കോഴിക്കോട്: ബംഗ്ലാദേശ് തീവ്രവാദി ആക്രമണത്തിന് പ്രേരണയായെന്ന ആരോപണം ഉയർന്ന മുംബൈയിലെ വിവാദ മുസ്ലിം പ്രഭാഷകന് പിന്തണയുമായി മുസ്ലിംലീഗും എസ്ഡിപിഐയും രംഗത്തെത്തി. സാക്കിർ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്ന് കോഴിക്കോട് നടന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളത്തിൽ ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. സാക്കിർ നായികിനെ പിന്തുണച്ച് ലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയവും പാസാക്കി.

സാക്കിർ നായക്കിനെതിരായ നീക്കം അഭിപ്രായസ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവും ഹനിക്കാൻ ശ്രമിക്കാനുള്ളതാണെന്നും മുസ്‌ലിം ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. സാക്കിർ നായിക്ക് ഇത്രയും കാലം നിഗൂഢ കേന്ദ്രങ്ങളിൽ അല്ലായിരുന്നു. അങ്ങനെ നിഗൂഢ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയുമല്ല അദ്ദേഹം. മുൻവിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ സാക്കിർ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. നിരവധി പ്രസംഗങ്ങൾ നടത്തുകയും പുസ്തകങ്ങൾ എഴുതുകയും ചെയ്ത വ്യക്തിയാണ് നായിക്ക്. ഇസ്‌ലാമിലെ സമാധാനസിദ്ധാന്തത്തിന്റെ പ്രചാരകനാണ് അദ്ദേഹം. യാതൊരു സാഹചര്യത്തിലും മറ്റുള്ള മതത്തിൽപ്പെട്ടവരെ ആക്രമിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഭീകരവാദത്തെ ശക്തമായി എതിർത്ത ഒരു വ്യക്തിയെ, ഭീകരവാദത്തിന്റെ പ്രോത്സാഹകനായി അവതരിപ്പിക്കുന്ന വളരെ വിചിത്രമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇ.ടി. മുഹമ്മദ് ബഷീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാക്കിർ നായിക്ക് ഐസിസിനെ എതിർത്തു കൊണ്ട് സംസാറിക്കുന്നതിന്റെ വീഡിയോയും ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. അതേസമയം പാലക്കാട്ടു നിന്നും കാണാതാവര്ക്ക് സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ലീഗ് നേതൃത്വം നായിക്കിന് പിന്തുണച്ച് രംഗത്തെത്തിയത്. മുസ്ലിം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ മൂജാഹിദ് വിഭാഗങ്ങൾക്കിടയിൽ കനത്ത സ്വാധീനമുള്ള മത പ്രചാരകനാണ് സാക്കിർ നായിക്. അതുകൊണ്ട് തന്നെയാണ് ലീഗ് നേതാക്കൾ സാക്കിർ നായിക്കിനെ പിന്തുണച്ച് രംഗത്തെത്തിയതും.

ഈസയും സഹോദരൻ യഹിയയും നായിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് പിതാവ് വിൻസന്റാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. പഠനകാലത്തുതന്നെ ഈസയ്ക്കും യഹിയയ്ക്കും സാക്കിറുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഈസയും യഹിയയും മതം മാറ്റാനായി സഹോദരി ഭർത്താവിനെയും മുംബൈയിൽ കൊണ്ടുപോയിരുന്നു. പക്ഷെ അയാൾ വിസമ്മതിച്ചു. പ്രാർത്ഥനയ്ക്കിടെ മൂന്നുതവണ തന്റെ കണ്ണിൽനോക്കാൻ സാക്കിർ നായിക്ക് ആവശ്യപ്പെട്ടു. എന്നാൽ മരുമകൻ ഇതിനു വഴങ്ങിയില്ല. എന്താണ് കണ്ണിൽ നോക്കാത്തതെന്നു ചോദിച്ചപ്പോൾ 'എനിക്ക് നിങ്ങളുടെ കണ്ണിൽ നോക്കണ്ട' എന്നു മറുപടി പറഞ്ഞു. ഇങ്ങനെ മൂന്നു തവണ കണ്ണിൽ നോക്കിയാൽ മുസ്‌ലിം ആകുമെന്നും പഴയ കാര്യങ്ങൾ മറക്കുമെന്നും യഹിയയും ഈസയും പറഞ്ഞതായി വിൻസന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

അവസാനമായി വീട്ടിൽനിന്നു പോകുമ്പോൾ, നീട്ടിവളർത്തിയ താടി മുറിച്ച് അവർ രൂപമാറ്റം വരുത്തിയിരുന്നു. മെയ്‌14,15 തീയതികളിലാണ് പോയത്. ശ്രീലങ്കയിൽ ബിസിനസ് ചെയ്യാൻ പോകുന്നുവെന്നും ആരു ചോദിച്ചാലും വിദേശത്ത് ബിസിനസ് ആവശ്യത്തിനായി പോയെന്നു പറയണമെന്നും നിർദേശിച്ചു. ഈസയും യഹിയയും ഭാര്യമാരും തുടരെ യാത്രചെയ്തിരുന്നു. എന്നാൽ യാത്രയുടെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ലെന്നും വിൻസന്റ് പറഞ്ഞു.

അതി നിടെ സാക്കിർ നായിക്കിനെ പിന്തുണച്ച് എസ്ഡിപിഐ രംഗത്തെത്തി. സാക്കിർ നായിക്ക് വിദ്വേഷം പ്രചരിപ്പിക്കുകയോ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എസ്ഡിപിഐ പറഞ്ഞു. മാദ്ധ്യമങ്ങളിലെ തങ്ങളുടെ സഹായികളെ വച്ച് കാവിസേന നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോൾ സാക്കിർ നായിക്കിനെതിരെ നടക്കുന്നത്. മാദ്ധ്യമങ്ങളുടെ സഹായത്തോടെ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും പീസ് ടിവിക്കും എതിരെ സർക്കാർ അക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അന്വേഷണം പോലും നടത്താതെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ് എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ധാക്കയിൽ ആക്രമണം നടത്തിയ ഭീകരന് പ്രചോദനമായത് സാക്കിറിന്റെ പ്രസംഗമാണെന്ന ആരോപണത്തെ തുടർന്നാണ് സാക്കിർ നായിക്ക് സംശയത്തിലായത്. മുംബൈ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോൾ സൗദിയിലുള്ള സാക്കിർ നാളെ മുംബൈയിലെത്തും. അതേസമയം സാക്കിർനായിക്കിനെ പിന്തുണയ്ക്കാനുള്ള ലീഗ് നീക്കം അപകടകരമാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.