാറ്റി പി. അബ്ദുൽ ഹമീദ് മാസ്റ്ററെ പരീക്ഷിച്ചതോടെയായിരുന്നു തോൽവി.
നേരത്തെ മങ്കട യിൽ കെ പി എ മജീദിനെയും എം കെ മുനീറിനെയും പരാജയപ്പെടുത്തിയ മഞ്ഞളാംകുഴി അലി 2011-ൽ ഇടതുപക്ഷം വിട്ടെത്തി ലീഗ് സ്ഥാനാർത്ഥി യായെത്തിയാണ് മണ്ഡലം തിരിച്ചു പിടിച്ചത്. അലി മന്ത്രിയുമായി. 2016 ൽ മണ്ഡലത്തിൽ രണ്ടാം മത്സരത്തിൽ 1000 ൽ താഴെ ഭൂരിപക്ഷമാണ് അലിക്ക് കിട്ടിയിരുന്നത്. പെരിന്തൽമണ്ണ മുൻ എംഎൽഎ ആയിരുന്ന കെ. കെ.എസ് തങ്ങളുടെ മകനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യും നിലവിൽ കോട്ടക്കൽ മണ്ഡലത്തിലെ എം എൽ എ യുമായ കെ കെ ആബിദ് ഹുസൈൻ തങ്ങളെ ഇവിടെ സ്ഥാനാർത്ഥി ആക്കണമെന്നും ഒരു വിഭാഗത്തിനു അഭിപ്രായം ഉണ്ട്.
ഇതിനു മണ്ഡലത്തിൽ പൊതു സ്വീകാര്യത ലഭിക്കുമെന്നും ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു. നേരത്തെ മത്സരത്തിന് കളമൊരുക്കിയിരുന്നു പി. കെ. കുഞ്ഞാലിക്കുട്ടി യുടെ വിശ്വസ്ഥനായ എ. കെ. മുസ്തഫ കാര്യങ്ങൾ സുഖകരം അല്ലെന്നു കണ്ടു ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പെരിന്തൽമണ്ണ യിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിക്കഴിഞ്ഞു.